കോവിഡിനെ പിടിച്ചുകെട്ടി ജീവിതത്തിന്റെ നിറങ്ങൾ തിരിച്ചുപിടിച്ച വർഷമായിരുന്നു 2022. എണ്ണവിലയിലുണ്ടായ വർധന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പുത്തനുണർവാണ് പകർന്നത്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ടൂറിസം മേഖലയിലും പ്രതീക്ഷയുടെ തിരയിളക്കങ്ങൾ ദൃശ്യമാണ്. പുതുവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ 2022ലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം...
ദീർഘകാല വിസ നൽകി
സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ 26പേർക്കുകൂടി ദീർഘകാല വിസ നൽകി. ജനുവരി എട്ടിന് നടന്ന ചടങ്ങിൽ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ്, ബാബിൽ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി. എസ്. മുഹമ്മദ് ബഷീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജനൽ ഹെഡ് കെ. നജീബ്, അൽകറാമ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ കെ. അബ്ദുൽ നാസർ തുടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകർക്കാണ് അധികൃതർ 10 വർഷത്തെ റസിഡൻസി കാർഡുകൾ സമ്മാനിച്ചത്.
ജനുവരി 16ന് 42 പേർക്കുകൂടി ദീർഘകാല വിസ നൽകി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി അസീല ബിൻത് സലേം അൽസംസമിയയാണ് ദീർഘകാല വിസ വിതരണം ചെയ്തത്. മൂന്നാംഘട്ട വിതരണത്തിൽ 17പേർക്ക് പത്തുവർഷത്തേക്കും 25 ആളുകൾക്ക് അഞ്ചു വർഷത്തേക്കുമുള്ള വിസയാണ് നൽകിയത്.
സ്ഥാനാരോഹണ വാർഷികം; രാഷ്ട്രത്തെ അഭിസംബോധനം ചെയ്തു
സ്ഥാനാരോഹണ ചടങ്ങിന്റെ രണ്ടാം വാർഷിക ദിനത്തിൽ ജനുവരി 11ന് സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രത്തെ അഭിസംബോധനം ചെയ്തു. സുൽത്താനേറ്റിനെ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായ നിക്ഷേപം സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും ദേശീയവരുമാനത്തിന്റെയും പ്രധാന സ്തംഭമാണ്. ഇതിനായി ദേശീയ പദ്ധതികളും പറ്റിയ സാഹചര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ പ്രാദേശിക ഫണ്ടുകളിൽ നിക്ഷേപം നടത്തണം. എല്ലാ മേഖലകളിലും നിരവധി നിക്ഷേപ അവസരങ്ങളുണ്ടെന്നും സുൽത്താൻ പറഞ്ഞു.
വിദേശകാര്യമന്ത്രിയുടെ ചൈന സന്ദർശനം
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയുടെ ചൈന സന്ദര്‍ശനം ജനുവരി 14ന് തുടക്കമായി. ഒമാന്‍-ചൈന ഉന്നതതല സമിതി കൂടിക്കാഴ്ചയും നടന്നു. ഇരു സൗഹൃദരാഷ്ട്രങ്ങളും തമ്മില്‍ സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. രാജ്യങ്ങളുടെ പൊതുതാൽപര്യ വിഷയങ്ങളിലെ മേഖലയിലും അന്താരാഷ്ട്രതലത്തിലെ വിവിധ സംഭവങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പുതുവഴികൾ തുറന്ന് വനിത ടാക്സി സർവിസ്
പുതുചരിത്രത്തിലേക്ക് വഴി തുറന്ന് ഒമാനിൽ വനിത ടാക്സി സർവിസിന് ജനുവരി 21ന് തുടക്കമായി. സ്ത്രീകൾക്കും കുട്ടികൾക്കടക്കമുള്ളവർക്ക് ഗുണകരമാകുന്നതായിരുന്നു സർവിസ്. ആദ്യദിനം യാത്രക്കാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. സുരക്ഷിത യാത്രയുടെ സന്തോഷം പലരും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെക്കുകയും ചെയ്തു. പരീക്ഷണ അടിസ്ഥാനത്തിൽ മസ്കത്ത് ഗവർണറേറ്റിലായിരുന്നു ആദ്യ ഘട്ടത്തിൽ സർവിസ്. രാജ്യത്ത് ആദ്യമായാണ് ടാക്സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വെള്ള, പിങ്ക് നിറങ്ങളിലുള്ളതാണ് ടാക്സി. വനിത ടാക്സി സർവിസ് നടത്താൻ ഒ ടാക്സി’ കമ്പനിക്കാണ് ഗതാഗത, വാര്‍ത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.
വൈദ്യുതി നിരക്കില്‍ പരിധി നിശ്ചയിച്ചു
ജനുവരി 27ന് രാജ്യത്തെ പാര്‍പ്പിട ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ പരിധി നിശ്ചയിച്ച് ഒമാന്‍. ഈ വര്‍ഷമുടനീളം 2021 ഡിസംബറില്‍ ചുമത്തിയ വൈദ്യുതി നിരക്ക് മാത്രമാണ് ഈടാക്കുക. പ്രതിവര്‍ഷം രണ്ട് ബൈസയില്‍ കൂടുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവ് കൊണ്ടുവരാനും പാടില്ല. പാര്‍പ്പിട ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന സമയ പരിധി അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഒമാന്‍ വൈദ്യുതി തത്സമയ വിപണി പദ്ധതിയും ആരംഭിച്ചു. ലൈസന്‍സുള്ള വൈദ്യുതി ഉത്പാദന കമ്പനികള്‍ക്ക് തങ്ങളുടെ അധിക വൈദ്യുതി മത്സരാധിഷ്ഠിത വിലയ്ക്ക് വില്ക്കാന് സാധിക്കുന്നതാണ് പദ്ധതി. വൈദ്യുതി സംഭരണം കാര്യക്ഷമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ജുമുഅ നമസ്കാരം നിർത്തിവെക്കാൻ നിർദേശം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാർഥന നിർത്തിവെക്കാൻ ജനുവരി 21ന് സുപ്രീം കമ്മറ്റി നിർദ്ദേശം നൽകി. എന്നാൽ മസ്ജിദുകളിൽ സാധാരണ പ്രാർഥനകൾ നടത്താൻ അനുമതി നൽകിയിരുന്നു. പള്ളികളിൽ 50 ശതമാനം പേർക്ക് മാത്രമായിരിന്നു പ്രവേശനം. ജീവനക്കാരിൽ പകുതിപേർ മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്നും സുപ്രീം കമ്മറ്റി നിർദ്ദേശം നൽകി. ജനുവരി 23 മുതൽ രണ്ടാഴ്ചത്തേക്കായിരിന്നു നിയന്ത്രണം. രാജ്യത്ത് കോവിഡ് കേസുൾ കുതിച്ച് കൊണ്ടിരിക്കുന്ന വേളയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
വിസപുതുക്കും; 60കഴിഞ്ഞവർക്ക് ആശ്വാസം
രാജ്യത്ത് 60വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളുടെ വിസ പുതുക്കി നൽകാൻ ജനുവരി 25ന് തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഒമാനിലെ നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് തൊഴിൽ മന്ത്രാലയത്തിൽ നിന്നുണ്ടായത്. വിസപുതുക്കാൻ കഴിയാതെ നിരവധി ആളുകൾ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ് കഴിയുന്നതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. ജോലി പരിചയമുള്ള ആളുകളെ വിവിധ കമ്പനികൾക്ക് ആവശ്യമായിരുന്നുന്നെങ്കിലും വിസപുതുക്കാൻ സാധിച്ചിരുന്നില്ല.
ലെജൻഡറി ക്രിക്കറ്റ് കിരീടം വേൾഡ് ജയന്റസിന്
രാജ്യത്ത് ആദ്യമായി നടന്ന ലെജൻഡറി ക്രിക്കറ്റ് കിരീടത്തിൽ വേൾഡ് ജയന്റ്സ് കിരീടം ചൂടി. ജനുവരി 29ന് അൽഅമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ ഏഷ്യൻ ലയൺസിനെ പരാജയപ്പെടുത്തിയാണ് വേൾഡ് ജയന്റ്സ് ചാമ്പ്യന്മാരായത്. സ്കോർ: വേൾഡ് ജയന്റ്സ് 256/5, ഏഷ്യ ലയൺസ് 231/8.
മയക്കുമരുന്ന് കടത്ത് തടയാൻ ഇന്ത്യ-ഒമാൻ ധാരണ
വടക്കൻ അറബിക്കടലിൽ വ്യാപകമായ മയക്കുമരുന്ന് കടത്ത് തടയാൻ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഫെബ്രുവരി രണ്ടിന് ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒമാൻ-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതി യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി. സംയുക്ത സൈനിക അഭ്യാസങ്ങൾ, വ്യവസായ സഹകരണം, നിലവിലുള്ള വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും അവലോകനം ചെയ്തു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതി യോഗം ഒമാനിൽ നടത്താനും ധാരണയായി. ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ എല്ലാവശങ്ങളും സമഗ്രമായി അവലോകനം ചെയ്യുന്നതിനും മാർഗനിർദേശം നൽകുന്നതിനുമുള്ള ഇന്ത്യയുടെയും ഒമാനിലെയും പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിലുള്ള ഉന്നത ബോഡിയാണ് സൈനിക സഹകരണ സമിതി.
ബെൽജിയം രാജാവ് ഒമാൻ സന്ദർശിച്ചു
ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബെൽജിയം രാജാവ് ഫിലിപ് ലിയോപോള്‍ഡ് ലൂയിസും സുൽത്താൻ ഹൈതം ബിൻ ത്വാരിഖുമായി ഫെബ്രുവരി മൂന്നിന് കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസിൽ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെക്കുറിച്ചും പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങളിലും ചർച്ച നടന്നു. നേരത്തെ ബെൽജിയം രാജാവിനും ഭാര്യ മാത്തില്‍ഡെ മേരി ക്രിസ്റ്റീന്‍ ഗിസ്ലെയ്ന് ഡി ഉദകെം ജി അകോസിനും ഊഷ്മളമായ വരവേൽപ്പാണ് കൊട്ടാരത്തിൽ നൽകിയത്.
അഞ്ഞൂറിലധികം സേവനങ്ങൾക്ക് ഫീസിളവ്
രാജ്യത്ത് നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായി 500ലധികം സേവനങ്ങൾക്ക് പ്രഖ്യാപിച്ച ഫീസിളവുകൾ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ചില സേവനങ്ങൾക്ക് പൂർണമായ ഫീസിളവുകളും നിരവധി സേവനങ്ങൾക്ക് ഭാഗിക ഫീസിളവും പ്രഖ്യാപിച്ചിരുന്നു. സേവനങ്ങളും അവക്കുള്ള നിരക്കുകളും തമ്മിലെ സന്തുലിതത്വം നിലനിർത്താൻ വേണ്ടിയായിരുന്നു പുതിയ പ്രഖ്യാപനം.
പാരമ്പര്യ, വിനോദസഞ്ചാര മന്ത്രാലയം, വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി, മറ്റ് മുനിസിപ്പാലിറ്റികൾ എന്നീ സർക്കാർ മേഖലകളിലായി 548 സേവനങ്ങൾക്കുള്ള ഫീസിളവാണ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത്. ഇത്തരം ഫീസിളവുകൾക്ക് കഴിഞ്ഞ വർഷം നവംബറിൽ നടന്ന മന്ത്രിസഭ സമ്മേളനത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകിയിരുന്നു. ജനുവരി ആദ്യം മുതലാണ് ഫീസിളവുകൾ നടപ്പിൽ വന്നത്.
വാഹനാപകടങ്ങൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചു
വാഹനാപകടങ്ങളിൽ പരിക്കുപറ്റുന്നവർക്കും കേടുപാടുകൾ പറ്റുന്ന വാഹനങ്ങൾക്കും കൂടുതൽ ആനുകൂല്യവുമായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി. ഫെബ്രുവരി ആറിന് ഒമാൻ ധനകാര്യ മന്ത്രിയും കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാനുമായ സുൽത്താൻ ബിൻ സാലം അൽ ഹബ്സിയാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.
അപകടം സംഭവിച്ചാൽ ലഭിക്കുന്ന വിവിധ നഷ്ടപരിഹാരങ്ങളുടെ തുക അധികൃതർ വർധിപ്പിച്ചു. അപകടമുണ്ടാവുമ്പോൾ മരണമോ ഗുരുതര പരിക്കുകളോ സംഭവിച്ചാൽ ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള അടിയന്തര സഹായമായി 500 റിയാൽ നൽകണമെന്നാണ് സി.എം.എയുടെ പുതിയ ഭേദഗതിയിലുള്ളത്. നേരത്തെ ഇത് 400 റിയാൽ ആയിരുന്നു.
വാടക വാഹന കമ്പനികൾക്ക് പുതിയ മാർഗനിർദേശങ്ങൾ
റെന്റ് എ കാർ സർവിസിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത, വാർത്ത വിനിമയ, വിവര സാങ്കേതിക വിദ്യ മന്ത്രാലയം ഫെബ്രുവരി എട്ടിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് റെന്റ് എ കാർ നടത്തുന്ന എല്ലാ വാഹനങ്ങളും ‘നഖൽ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും ഓരോ വാഹനത്തിനും കാർഡുകൾ സ്വീകരിക്കുകയും വേണം. വാഹനത്തിൽ ഡ്രൈവറുടെ സീറ്റടക്കം എട്ടിൽ കൂടുതൽ സീറ്റുകൾ ഉണ്ടായിരിക്കരുത്. വാഹനം കൈകാര്യം ചെയ്യാനും കമ്പനി നടത്തിപ്പിനുമായി ആവശ്യമായ ജോലിക്കാരെ നിയമിക്കണം. വാഹനം വാടകക്ക് നൽകുന്നവരുടെ വിവരങ്ങൾ റോയൽ ഒമാൻ പൊലീസിന് നൽകണം.
ജുമുഅ നമസ്കാരം പുനരാരംഭിക്കാൻ ഉത്തരവ്
കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. രോഗവ്യാപന പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ജുമുഅ നമസ്കാരം ഫെബ്രുവരി 10 മുതൽ പുനരാരംഭിക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അമ്പത് ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. ദിനേനയുള്ള പ്രാർഥനക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകി. സർക്കാർ സ്ഥാപനങ്ങൾ നൂറുശതമാനം ജീവനക്കാരെ ഉപയോഗിച്ച് പൂർണശേഷിയോടെ പ്രവർത്തിപ്പിക്കാനും അനുമതി നൽകി.
അക്ഷരവസന്തത്തിന് തിരിതെളിഞ്ഞു
വായനയുടെ വസന്തം വിരിയിച്ച് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് ഫെബ്രുവരി 20ന് തുടക്കമായി. ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷനിൽ നടന്ന മേള സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. രണ്ട് ഡോസ് വാക്സിനടക്കമെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തുന്നവർക്ക് മാത്രമാണ് മേളയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. 27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് മേളയുടെ ഭാഗമായത്.
മാസ്ക്കില്ലാതെ മാസായി...
മാർച്ച് ഒന്നു മുതൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് ഫെബ്രുവരി 28ന് ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റി അറിയിച്ചു. ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാക്കുകയും ചെയ്തിരുന്നു. നൂറുശതമാനം ശേഷിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകി.
സുൽത്താന്റെ നിർദേശം; വിസ നിരക്കുകൾ കുറച്ചു
വിദേശികളുടെ വിസ നിരക്കുകൾ കുറക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ് മാർച്ച് 13ന് നിർദേശം നൽകി. അൽ അഹ്ലാം കൊട്ടാരത്തിൽ മസ്കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിർദേശം സുൽത്താൻ നൽകിയത്.
ഇതനുസരിച്ച് പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവും നൽകും. ഈ വർഷം ജൂൺ ഒന്ന് മുതൽ പുതിയ വിസ നിരക്ക് നടപ്പിൽ വരുകയും ചെയ്തു.
സുൽത്താൻ കപ്പിൽ മുത്തമിട്ട് സീബ് ക്ലബ്
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റായ ഹിസ് മെജസ്റ്റി കപ്പിൽ (സുൽത്താൻ കപ്പ്) മുത്തമിട്ട് സീബ് ഫുട്ബാൾ ക്ലബ്. മാർച്ച് 17ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റുസ്താഖ് ക്ലബിനെ തോൽപിച്ചാണ് സുൽത്താൻ കപ്പ് സ്വന്തമാക്കിയത്. 51 വർഷത്തെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് സീബ് കിരീടം നേടുന്നത്.
വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്പ്
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ദ്വിദിന ഇന്ത്യ സന്ദർശനം മാർച്ച് 23 മുതൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ചയും നടത്തി. അയൽക്കാരെന്ന നിലയിൽ, സമുദ്ര മേഖലയിലെ സുരക്ഷക്ക് വേണ്ടിയുള്ള സഹകരണം വർധിപ്പിക്കാനും തീരുമാനമായി.
കണ്ണീർക്കാഴ്ചയായി ഇബ്രിയിൽ പാറ അപകടം
സ്വകാര്യ മാർബിൾ ഫാക്ടറിയുടെ ക്വാറിയിൽ പാറ ഇടിഞ്ഞുണ്ടായ അപകടം നാടിനെ കണ്ണീരണിയിച്ചു. 14 പേരാണ് മരിച്ചത്. ഇതിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്താണ് മാർച്ച് 27ന് അർധരാത്രി 12ഓടെ നാടിനെ നടുക്കിയ അപകടം നടന്നത്. അപകടം നടന്ന് ആദ്യദിനം ആറുപേരായിരുന്നു മരിച്ചത്. പിന്നീട് നടന്ന തിരച്ചിലിലാണ് മറ്റുള്ളവരെ കണ്ടെത്തിയത്.
തറാവീഹ് നമസ്കാരത്തിന് അനുമതി
രണ്ടുവർഷത്തെ ഇടവേളക്കുശേഷം റമദാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരത്തിന് മാർച്ച് 28ന് അധികൃതർ അനുവാദം നൽകി. മത, എൻഡോവ്മെന്റ് കാര്യ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് അൽ സൽമിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി റമദാനിൽ തറാവീഹ് നമസ്കാരം മസ്ജിദുകളിൽ നിർവഹിക്കാൻ അധികൃതർ അനുവാദം നൽകിയിരുന്നില്ല.
ഏപ്രിൽ
എട്ടു വിഭാഗങ്ങളിൽ ഇ-പേമെൻറ് നിർബന്ധമാക്കി
എട്ടു വിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ-പേമെൻറ് സംവിധാനം നിർബന്ധമാക്കി ഏപ്രിൽ 17ന് വാണിജ്യ, വ്യവസായ, ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ മന്ത്രാലയം ഉത്തരവിറക്കി. സ്വർണം, വെള്ളി അടക്കമുള്ളവ ഇ- പേമെൻറ് വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, സ്വർണം, വെള്ളി ആഭരണങ്ങളുടെ വിൽപന, റസ്റ്റാറൻറ്, കഫെ, പച്ചക്കറി, പഴവർഗ വ്യാപാരം, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വ്യാപാരം, കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് ഇ പേമെൻറ് നിർബന്ധമാക്കിയത്. വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകൾക്കും ഇ-പേമെൻറ് നിർബന്ധമാണ്.
ഇന്ത്യ-ഒമാൻ സംയുക്ത യോഗം
ഇന്ത്യ-ഒമാൻ സംയുക്ത കമീഷൻ യോഗം മേയ് 12ന് ന്യൂഡൽഹിയിൽ നടന്നു. പരിപാടിയുടെ ഭാഗമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വൈദ്യുതി, പുനരുപയോഗ ഊർജമന്ത്രി രാജ് കുമാർ സിങ് എന്നിവരുമായി ചർച്ച നടത്തി.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി
രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി എടുത്തുകളഞ്ഞു. മേയ് 22ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
ഏകദേശം രണ്ടുവർഷവും രണ്ടുമാസത്തിന്റെയും ഇടവേളക്ക് ശേഷമാണ് കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിൽനിന്ന് രാജ്യം മുക്തമായത്. 2020 ഫെബ്രുവരി 24ന് ആയിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇറാനിൽനിന്നെത്തിയ രണ്ടുപേർക്ക് സ്ഥിരീകരിച്ചതോടെ രാജ്യം കോവിഡ് ഭീതിയിലേക്കും ആശങ്കയിലേക്കും നീങ്ങി. രണ്ടുദിവസത്തിന് ശേഷം രോഗികളുടെ എണ്ണം ആറായി ഉയർന്നു. ഇതോടെ, മഹാമാരിയെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് ഇറാൻ പ്രസിഡന്റ്
ഒരുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി മേയ് 23ന് ഒമാനിലെത്തി. തിങ്കളാഴ്ച രാവിലെ റോയൽ എയർപോർട്ടിൽ എത്തിയ റഈസിക്ക് ഊഷ്മള വരവേൽപ്പാണ് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നൽകിയത്. അൽആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായും ഇറാൻ പ്രസിഡന്റ് ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു. വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു.
സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു
കൊറോണ വൈറസിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മേയ് 31ന് സുൽത്താൻ ഹൈതം ബിൻ താരിക് നിർദേശം നൽകി. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ എടുത്തുകളയുകയും രാജ്യം സാധാരണനിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം നൽകിയത്.
മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുൽത്താൻ
രാജ്യത്ത് മൂന്നുമന്ത്രിമാരെ ജൂൺ 16ന് സുൽത്താൻ ഹൈതം ബിൻ താരിഖ് മാറ്റി നിയമിച്ചു. ആരോഗ്യം, ഊർജ- ധാതു, ഔഖാഫ്-മതകാര്യം എന്നീ വകുപ്പുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ച് രാജകീയ ഉത്തരവ് കഴിഞ്ഞദിവസം ഇറക്കിയത്. ഹിലാൽ ബിൻ അലി അൽ-സബ്തിയാണ് പുതിയ ആരോഗ്യമന്ത്രി. ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെയും ഊർജ, ധാതു മന്ത്രിയായി സലിം അൽ ഔഫിയെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.