പ്ലസ് വൺ: സർക്കാർ വാദം പൊളിഞ്ഞു

തിരുവനന്തപുരം: പ്ലസ് വൺ റെഗുലർ പഠനത്തിനായി റെക്കോഡ് പ്രവേശനം നടന്നെന്ന സർക്കാർ അവകാശവാദത്തിനിടയിലും സീറ്റ് ലഭിക്കാതെ ഓപൺ സ്കൂൾ (സ്കോൾ കേരള) വഴി പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. ഏകജാലക പ്രവേശനം വർധിച്ചതോടെ സീറ്റ് ക്ഷാമം കുറഞ്ഞെന്ന ധാരണ തിരുത്തുന്നതാണ് ഓപൺ സ്കൂൾ പ്രവേശനത്തിന്‍റെ കണക്ക്.

കഴിഞ്ഞ വർഷം 38,687 പേർ ഓപൺ സ്കൂൾ പ്രവേശനം നേടിയപ്പോൾ ഇത്തവണയത് 38,726 ആയി വർധിച്ചു. ഇതിൽ 31,234 പേർ മലബാറിൽനിന്നുള്ള വിദ്യാർഥികളാണ്. ഓപൺ സ്കൂളിൽ ആകെ പ്രവേശനം നേടിയവരുടെ 80.65 ശതമാനമാണിത്. കൂടുതൽ പേർ ഓപൺ സ്കൂളിലെത്തിയത് മലപ്പുറം ജില്ലയിലാണ്; 15,988. ഇത് ആകെ വിദ്യാർഥികളുടെ 41.28 ശതമാനമാണ്.

മെഡിക്കൽ, എൻജിനീയറിങ് പഠനം ലക്ഷ്യമിട്ട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്‍ററുകളിൽ ചേർന്ന് പഠിക്കുന്നവരാണ് പ്ലസ് വൺ പഠനത്തിന് ഓപൺ സ്കൂളിൽ ചേരുന്നവരെന്ന സർക്കാർ വാദവും പൊളിക്കുന്നതാണ് പ്രവേശനം നേടിയവരുടെ കണക്ക്. മലപ്പുറത്ത് ഓപൺ സ്കൂൾ പ്രവേശനം നേടിയ 15,988 പേരിൽ 10,473 പേരും ഹ്യുമാനിറ്റീസിലും 4934 പേർ കോമേഴ്സിലുമാണ്. 581 പേർ മാത്രമാണ് സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുത്തത്.

പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽനിന്ന് ഓപൺ സ്കൂളിൽ പ്രവേശനം നേടിയ 31,234 പേരിൽ 18,561 പേർ ഹ്യുമാനിറ്റീസിലും 11,144 പേർ കോമേഴ്സിലുമാണ്. 1529 പേർ മാത്രമാണ് സയൻസിൽ പ്രവേശനം നേടിയത്. സീറ്റ് ക്ഷാമം ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയ കോമ്പിനേഷനുകളിലാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്.

പ്ലസ് വൺ പ്രവേശനത്തിൽ മൂന്ന് മുഖ്യ അലോട്ട്മെന്‍റും രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റും വരെ സീറ്റിനായി കാത്തിരുന്ന വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാർ കൈമലർത്തുകയായിരുന്നു. അധിക ബാച്ച് അനുവദിക്കുകയോ ഹൈസ്കൂളുകൾ ഹയർസെക്കൻഡറിയാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയോ ചെയ്യുന്നതിനു പകരം മുൻ വർഷത്തെ അപേക്ഷിച്ച് ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന കണക്കാണ് വിദ്യാഭ്യാസ വകുപ്പ് നിരത്തിയത്.

4,80,021 പേർ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചതിൽ 3,84,233 പേർക്കാണ് അൺഎയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ പ്രവേശനം നൽകിയത്. വി.എച്ച്.എസ്.ഇ, പോളി ടെക്നിക്, ഐ.ടി.ഐ ഉൾപ്പെടെ മറ്റു കോഴ്സുകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടും 38,726 പേർ ഇത്തവണയും സമാന്തര പഠനം വഴി തേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

ഓപൺ സ്കൂളിൽ പ്രവേശനം നേടിയവരുടെ എണ്ണം ജില്ല തിരിച്ച്: ഹ്യുമാനിറ്റീസ്, കോമേഴ്സ്, സയൻസ്, ആകെ എന്ന ക്രമത്തിൽ

തിരുവനന്തപുരം: 538, 71, 6, 615

കൊല്ലം: 582, 234, 159, 975

പത്തനംതിട്ട: 22, 16, 0, 38

ആലപ്പുഴ: 737, 497, 424, 1658

കോട്ടയം: 157, 90, 0, 247

ഇടുക്കി: 244, 212, 0, 456

എറണാകുളം: 585, 638, 176, 1399

തൃശൂർ: 914, 1102, 88, 2104

പാലക്കാട്: 2906, 2266, 184, 5356

മലപ്പുറം: 10473, 4934, 581, 15988

കോഴിക്കോട്: 2796, 1695, 557, 5048

വയനാട്: 578, 93, 55, 726

കണ്ണൂർ: 1145, 835, 22, 2002

കാസർകോട്: 663, 1321, 130, 2114

Tags:    
News Summary - Plus one: The government's argument has collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.