മുക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച നാഷനൽ സർവിസ് സ്കീം തനതിടത്തിനുള്ള അവാർഡ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന്. തനതിടം പദ്ധതിയിൽ വിദ്യാർഥികൾ ഒരുക്കിയ ഓപൺ സ്റ്റേജ് ആൻഡ് ഓഡിറ്റോറിയമാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ആക്രി ശേഖരിച്ച് വിറ്റ് പണം സ്വരൂപിച്ചായിരുന്നു വിദ്യാർഥികൾ പദ്ധതിയുടെ സിംഹഭാഗവും പൂർത്തീകരിച്ചത്.
ഇതോടൊപ്പം പ്രകൃതിയോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് തനതിടം ഒരുക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാഹിയ അസോസിയേഷന്റെയും ചേന്ദമംഗലൂരിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പൂർവ അധ്യാപക-വിദ്യാർഥികളുടെയും എൻ.എസ്.എസ് വളന്റിയർമാരുടെയും സഹകരണത്തോടെ 8.5 ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ പദ്ധതി യാഥാർഥ്യമായത്.
വർഷങ്ങളായി കാടുപിടിച്ചുകിടന്ന പ്രദേശം ഏറ്റവും സർഗാത്മകമായി ഒരുക്കിയെടുത്തതാണ് തനതിടം- എൻ.എസ്.എസ് സ്ക്വയർ. കേരളത്തിൽ എൻ.എസ്.എസിന്റെ പേരിലുള്ള ചത്വരം കൂടിയാണിത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ. സലീമിന്റെ നേതൃപരമായ പങ്കിനും വിദ്യാർഥികളുടെ അർപ്പണബോധത്തിനുമുള്ള അംഗീകാരമാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.