പത്തനംതിട്ട: 10ാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്റർ എസ്. സന്തോഷ് പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യപേപ്പർ പത്തനംതിട്ട ഡി.ഇ.ഒയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു.
സ്വന്തം സ്കൂൾ ഗ്രൂപ്പിലെ കണക്ക് ടീച്ചർമാർക്കുവേണ്ടി ഇട്ടു കൊടുത്തതാണെന്നും ചോദ്യങ്ങൾ സോൾവ് ചെയ്ത് ഉത്തരം വാങ്ങി കുട്ടികൾക്ക് നൽകാൻ വേണ്ടിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നും ആരോപണമുയർന്നു. ഹെഡ്മാസ്റ്റർ സന്തോഷിനെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിെൻറ ഫോണും പിടിച്ചെടുത്തു.
126 ഹെഡ്മാസ്റ്റർമാരുള്ള ഗ്രൂപ്പിലാണ് ചോദ്യപേപ്പർ ഇട്ടത്. ഗ്രൂപ്പിലെ ചിലർ അപ്പോൾതന്നെ ഡി.ഇ.ഒയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തിങ്കളാഴ്ച രാവിലെ 9.40നാണ് കുട്ടികളെ പരീക്ഷക്ക് ക്ലാസിൽ കയറ്റിയത്. 10ന് കുട്ടികൾക്ക് ചോദ്യപേപ്പർ നൽകി. 12ന് കുട്ടികൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെ ചോദ്യപേപ്പർ അതിരഹസ്യ സ്വഭാവമുള്ള രേഖയാണ്. 10ന് ചോദ്യപേപ്പർ നൽകി 10.30 ആയപ്പോഴാണ് വാട്സ്ആപ് ഗ്രൂപ്പിൽ ചോദ്യപേപ്പറിെൻറ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ അടുത്തുനിന്ന് എടുത്തതാണ്. പ്രയാസമേറിയ ചോദ്യങ്ങൾ സോൾവ് ചെയ്ത് ഉത്തരം നൽകുന്നതിന് വേണ്ടിയാകണം ചോദ്യപേപ്പറിെൻറ ചിത്രമെടുത്ത് അയച്ചതെന്ന് കരുതുന്നു. സ്വന്തം സ്കൂളിലെ അധ്യാപകർക്ക് ചിത്രം അയച്ചപ്പോൾ ഗ്രൂപ്പ് മാറിപ്പോയതാണെന്ന് പറയുന്നു.
ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തെരഞ്ഞെടുപ്പിനുശേഷം പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ചോദ്യപേപ്പർ ചോർത്തിയ സന്തോഷ് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പ്രവർത്തകനാണ്. മറ്റ് പരീക്ഷകളുടെ ചോദ്യക്കടലാസും ഇതുപോലെ പുറത്തുവിട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് ഉപഡയറക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.