ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്സുകളിലേക്ക് പൊതു പ്രവേശനപരീക്ഷ വരുന്നു. 2023-24 അധ്യയനവർഷം മുതലാണ് പ്രവേശനപരീക്ഷ നടക്കുക. അതേസമയം, കേന്ദ്ര സർവകലാശാലകളിലെ ബിരുദപ്രവേശനത്തിന് നിർബന്ധമാക്കിയതുപോലെ പി.ജി കോഴ്സുകൾക്ക് പ്രവേശനപരീക്ഷ മാർക്ക് നിർബന്ധമാക്കില്ല.
പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (സി.യു.ഇ.ടി- പി.ജി) അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കുമെന്നും എല്ലാ കേന്ദ്ര സർവകലാശാലകളും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും യു.ജി.സി മേധാവി എം. ജഗദീഷ് കുമാർ ആവശ്യപ്പെട്ടു.
സി.യു.ഇ.ടി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനൊപ്പം സർവകലാശാലകളുമായി ബന്ധം സ്ഥാപിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗ്രാമീണ മേഖലകൾ, മറ്റ് വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും.
സി.യു.ഇ.ടി- പി.ജി ജൂൺ ഒന്ന് മുതൽ പത്ത് വരെയാണ് നടക്കുക. സി.യു.ഇ.ടി- യു.ജി, സി.യു.ഇ.ടി- പി.ജി പരീക്ഷകളുടെ നടത്തിപ്പുചുമതല നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ്. എല്ലാ കേന്ദ്ര സർവകലാശാലകളും പി.ജി പ്രവേശനത്തിന് സി.യു.ഇ.ടി- പി.ജി സ്കോർ പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നതായി യു.ജി.സി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.