മുംബൈ: ഐ.ഐ.ടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ആത്മാഭിമാനവും ജീവിതവും നശിപ്പിക്കും വിധം ജാതിവിവേചനം വേരൂന്നിയതായി പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) മഹാരാഷ്ട്ര യൂനിറ്റിന്റെ അന്വേഷണ റിപ്പോർട്ട്. ബോംബെ ഐ.ഐ.ടിയിൽ ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സോളങ്കി ആത്മഹത്യചെയ്ത സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്.
കടുത്ത ജാതി വിവേചനം നേരിട്ടിരുന്നതായി സഹോദരി ഉൾപ്പെടെയുള്ള ബന്ധുക്കളെ ദർശൻ സോളങ്കി അറിയിച്ചിരുന്നു. 2014നും 2021നുമിടയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത 122 വിദ്യാർഥികളിൽ 68 ശതമാനവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണ്. ഇത് ജാതീയത വ്യവസ്ഥാപിതമായി വേരൂന്നിയതിന്റെ ലക്ഷണങ്ങളാണ്. അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും ജാതിവിവേചനം നേരിടുന്നത് പിന്നാക്ക വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുന്നു.
ജാതി വെളിപ്പെട്ടാൽ പിന്നീട് ഒറ്റപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. കാന്റീനിലെ ഭക്ഷണം പാകം ചെയ്യലിലും തീൻമേശ, ശുചിമുറി അടക്കമുള്ള ഇടങ്ങളിലും വിവേചനം നേരിടുന്നു. സംവരണം നേടിയവർ ഒന്നിനും കൊള്ളില്ലെന്നും രാജ്യത്തിന് ഭാരമാണെന്നുമുള്ള പരസ്യ നിലപാട് ചില അധ്യാപകരും പ്രകടിപ്പിക്കുന്നു. വിവേചനം തടയാനും മറ്റുമായുള്ള പട്ടിക ജാതി, വർഗ സെൽ പേരിന് മാത്രമാണെന്നും പരാതികൾ പിൻവലിപ്പിക്കുന്ന അവസ്ഥയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.