എസ്.എസ്.എൽ.സിക്ക് ശേഷം ഉപരിപഠനത്തിനായി കൂടുതൽ വിദ്യാർഥികൾ ആശ്രയിക്കുന്നത് ഹയർസെക്കൻഡറി കോഴ്സാണ്. സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകജാലക രീതിയിലാണ് പ്രവേശനം.
മാനേജ്മെന്റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലേക്ക് സ്കൂൾതലത്തിൽ അപേക്ഷ സമർപ്പിച്ചുള്ള പ്രവേശന രീതിയാണ്. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ രണ്ടു മുതൽ ഒമ്പതു വരെ www.admission.dge.kerala.gov.in വഴി നടത്താം. ട്രയൽ അലോട്ട്മെൻറ് ജൂൺ 13നും ആദ്യ അലോട്ട്മെൻറ് ജൂൺ 19നും നടത്തും.
എസ്.എസ്.എൽ.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി സ്കീമുകളിൽ പരീക്ഷ ജയിച്ചവർക്കും മറ്റു സംസ്ഥാനങ്ങൾ/ രാജ്യങ്ങളിൽനിന്ന് എസ്.എസ്.എൽ.സിക്ക് തുല്യമായ പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തത്തുല്യ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം.
ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത സ്കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക. അപേക്ഷകർക്ക് 2023 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. 20 വയസ്സ് കവിയരുത്. കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല.
മറ്റ് ബോർഡുകളുടെ പരീക്ഷകൾ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറു മാസംവരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇളവ് അനുവദിക്കാം. കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ ആറു മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്.
പട്ടികജാതി/വർഗ വിഭാഗ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷംവരെ ഇളവ് അനുവദിക്കും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.
www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈൽ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷ സമർപ്പണവും തുടർ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്.
അപേക്ഷ സമർപ്പണം, പരിശോധന, ട്രയൽ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖ സമർപ്പണം, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കാൻഡിഡേറ്റ് ലോഗിൻ അനിവാര്യമാണ്.
കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 10ാംതരം പഠന സ്കീം ‘others’ വിഭാഗത്തിൽ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയിൽ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റിൽ) ഒപ്പം അപ്ലോഡ് ചെയ്യണം.
ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളൊന്നും അപ്ലോഡ് ചെയ്യേണ്ടതില്ല.
ലോഗിൻ പേജിൽ യോഗ്യതാ പരീക്ഷ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ നൽകിയശേഷം ‘Application Submission Mode’ (സ്വന്തമായോ/ സ്കൂൾ സഹായക കേന്ദ്രം/ മറ്റു രീതി) തെരഞ്ഞെടുത്ത് സെക്യൂരിറ്റി ക്യാപ്ച ടൈപ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതിനുശേഷം ഓൺലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരങ്ങളാണ് നൽകേണ്ടത്.
അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, 10ാം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ ‘ടിക്ക്’ മാർക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവർ ചാൻസ് 1 എന്ന് രേഖപ്പെടുത്തണം.
ആദ്യമായി പരീക്ഷയെഴുതിയ വർഷംതന്നെ സേ പരീക്ഷയിലൂടെ വിജയിച്ചവർ ചാൻസ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം തവണകളായാണ് പാസായതെങ്കിൽ എത്ര തവണ എന്നത് രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയൻറ് നൽകിയാൽ ഓപ്ഷൻ നൽകുന്ന പേജിൽ എത്തും.
വിദ്യാർഥി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നൽകണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം.
ഇങ്ങനെ കൂടുതൽ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തിൽ നൽകാം. മാർക്കും ഗ്രേഡ് പോയൻറിനുമനുസരിച്ച് ലഭിക്കാൻ സാധ്യതയുള്ള സ്കൂളും കോംബിനേഷനും തെരഞ്ഞെടുത്താൽ ആദ്യ അലോട്ട്മെൻറുകളിൽതന്നെ പ്രവേശനം ലഭിക്കും.
പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. സമർപ്പിച്ച ഏതെങ്കിലും ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചാൽ അതിനു ശേഷമുള്ള ഓപ്ഷനുകൾ (ലോവർ ഓപ്ഷൻ) റദ്ദാകും. അലോട്ട്മെൻറ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകൾ (ഹയർ ഓപ്ഷൻ) നിലനിൽക്കും.
ആവശ്യമുള്ള ഓപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവക്ക് ഇത്തവണ മുതൽ പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്റ് ലഭിക്കില്ല. അതേസമയം, എഴുത്തുപരീക്ഷയിൽതന്നെ എ പ്ലസ് ലഭിച്ചതുകാരണം ഗ്രേസ് മാർക്ക് ലഭിക്കാത്തവർ അർഹരെങ്കിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയന്റ് നൽകും.
വിവിധ കാറ്റഗറിയിൽ കൂടുതൽ ബോണസ് പോയന്റിന് അർഹതയുണ്ടെങ്കിൽ പരമാവധി 10 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ബോണസ് പോയന്റ് ലഭിക്കുന്നവർ ഇനി പറയുന്നവരാണ്:
• കൃത്യനിർവഹണത്തിനിടെ മരിച്ച ജവാന്മാരുടെ മക്കൾക്ക് (നിയമപരമായി ദത്തെടുത്തവർക്കും) അഞ്ച് ബോണസ് പോയന്റ്.
• ജവാന്മാർ/എക്സ് സർവിസുകാരുടെ (ആർമി/ നേവി/ എയർഫോഴ്സ് മുതലായവ മാത്രം) മക്കൾ/ നിയമപരമായി ദത്തെടുത്ത മക്കൾക്ക് മൂന്ന് ബോണസ് പോയൻറ്.
• എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ സർട്ടിഫിക്കറ്റ് നിർബന്ധം)/ സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ/ രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം)/ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് - രണ്ട് ബോണസ് പോയന്റ്.
• എ ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗത്തിന് ഒരു ബോണസ് പോയൻന്റ്.
• അപേക്ഷിക്കുന്ന സ്കൂളിൽ 10ാം തരം പഠിച്ച വിദ്യാർഥിക്ക് രണ്ട് ബോണസ് പോയന്റ്.
•വിദ്യാർഥി താമസിക്കുന്ന ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപറേഷനിലെ സ്കൂളിൽ രണ്ട് ബോണസ് പോയന്റ്
• താലൂക്ക് പരിഗണനയിൽ ഒരു ബോണസ് പോയന്റ്.
• ഗവ./ എയ്ഡഡ് ഹയർസെക്കൻഡറി ഇല്ലാത്ത പഞ്ചായത്തിലെ വിദ്യാർഥിക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളിൽ രണ്ട് ബോണസ് പോയന്റ്.
• കേരള സിലബസിൽ എസ്.എസ്.എൽ.സി വിജയിച്ചവർക്ക് മൂന്ന് ബോണസ് പോയൻറ്.
•എൻ.സി.സി/ സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ നേടിയവർ/ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്/ ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് ലഭിച്ചവർ എന്നിവയിൽ ഏതെങ്കിലും ഒരു ഇനത്തിലുള്ള ബോണസ് പോയൻറ് മാത്രമേ അനുവദിക്കൂ.
ആദ്യതവണ യോഗ്യത പരീക്ഷ (എസ്.എസ്.എൽ.സി/ തത്തുല്യം) പാസാകാത്ത അപേക്ഷകരുടെ ആകെ ഗ്രേഡ് പോയൻറിൽനിന്ന് ചാൻസൊന്നിന് ഒരു പോയൻറ് എന്ന രീതിയിൽ കുറവ് ചെയ്യും. പരീക്ഷയെഴുതിയ വർഷംതന്നെ സേ പരീക്ഷ വിജയിച്ചവർക്ക് മൈനസ് പോയൻറ് ബാധകമല്ല.
അപേക്ഷകർ ഒരു റവന്യൂ ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കരുത്. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ പ്രിൻറൗട്ട് സ്കൂളുകളിൽ നൽകേണ്ട. ഒന്നിലധികം ജില്ലയിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഒരിടേത്ത പ്രവേശനം നേടാൻ പാടുള്ളൂ. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകൾ റദ്ദാകും. രജിസ്ട്രേഷൻ ഫീസായ 25 രൂപ പ്രവേശന സമയത്തെ ഫീസിനൊപ്പം നൽകിയാൽ മതി.
സയൻസ് വിഷയങ്ങളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമ്പത് വിഷയ കോംബിനേഷനുകളാണ് ഹയർസെക്കൻഡറി പ്രവേശനത്തിൽ ലഭ്യമാകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോം സയൻസ്, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയൻസ് കോംബിനേഷനിൽ വരുന്ന വിഷയങ്ങൾ.
മാനവിക വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 കോംബിനേഷനുകളാണുള്ളത്. കോമേഴ്സ് ഗ്രൂപ്പിൽ നാലും ലഭ്യമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ലഭ്യമായ കോംബിനേഷനുകൾ ഏതാണെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം.
അപേക്ഷകർക്ക് സ്വന്തമായോ 10ാംതരം പഠിച്ച ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. കൂടാെ, പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അപേക്ഷ സമർപ്പണത്തിനായി ഉപയോഗിക്കാം. സ്കൂൾതലത്തിൽ ഇതിനായി ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും.
മെറിറ്റ് ക്വോട്ട (ഏകജാലകം): അപേക്ഷ ജൂൺ രണ്ടു മുതൽ ഒമ്പതു വരെ
ട്രയൽ അലോട്ട്മെൻറ് ജൂൺ 13
ആദ്യ അലോട്ട്മെൻറ് ജൂൺ 19
മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂലൈ ഒന്ന്
ക്ലാസുകൾ തുടങ്ങുന്നത് ജൂലൈ അഞ്ച്
സപ്ലിമെൻററി അലോട്ട്മെൻറ്
ജൂലൈ 10 മുതൽ ആഗസ്റ്റ് നാലുവരെ.
രജിസ്ട്രേഷനും വെരിഫിക്കേഷനും ജൂൺ ആറു മുതൽ 14 വരെ.
ഓൺലൈൻ രജിസ്ട്രേഷൻ: ജൂൺ ഏഴു മുതൽ 15 വരെ
ഒന്നാം അലോട്ട്മെൻറ് 19
മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്നത് ജൂലൈ ഒന്ന്
അപേക്ഷകർക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്താൻ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ട്രയൽ അലോട്ട്മെൻറ് നടത്തും. ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തെറ്റ് അവശേഷിക്കുന്നുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് നിർദിഷ്ട ദിവസങ്ങളിൽ തിരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനും ഉൾപ്പെടെ മാറ്റങ്ങൾ ഈ ഘട്ടത്തിൽ അനുവദിക്കും.
മൂന്ന് അലോട്ട്മെൻറുകൾ അടങ്ങുന്നതായിരിക്കും മുഖ്യഘട്ടം. മുഖ്യഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറുകൾ നടത്തും. ഒന്നാം അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
എന്നാൽ, മുഖ്യ അലോട്ട്മെൻറ് പ്രക്രിയ (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ പ്രവേശനം സ്ഥിരപ്പെടുത്തണം. മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കി നൽകണം.
ഒഴിവുള്ള സ്കൂളുകളിലേക്ക് മാത്രമേ ഈ ഘട്ടത്തിൽ അപേക്ഷിക്കാനാകൂ. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കില്ല. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറുകൾക്കുശേഷം ജില്ല അന്തര സ്കൂൾ/ കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസൊടുക്കി നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരം പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പ്രവേശനത്തിന് പിന്നീട് അവസരം നൽകില്ല. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
പ്രവേശന യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ പ്രിൻസിപ്പലിന് നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ട. മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടിയാൽ മതി. മുഖ്യ അലോട്ട്മെൻറ് കഴിയുന്നതുവരെ മാത്രമേ താൽക്കാലിക പ്രവേശനത്തിൽ തുടരാനാകൂ.
താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനം സ്ഥിരപ്പെടുത്താൻ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. ഇങ്ങനെയുള്ളവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്തവർ അടുത്ത ഘട്ടത്തിൽ വരുന്ന അലോട്ട്മെൻറ് മാറി ലഭിച്ചാൽ പുതിയ സ്കൂളിലേക്ക് മാറണം.
കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനും ഇ-പേമെൻറിലൂടെ ഫീസടക്കുന്നതിനുമുള്ള സൗകര്യവും കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാകും. തെറ്റായ വിവരങ്ങൾ നൽകി നേടുന്ന അലോട്ട്മെന്റ് റദ്ദാക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്യും.
പ്രോസ്പെക്ടസിൽ നിർദേശിച്ച ഫീസുകൾക്ക് പുറമെ ഹയർസെക്കൻഡറി സ്കൂളുകളിൽ പി.ടി.എ ജനറൽ ബോഡിയോഗം തീരുമാനമുണ്ടെങ്കിൽ 400 രൂപ ഫണ്ടായി ശേഖരിക്കാം. എന്നാൽ, ഈ തുക കൊടുക്കാൻ വിദ്യാർഥിയെയോ രക്ഷാകർത്താവിനെയോ നിർബന്ധിക്കാൻ പാടില്ല.
പ്രവേശനം നിഷേധിക്കാനും പാടില്ല. സ്കൂളിൽ ഒടുക്കുന്ന ഫീസുകൾക്ക് രസീതുകൾ ചോദിച്ചുവാങ്ങണം. പി.ടി.എ ഫണ്ട് നൽകിയ കുട്ടികളുടെ വിശദാംശങ്ങളും തുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
ഓപൺ മെറിറ്റ് 42 ശതമാനം
പട്ടികജാതി 12 ശതമാനം
പട്ടികവർഗം എട്ട് ശതമാനം
സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) 10 ശതമാനം
ഈഴവ/ തിയ്യ/ ബില്ലവ എട്ട് ശതമാനം
മുസ്ലിം ഏഴ് ശതമാനം
ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ മൂന്ന് ശതമാനം
പിന്നാക്ക ഹിന്ദു മൂന്നു ശതമാനം
ധീവര/ അവാന്തര വിഭാഗങ്ങൾ രണ്ടു ശതമാനം
വിശ്വകർമ/ അനുബന്ധ വിഭാഗങ്ങൾ രണ്ടു ശതമാനം
പിന്നാക്ക ക്രിസ്ത്യൻ ഒരു ശതമാനം
കുടുംബി ഒരു ശതമാനം
കുശവൻ/ അനുബന്ധ വിഭാഗങ്ങൾ ഒരു ശതമാനം
വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണവും ജൂൺ രണ്ടു മുതൽ ഒമ്പതു വരെ ഓൺലൈനായി നടത്താം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചശേഷം ‘Click for Higher Secondary (Vocational) Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്താകെയുള്ള 389 വി.എച്ച്.എസ്.ഇകളിൽ ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം.
ഒരു ബാച്ചിൽ 30 സീറ്റ് എന്ന രീതിയിൽ 3030 ബാച്ചുകളാണുള്ളത്. ആകെ 30,330 സീറ്റുകളാണുള്ളത്. ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള സ്കിൽ കോഴ്സുകൾ വി.എച്ച്.എസ്.ഇ മേഖലയുടെ പ്രത്യേകതയാണ്. അപേക്ഷ സമർപ്പണത്തിന് വിദ്യാർഥികളെ സഹായിക്കാൻ സ്കൂളുകളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. പ്രോസ്പെക്ടസ് vhscap.kerala.gov.inൽ ലഭ്യമാകും. ഹയർസെക്കൻഡറി
എൻ.എസ്.ക്യു.എഫ് അംഗീകരിച്ച 49 സ്കിൽ കോഴ്സുകളാണ് വി.എച്ച്.എസ്.ഇ പഠനത്തിന്റെ ഭാഗമായുള്ളത്. ഇതിൽ രണ്ട് കോഴ്സുകൾ ഇത്തവണ പുതുതായി ആരംഭിക്കുന്നതാണ്. വെബ്ഡെവലപ്പർ, ടെലികോം ടെക്നീഷ്യൻ ഇന്റർനെറ്റ് ഓഫ് തിങ്സ് ഡിവൈസസ്/ സിസ്റ്റംസ് എന്നിവയാണ് പുതിയ കോഴ്സുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.