തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ പാഠഭാഗങ്ങൾ പ്രത്യേകം പുസ്തകമായി ഓണാവധിക്ക് ശേഷം കുട്ടികളുടെ കൈകളിലെത്തിക്കും. പാഠപുസ്തകം തയാറായിക്കഴിഞ്ഞുവെന്നും അതിനെ ആസ്പദമാക്കി പരീക്ഷയുണ്ടാകുമെന്നും എങ്കിലേ കുട്ടികൾ പഠിക്കൂവെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുഗൾ സാമ്രാജ്യം, ജനകീയ സമരങ്ങൾ, മഹാത്മാ ഗാന്ധിയുടെ വധം തുടങ്ങിയവയാണ് കേന്ദ്രം വെട്ടിമാറ്റിയത്.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ സംസ്ഥാന സിലബസിലും നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞവർഷംതന്നെ പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും അച്ചടിക്കാനുള്ള പാഠപുസ്തക ഉള്ളടക്കത്തിൽ അതു നീക്കിയിരുന്നില്ല. എന്നാൽ ഇക്കുറി പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പുസ്തകങ്ങളാണ് എൻ.സി.ഇ.ആർ.ടി തയാറാക്കിയത്. ഈ സാഹചര്യത്തിലാണ് സപ്ലിമെന്ററി പാഠപുസ്തകത്തിലേക്ക് കേരളം കടന്നത്.
ഒഴിവാക്കിയ ഭാഗങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച്, അവ പഠിപ്പിക്കേണ്ടെന്ന് നിർദേശിക്കുകയാണ് കഴിഞ്ഞതവണ എൻ.സി.ഇ.ആർ.ടി ചെയ്തത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ ഉള്ളടക്കഭാരം നേരിടുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. സയൻസ് വിഷയങ്ങളിലെ മാറ്റം അതേപടി സ്വീകരിക്കാനും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഒഴിവാക്കിയ ഭാഗങ്ങൾ നിലനിർത്തി സംസ്ഥാനത്ത് പഠിപ്പിക്കാനുമാണ് അന്ന് കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചത്. എൻ.സി.ഇ.ആർ.ടിയും എസ്.സി.ഇ.ആർ.ടിയും പരസ്പരം കരാറിലേർപ്പെട്ടാണ് ഒാരോ വർഷവും അവരുടെ പുസ്തകം ഇവിടെ റീപ്രിന്റ് ചെയ്യുന്നത്. ഈ വർഷവും കരാറിലെത്തുമ്പോൾ കേരളത്തിൽ പഠിപ്പിക്കുന്ന ഭാഗങ്ങൾ ഇല്ലാത്ത പുസ്തകമാണ് കിട്ടിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പ്രത്യേക പുസ്തകമായി പഠിപ്പിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.