തിരുവനന്തപുരം: ഡൽഹി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ പഠന പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സംവിധാനങ്ങളുടെ അംഗീകാരമില്ലാതെ സ്കൂളുകളിൽ നടപ്പാക്കുന്നു. ‘മഞ്ചാടി’ എന്ന പേരിട്ട ഗണിത പഠന പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അക്കാദമിക് സംവിധാനങ്ങളെ മറികടന്ന് സർക്കാർ സ്ഥാപനമായ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനെ (കെ-ഡിസ്ക്) മുന്നിൽനിർത്തി സ്കൂളുകളിൽ നടപ്പാക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രത്യേക താൽപര്യത്തിലാണ് ഡൽഹി ആസ്ഥാനമായ ജോഡോഗ്യാൻ എന്ന സന്നദ്ധ സംഘടനയുടെ ഗണിത പഠന പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്നതെന്നാണ് ആരോപണം.
ഗണിത പഠന നിലവാരം ഉയർത്തുന്നതിന് സമഗ്ര ശിക്ഷ അഭിയാന് (എസ്.എസ്.കെ) കീഴിൽ ഉല്ലാസ ഗണിതം, ഗണിത വിജയം ഉൾപ്പെടെയുള്ള പദ്ധതികൾ സ്കൂളിൽ നടപ്പാക്കിവരുന്നതിനിടെയാണ് സ്വകാര്യ എൻ.ജി.ഒയുടെ പദ്ധതി പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കയറ്റിവിടുന്നത്.
പദ്ധതി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വിമുഖത പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 100 സ്കൂളുകളില്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്.
സാധാരണ സ്കൂൾ പഠന സമയത്ത് തന്നെ മഞ്ചാടി പദ്ധതി പ്രകാരമുള്ള പഠന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് മേലുള്ള സമ്മർദം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടിയുടെ ശിപാർശ പ്രകാരം വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പഠന പദ്ധതികളാണ് സ്കൂളുകളിൽ നടപ്പാക്കേണ്ടത്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഈ രണ്ട് സംവിധാനങ്ങളും അറിയാതെയാണ് ഡൽഹി എൻ.ജി.ഒയുടെ പദ്ധതി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്നത്. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് എൻ.ജി.ഒ ആസൂത്രണം ചെയ്ത പദ്ധതിയുടെ വരവ്.
സ്വകാര്യ ഏജൻസികളുടെ മത്സര പരീക്ഷകളും പഠന പരിപാടികളും സ്കൂളുകളിൽ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കെ-ഡിസ്കിനെ മറയാക്കി സ്കൂളുകളിലേക്ക് ഡൽഹി എൻ.ജി.ഒയുടെ കടന്നുകയറ്റ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.