കൽപിത സർവകലാശാലയായ ജയ്പൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ 2024-25 വർഷത്തെ എം.ഡി/എം.എസ് (ആയുർവേദ) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അഡ്മിഷൻ കൗൺസലിങ് രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 19ന് തുടങ്ങും. രജിസ്ട്രേഷൻ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 2000 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപ മതി. ക്രെഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടക്കാം. ഓൺലൈനായി 19 മുതൽ 24 വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. ആയുർവേദ വാചസ്പതി, ആയുർവേദ ധന്വന്തരി സ്പെഷാലിറ്റികളിലാണ് പഠനാവസരം.
കൗൺസലിങ്, അലോട്ട്മെന്റ് അടക്കമുള്ള പ്രവേശന നടപടികളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ www.niajapur.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഒറ്റ അപേക്ഷ മതി.
അംഗീകൃത ബി.എ.എം.എസ് ബിരുദവും AIAPGET 2024 റാങ്കും നേടിയവർക്ക് അഡ്മിഷൻ കൗൺസലിങ്ങിൽ പങ്കെടുക്കാം. ആറ്, 12 മാസത്തെ റൊട്ടേറിങ് ഇന്റേൺഷിപ്, ഹൗസ് ജോബ് 2024 ജൂലൈ 31നകം പൂർത്തീകരിച്ചിരിക്കണം. ഓൾ ഇന്ത്യ ആയുർവേദ പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് 2024 മെറിറ്റും മുൻഗണനയും സീറ്റിന്റെ ലഭ്യതയും കണക്കിലെടുത്താണ് സീറ്റ് അലോട്ട്മെന്റ്.
രജിസ്ട്രേഷൻ നടപടികൾക്കുശേഷം 20,000 രൂപ കൗൺസലിങ് ഫീസായി ഡെപ്പോസിറ്റ് ചെയ്ത് ചോയ്സ് ഫില്ലിങ് നടത്തുന്നവരെയാണ് കൗൺസലിങ്ങിൽ പങ്കെടുപ്പിക്കുക. അലോട്ട്മെന്റ് ലഭിച്ചാൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണം. അല്ലാത്തപക്ഷം അടച്ച ഫീസ് നഷ്ടപ്പെടും. അടുത്ത ആണ്ടിൽ പങ്കെടുക്കുന്നതിന് 10,000 രൂപ വീണ്ടും നൽകേണ്ടിവരും.
ഒന്നാം ആണ്ട് അലോട്ട്മെന്റ് സെപ്റ്റംബർ 26ന് പ്രസിദ്ധപ്പെടുത്തും. 27 മുതൽ ഒക്ടോബർ ഒന്നുവരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. ആകെ 65 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.