വളാഞ്ചേരി: സ്വന്തമായി ബഗ്ഗി കാർ നിർമിച്ച് എട്ടാം ക്ലാസുകാരൻ. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും വളാഞ്ചേരി കാട്ടിപ്പരുത്തി കൂനുകുന്നത്ത് അബ്ദുൽ റഷീദ്-ഷറഫുന്നീസ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാനിദാണ് ഓഫ് റോഡ് റൈഡിൽ താരമായ ബഗ്ഗി കാർ സ്വന്തമായി നിർമിച്ച് ശ്രദ്ധേയനായത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പ്ലൈവുഡ് ഉപയോഗിച്ച് ബൈക്കുകളുടെയും കാറുകളുടേയുമെല്ലാം മിനിയേച്ചറുകൾ ഉണ്ടാക്കിയായിരുന്നു തുടക്കം.
ലോക്ഡൗൺ മൂലം സ്കൂൾ അടച്ചതോടെ സ്വന്തമായി 'ഒരു യഥാർഥ' കാർ നിർമിക്കണമെന്ന ആഗ്രഹം മനസ്സിലുതിച്ചു. ഇതിന് സഹായകമായത് യൂട്യൂബ്. എട്ടുമാസം കൊണ്ടാണ് ബഗ്ഗി കാർ നിർമാണം പൂർത്തിയാക്കിയത്.
ഇതിന് ആവശ്യമായ എൻജിൻ, ടയറുകൾ, സ്റ്റിയറിങ്, ഡിസ്ക് ബ്രേക്ക്, ലൈറ്റുകൾ എന്നിവയെല്ലാം കുറഞ്ഞ വിലയ്ക്ക് ആക്രിക്കടയിൽനിന്നാണ് ശേഖരിച്ചത്. ബജാജ് ഓട്ടോയുടെ പെട്രോൾ എൻജിൻ സംഘടിപ്പിച്ചാണ് കാർ നിർമാണം പൂർത്തീകരിച്ചത്.
ആൾട്ടോ കാറിന്റെ ടയറുകളും മാരുതി 800 കാറിന്റെ സ്റ്റിയറിങ്ങുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബോഡി ഡിസൈൻ ചെയ്തത് തകര ഷീറ്റ് കൊണ്ടാണ്. റിവേഴ്സ് അടക്കം അഞ്ച് ഗിയറുണ്ട് വാഹനത്തിന്. കാർ നിർമാണത്തിന് 40,000 രൂപ ചെലവായെന്ന് ഷാനിദ് പറയുന്നു. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് യാത്ര ചെയ്യാം. ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന ഇൻസ്പെയർ അവാർഡിന് അർഹനായിട്ടുണ്ട് ഈ മിടുക്കൻ. ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷിൻ നിർമിച്ചതിനായിരുന്നു അവാർഡ്. അവാർഡായി ലഭിച്ച 10,000 രൂപയും കാർ നിർമാണത്തിന് ചെലവഴിച്ചു.
വൈദ്യുതി സ്കൂട്ടർ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഷാനിദ്.
ഭാവിയിൽ ഓട്ടോ മൊബൈൽ എൻജിനീയറാകാനാണ് ആഗ്രഹം. മാതാപിതാക്കൾക്ക് പുറമെ സഹോദരൻ ഷഫീക്കും വിദ്യാർഥിനിയായ സഹോദരി ഷമീനയും പ്രോത്സാഹനവുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.