തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ആശങ്ക തുടരുമ്പോഴും പുതിയ സ്ഥിരം ബാച്ച് അനുവദിക്കണമെന്ന ആവശ്യം തള്ളി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. നിലവിൽ പ്രവേശനത്തിന് പ്രതിസന്ധിയില്ലെന്നും പുതിയ ബാച്ച് തുടങ്ങുന്നതിൽ പരിമിതിയുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ബാച്ചിന്റെ കാര്യത്തിൽ ഒരുപാട് ചർച്ച ചെയ്യാനുണ്ട്. നിലവിൽ പ്രവേശനത്തിൽ പ്രതിസന്ധിയില്ല. മറ്റു തരത്തിൽ വരുന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ പ്രേരിതമാണ്. കേരളത്തിൽ റിസൽറ്റ് വളരെ ഉയർന്നതാണെന്നും അറുപതും അറുപത്തഞ്ചും കുട്ടികൾ ഒരു ക്ലാസിൽ പഠിച്ചെന്നിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനു പകരം പുതിയ സ്ഥിരം ബാച്ചുകൾ വേണമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഉയർത്തുന്ന ആവശ്യം. എന്നാൽ സാമ്പത്തിക ബാധ്യതയടക്കം ചൂണ്ടിക്കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനോട് മുഖം തിരിക്കുന്നത്. ഒരു ക്ലാസിൽ 50ൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന് നേരത്തെ ലബ്ബാ കമ്മിറ്റിയും അടുത്തിടെ കാർത്തികേയൻ നായർ കമ്മിറ്റിയും ശിപാർശ ചെയ്തിരുന്നു. എന്നാൽ എളുപ്പത്തിൽ ചെയ്യാവുന്ന നടപടിയെന്ന നിലക്ക് ഇത്തവണയും സീറ്റ് കൂട്ടാനാണ് സർക്കാർ തീരുമാനം.
129 ബാച്ചിൽ മതിയായ കുട്ടികളില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ബാധ്യതയില്ലാതെ ഈ സീറ്റുകൾ മറ്റു ജില്ലകളിലേക്ക് മാറ്റാം. പക്ഷേ അതിനും സർക്കാർ തയാറാവുന്നില്ല. കഴിഞ്ഞ വർഷം പ്രവേശനത്തിന്‍റെ അവസാന നാളുകളിൽ ചുരുക്കം ബാച്ചുകൾ മാറ്റിയിരുന്നു. ഇത്തവണ മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധനയുണ്ടാവുകയും സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഒഴുക്ക് ഉണ്ടാകാൻ സാധ്യയുണ്ടെന്നുമിരിക്കെ കൂടുതൽ പ്രതിസന്ധിക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.