ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബംഗളൂരുവിലും 21 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (ഐ.ഐ.ടികൾ) 2025 -26 അധ്യയനവർഷത്തെ വിവിധ മാസ്റ്റേഴ്സ്/ പി.ജി പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2025) ​ഫെബ്രുവരി രണ്ടിന് ഞായറാഴ്ച നടത്തും. രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് പരീക്ഷ. ഐ.ഐ.ടി ഡൽഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം എട്ടു മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്. മുൻഗണനക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴ് പേപ്പറുകളാണുള്ളത്. ഒരാൾക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം. മൾട്ടിപ്ൾ ചോയ്സ്, മൾട്ടിപ്ൾ സെലക്ട് ന്യൂമെറിക്കൽ ആൻസർ ടൈപ് 60 ചോദ്യങ്ങളുണ്ടാവും. 100 മാർക്കിനാണ് പരീക്ഷ. സമയം മൂന്നു മണിക്കൂർ. പരീക്ഷ ഘടനയും സിലബസും കോഴ്സുകളും സെലക്ഷൻ നടപടികളുമടക്കം ജാം-2025 വിവരണ പത്രിക https://jam2025.iitd.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അക്കാദമിക് മികവോടെ ശാസ്ത്ര -സാ​ങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ജാം-2025 അഭിമുഖീകരിക്കാവുന്നതാണ്. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വെബ്സൈറ്റിലുണ്ട്.

അപേക്ഷഫീസ് ഒറ്റ പേപ്പറിന് 1800 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് 900 രൂപ, രണ്ട് ടെസ്റ്റ് പേപ്പറുകൾക്ക് യഥാക്രമം 2500, 1250 രൂപ എന്നിങ്ങനെ ഫീസ് നൽകേണ്ടതാണ്. 2024 സെപ്റ്റംബർ മൂന്നു മുതൽ ഒക്ടോബർ 11 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ജാം അഡ്മിറ്റ് കാർഡുകൾ ജനുവരി ആദ്യം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പരീക്ഷയിൽ പ​ങ്കെടുക്കാം. ഫലം മാർച്ച് 16ന് പ്രസിദ്ധപ്പെടുത്തും. 25 മുതൽ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം. ജാം സ്കോർ നേടിയവർക്കായുള്ള അഡ്മിഷൻ പോർട്ടൽ ഏപ്രിൽ രണ്ടിന് തുടങ്ങും. എം.എസ്‍സി, എം.എസ്‍സി ടെക്, എം.എസ് റിസർച്ച്, എം.എസ്‍സി-എം.ടെക് ഡ്യൂവൽ ഡിഗ്രി, ജോയന്റ് എം.എസ്‍സി- പിഎച്ച്.ഡി, എം.എസ്-പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലാണ് അഡ്മിഷൻ നേടാവുന്നത്. ഐ.ഐ.ടികളിൽ 89 പ്രോഗ്രാമുകളും ഏകദേശം 3000 സീറ്റുകളിലും ഐ.ഐ.എസ്.സി ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളിൽ 2300 സീറ്റുകളിലും പ്രവേശനമുണ്ടാകും.

Tags:    
News Summary - JAM 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.