പേരാമ്പ്ര: സ്കൂളിൽ രാവിലെ പ്രാർഥന, ക്ലാസ് അവസാനിക്കുമ്പോൾ ദേശീയഗാനം എന്നിവ കേട്ടിട്ട് ഒരു അധ്യയന വർഷം പിന്നിട്ടു. എന്നാൽ, പേരാമ്പ്ര എ.യു.പിയിലെ വിദ്യാർഥികൾ ഒരു ദിവസംപോലും സ്കൂളിലെ പ്രാർഥനയും ദേശീയ ഗാനവും കേൾക്കാതിരുന്നിട്ടില്ല. നിത്യവും സ്കൂൾ ബെല്ലിന്റെ മുഴക്കവും അവരുടെ വെർച്വൽ ക്ലാസ് മുറികളിൽ കേൾക്കും. രാവിലെ 9.45 ന് ലോങ്ബെൽ മുഴങ്ങും. 9.55 ന് സെക്കൻഡ് ബെല്ലും 9.58 ന് പ്രഭാതപ്രാർഥനയും കഴിഞ്ഞ് 10 മണിക്ക് ക്ലാസ് തുടങ്ങാനുള്ള ബെൽ മുഴങ്ങും. കൃത്യം ഒരുമണിക്ക് ഉച്ചഭക്ഷണത്തിനുള്ള ബെല്ലും രണ്ടു മണിക്ക് ക്ലാസ് ആരംഭിക്കാനുള്ള ബെല്ലും മുഴങ്ങും. വൈകീട്ട് 3.58ന് ദേശീയഗാനം. നാലു മണിക്ക് ക്ലാസ് അവസാനിക്കുന്ന ലോങ്ബെൽ.
അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി 'എന്റെ പേരാമ്പ്ര എ.യു.പി.സ്കൂൾ' എന്ന പേരിൽ രൂപവത്കരിച്ച രണ്ട് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് പേരാമ്പ്ര എ.യു.പി.സ്കൂളിൽ വ്യത്യസ്തമായ പ്രവർത്തനം നടത്തുന്നത്. സ്കൂൾ പ്രവർത്തിക്കുന്ന കാലത്ത് റെക്കോഡ് ചെയ്തുവെച്ച ദേശീയഗാനവും പ്രഭാതപ്രാർഥനയും ബെൽ ശബ്ദവും കൃത്യസമയത്ത് വാട്സ്ആപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും. അധ്യാപകർക്കും പി.ടി.എ അംഗങ്ങൾക്കും ഓരോ ദിവസത്തെ ചുമതല നൽകിയിരിക്കുന്നു. വീടുകളിൽ സ്കൂൾ അന്തരീക്ഷം ഗൃഹാതുരതയോടെ അനുഭവിക്കാൻ കഴിയുന്ന സന്തോഷത്തിലാണ് വിദ്യാർഥികൾ.
ബെല്ലിന്റെ മുഴക്കവും പ്രാർഥനയും ദേശീയ ഗാനവുമെല്ലാം ലൈവായി സ്കൂളിൽനിന്ന് ആസ്വദിക്കാൻ ഇനിയും എത്ര കാലം കാത്തിരിക്കണമെന്ന ചോദ്യവും ഈ വെർച്വൽ ക്ലാസ് മുറികളിൽനിന്ന് ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.