ആദിവാസി വിദ്യാർഥികളുടെ സ്​പെഷൽ അലോട്ട്​മെൻറ്​ എം.ജി അട്ടിമറിച്ചു

കൊച്ചി: ആദിവാസി വിഭാഗത്തിനുള്ള വിദ്യാർഥികളുടെ സ്പെഷൽ അലോട്ട്മെൻറ്​​ എം.ജി സർവകലാശാല അട്ടിമറിച്ചു. കഴിഞ്ഞ മാസം 29 വരെയായിരുന്ന അപേക്ഷിക്കുന്നതിനുള്ള തീയതി. ഈ മാസം ഒന്നിന് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു. തുടർന്ന് ശനി ഗാന്ധിജയന്തിയും ഞായർ അവധിയുമായതിനാൽ വിദ്യാർഥികൾക്ക് ലിസ്​റ്റ്​ പരിശോധിക്കാനും മറ്റും കഴിഞ്ഞില്ല. ആദിവാസി വിദ്യാർഥികൾക്ക് അനുവദിച്ച സ്പെഷൽ അലോട്ട് മെൻറിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് മുമ്പ് പ്രവേശനം നേടിയിരിക്കണമെന്നായിരുന്നു സർവകലാശാലയുടെ നിർദേശം. അതിനാൽ, പല കോളജുകളിലും ആദിവാസി വിദ്യാർഥികൾക്ക് എത്താൻ കഴിഞ്ഞില്ല.

സർവകലാശാല നിർദേശം ആദിവാസികളുടെ സംവരണം ചെയ്ത നിരവധി സീറ്റ് നഷ്​ടമാക്കിയെന്ന് വിദ്യാഭ്യാസത്തിനായി പൊരുതുന്ന ആദിശക്തി സമ്മർ സ്കൂൾ ഭാരവാഹികൾ 'മാധ്യമ'ത്തോട് പറഞ്ഞു. പരമാവധി വിദ്യാർഥികളെ എത്തിക്കാൻ ആദിശക്തിക്ക് കഴിഞ്ഞുവെങ്കിലും ആദിവാസി മേഖലയിലുള്ള നിരവധി വിദ്യാർഥികൾക്ക് തിങ്കളാഴ്ച ആദിശക്തിയുമായി ബന്ധപ്പെട്ടു. പലർക്കും യാത്രചെയ്ത് എത്താനുള്ള പണം പോലും സംഘടിപ്പിക്കാൻ കഴിവില്ലാത്ത കുടുംബങ്ങളാണ്. വനമേഖലയിലും മറ്റും താമസിക്കുന്ന വിദ്യാർഥികൾക്ക്​ പരിമിതമായ സമയത്തിനുള്ളിൽ യാത്ര ചെയ്ത് എത്തിച്ചേരുക അസാധ്യമാണ്.

അലോട്ട് മെൻറ്​ പൂർത്തിയാക്കിയാൽ കോളജുകൾക്ക് സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റും. ആദിവാസി സംവരണ സീറ്റുകൾ തട്ടിയെടുക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ സർവകലാശാല നടത്തുന്നത്. ആദിവാസി വിദ്യാർഥികൾ പഠനത്തിൽ മുന്നോട്ടുകൊണ്ട് പോകുന്നത് ബോധപൂർവം തടയുകയാണ് സർവകലാശാല ചെയ്തത്. സ്വയംഭരണ കോളജുകളിലെ സീറ്റ് അട്ടിമറിയെക്കുറിച്ചുള്ള മാധ്യമം വാർത്തയിൽ പട്ടികജാതി ഗോത്ര കമീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ഇപ്പോൾ സർവകലാശാല നേരിട്ട് അട്ടിമറി നടത്തുകയാണ്. പട്ടികവർഗ ഡയറക്ടറേറ്റിൽനിന്ന് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടൽ ഉണ്ടാവുന്നില്ല.

ഫീസടക്കാനും മറ്റും പണമില്ലാതെ എത്ര ആദിവാസി വിദ്യാർഥികളുടെ ഡിഗ്രി പ്രവേശനം മുടങ്ങിയെന്ന വിവരമെങ്കിലും പട്ടികവർഗ വകുപ്പും മന്ത്രിയും അന്വേഷിക്കണമെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു.

Tags:    
News Summary - MG thwarts special allotment of tribal students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.