തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതർ ഉൾപ്പെടെ 42.9 ലക്ഷം വിദ്യാർഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ രണ്ടുവർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വർഷാരംഭം. ഡിജിറ്റൽ/ ഓൺലൈൻ വിദ്യാഭ്യാസ രീതി തുടർന്നുകൊണ്ട് തന്നെ സ്കൂളുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞവർഷം 348741 കുട്ടികളാണ് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി പ്രവേശനം നേടിയത്. ഇത്തവണയും സമാനമായ പ്രവേശനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാർഥികളും അധ്യാപകരും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12986 സ്കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗവും കൈത്തറി യൂനിഫോമുകളും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകർ ബുധനാഴ്ച പുതിയതായി ജോലിയിൽ പ്രവേശിക്കും. കുട്ടികളെ സഹായിക്കാനും ഗതാഗത ക്രമീകരണത്തിനുമായി പൊലീസ് സഹായം ഉണ്ടാകും. പ്ലസ് ടു വിദ്യാർഥികൾക്ക് പ്ലസ് വൺ മോഡൽ പരീക്ഷയുമായാണ് തുടക്കം. ജൂൺ രണ്ടിന് ഇവർക്ക് മോഡൽ പരീക്ഷയും 13 മുതൽ 30 വരെ പ്ലസ് വൺ പരീക്ഷയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.