ട്രംപിന്റെ തിരിച്ചുവരവിന് മുമ്പ് യു.എസിലേക്ക് മടങ്ങാൻ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കോളജുകളുടെ മുന്നറിയിപ്പ്

വാഷിംങ്ടൺ: നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ അടുക്കവെ അന്താരാഷ്‌ട്ര വിദ്യാർഥികൾക്കിടയിൽ ആശങ്ക പടർത്തി യു.എസിലെ കോളജുകളുടെ മുന്നറിയിപ്പ്. ജനുവരി 20ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് കാമ്പസിലേക്ക് മടങ്ങാൻ ചില സ്ഥാപനങ്ങൾ വിദ്യാർഥികളോട് നിർദേശിച്ചിരിക്കുകയാണ്. ട്രംപിന്റെ മുൻ ടേമിൽ ഏർപ്പെടുത്തിയതിന് സമാനമായ മറ്റൊരു യാത്രാ നിരോധനത്തെക്കുറിച്ചുള്ള ഭയമാണ് ഈ നീക്കത്തിന് കാരണം. അന്നത്തെ തീരുമാനമൂലം നിരവധി വിദ്യാർത്ഥികൾ യു.എസിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയിരുന്നു.

2023-24 അധ്യയന വർഷത്തിൽ യു.എസിൽ 1.1 ദശലക്ഷം അന്തർദേശീയ വിദ്യാർഥികൾ ഉള്ളതിനാൽ തടസ്സങ്ങളുടെ സാധ്യത കുറക്കുന്നതിന് സർവകലാശാലകൾ ഇ​​പ്പോൾ തിടുക്കത്തിൽ നടപടികൾ കൈക്കൊള്ളുകയാണ്. 17,000ലധികം അന്തർദേശീയ വിദ്യാർഥികളുള്ള സതേൺ കാലിഫോർണിയ സർവകലാശാല ട്രംപിന്റെ ആരോഹണത്തിന് ഒരാഴ്ച മുമ്പ് യു.എസിലേക്ക് മടങ്ങാൻ നിർദേശിച്ചു.

ട്രംപ് ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ ഇന്ത്യയും ചൈനയും ഇല്ലെങ്കിലും സർവകലാശാലകൾ ജാഗ്രതയിലാണ്. ചൈനയും ഇന്ത്യയും ഉൾപ്പെടെ പുതിയ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കാമെന്ന് കോർണൽ സർവകലാശാലയുടെ സർക്കുലർ സൂചിപ്പിക്കുന്നു. 2023-24 അധ്യയന വർഷത്തിൽ 3.3 ലക്ഷം വിദ്യാർഥികളുമായി ഇന്ത്യ ചൈനയെ മറികടന്നതിനാൽ ഈ മുന്നറിയിപ്പ് ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

കുടിയേറ്റ വിഷയത്തിൽ ട്രംപിന്റെ നിലപാട് അന്താരാഷ്‌ട്ര വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാൻ, ലിബിയ, ഇറാഖ്, സുഡാൻ, സൊമാലിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് യാത്രാ നിരോധനം വിപുലീകരിക്കുന്നതും ‘അമേരിക്കൻ വിരുദ്ധരും യഹൂദവിരുദ്ധരുമായ വിദേശികൾക്ക്’ വിസ അസാധുവാക്കുന്നതും അടക്കം ട്രംപിന്റെ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ, യു.എസ് കോളജുകളിൽ നിന്ന് ബിരുദം നേടുന്ന വിദേശ പൗരന്മാർക്ക് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കുന്നതുവരെ ‘ഗ്രീൻ കാർഡു’കൾ സ്വീകരിക്കാമെന്നും ട്രംപ് നിർദേശിച്ചു.

യു.എസിലെ കോളജ് അധികൃതർ അനിശ്ചിതാവസ്ഥയിൽ അകപ്പെടുമ്പോൾ, അന്തർദേശീയ വിദ്യാർഥികളെ ട്രംപിന്റെ നയങ്ങളും സംവിധാനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്ന കാര്യം കൂടുതൽ വ്യക്തമാവുകയാണ്.

Tags:    
News Summary - International Students Alerted To Come Back To The US Before Donald Trump's Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.