കൊച്ചി: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ (കെ.എസ്.എം.ഡി.എഫ്.സി) വിദ്യാഭ്യാസ വായ്പ വിതരണം തടസ്സപ്പെട്ടു. ഇതോടെ, വായ്പയെടുത്ത് പഠനം ആരംഭിച്ച വിദ്യാർഥികൾ സർവകലാശാലകളിൽ പണമടക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കുന്നതിലുണ്ടായിരിക്കുന്ന കാലതാമസമാണ് കാരണമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ജനുവരിയിൽ ലഭ്യമാകേണ്ട തുക ഇതുവരെയും കിട്ടിയിട്ടില്ലെന്ന് വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ഓരോ വർഷവും നിശ്ചിത സമയത്ത് പണം ലഭ്യമാക്കുമെന്നതാണ് കരാർ. വിദേശ സർവകലാശാലകളിൽ ഉൾപ്പെടെ പഠിക്കുന്നവർക്ക് ഈ വർഷത്തെ തുക ലഭ്യമാകാതെ വന്നതോടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.
മാസങ്ങളോളം ഫീസ് അടക്കാൻ വൈകുന്നത് വൻ തുക പിഴ ഈടാക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഫീസ് അടക്കാത്തതിനാൽ പഠന സാമഗ്രികൾ ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനങ്ങൾ തടയപ്പെടുമെന്ന ഭീതി നിലനിൽക്കുന്നതായും അവർ പറഞ്ഞു.
ബാങ്ക് വായ്പക്ക് പകരം സർക്കാർ സംവിധാനമായ കെ.എസ്.എം.ഡി.എഫ്.സിയെ ആശ്രയിച്ചവർ ഇപ്പോൾ പണം കണ്ടെത്താൻ മറ്റ് ധനകാര്യ സ്ഥാപനങ്ങളെ തേടേണ്ട അവസ്ഥയിലാണ്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കാണ് കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകിവരുന്നത്. മൂന്ന് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതുമുണ്ട്.
ഉടൻ സർക്കാർ ഫണ്ട് ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. വായ്പ തിരിച്ചടവിലൂടെ കോർപറേഷന് കിട്ടുന്ന തുക മുൻഗണനാക്രമത്തിൽ ഇപ്പോൾ വിദ്യാഭ്യാസ വായ്പ ഗുണഭോക്താക്കൾക്ക് അനുവദിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.