മാനവിക–ഭാഷാ വിഷയങ്ങളില്‍ നെറ്റ് ജനുവരി 22ന്

മാനവിക-ഭാഷാ വിഷയങ്ങളിലും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ളിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഫോറന്‍സിക് സയന്‍സ്, സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് ഉള്‍പ്പെടെ മറ്റ് വിഷയങ്ങളിലും ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്) അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിനും യോഗ്യത കല്‍പിക്കുന്ന യു.ജി.സി നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2017 ജനുവരി 22ന് നടത്തും. ഇതുസംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 2016 ഒക്ടോബര്‍ 15ന് www.cbsenet.nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍െറ (യു.ജി.സി) ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനാണ് ടെസ്റ്റ് നടത്തുക. കേരളം ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 89 കേന്ദ്രങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ. ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിന് ജെ.ആര്‍.എഫിനുള്ള അര്‍ഹതയും കോളജുകളിലും സര്‍വകലാശാലകളിലും അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിനുള്ള അര്‍ഹതയും നിര്‍ണയിക്കപ്പെടുന്നതിലേക്കാണ് യു.ജി.സി -നെറ്റ് സംഘടിപ്പിക്കുന്നത്. ഒരാള്‍ക്ക് ജെ.ആര്‍.എഫിന് മാത്രമായോ ഇവ രണ്ടിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്.
ജെ.ആര്‍.എഫ് യോഗ്യത നേടുന്നവര്‍ തങ്ങളുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദതലത്തിലുള്ള വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ വേണം ഗവേഷണപഠനം നടത്തേണ്ടത്. നെറ്റില്‍ ഉയര്‍ന്ന മെറിറ്റ് കരസ്ഥമാക്കുന്നവര്‍ക്ക് അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. ജെ.ആര്‍.എഫിന് അവാര്‍ഡ് ലറ്റര്‍ നല്‍കുന്ന തീയതിമുതല്‍ രണ്ടുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
ടെസ്റ്റ്: ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റില്‍ മൂന്നുപേപ്പറുകളുണ്ടാവും. ആദ്യത്തെ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 100 മാര്‍ക്ക് വീതമാണ്. മൂന്നാമത്തെ പേപ്പറിന് 150 മാര്‍ക്കാണ്.
പേപ്പര്‍ ഒന്ന് അധ്യാപന/ഗവേഷണ അഭിരുചി വിലയിരുത്തപ്പെടുന്നതിനാണ്. റീസണിങ് എബിലിറ്റി, കോംപ്രിഹെന്‍ഷന്‍ ഡൈവര്‍ജന്‍റ് തിങ്കിങ്, ജനറല്‍ അവേര്‍നസ് എന്നിവ പരിശോധിക്കപ്പെടുന്ന ചോദ്യങ്ങളാണുണ്ടാവുക. 60 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളില്‍ 50 എണ്ണത്തിന് ഉത്തരം കണ്ടത്തെണം. ശരിയുത്തരത്തിന് രണ്ടുമാര്‍ക്ക് വീതം ലഭിക്കും. ഇതിന് പരമാവധി ഒന്നേകാല്‍ മണിക്കൂര്‍ സമയം നല്‍കും.
രണ്ടാമത്തെ പേപ്പറില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ അധികരിച്ചുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുക. 50 ചോദ്യങ്ങളുണ്ടാവും. ഒന്നേകാല്‍ മണിക്കൂര്‍ സമയം ലഭിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടത്തെണം.
മൂന്നാമത്തെ പേപ്പറിലും തെരഞ്ഞെടുക്കപ്പെടുന്ന വിഷയത്തിലുള്ള ചോദ്യങ്ങള്‍ തന്നെയാവും. 150 മാര്‍ക്കിന് 75 ചോദ്യങ്ങള്‍ ഉണ്ടാവും. പരമാവധി രണ്ടര മണിക്കൂര്‍ സമയം അനുവദിക്കും. ഇതിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടത്തെണം.
യു.ജി.സി നെറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗത്തില്‍ പെടുന്നവര്‍ പേപ്പര്‍ ഒന്നിനും രണ്ടിനും 40 മാര്‍ക്ക് വീതവും (40 ശതമാനം) മൂന്നാമത്തെ പേപ്പറിന് 75 മാര്‍ക്കും (50 ശതമാനം) ചുരുങ്ങിയപക്ഷം നേടണം. ഒ.ബി.സി നോണ്‍ക്രീമിലെയര്‍, എസ്.സി/എസ്.ടി/പി.ഡബ്ള്യു.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ യഥാക്രമം 35 മാര്‍ക്ക് (35 ശതമാനം), 60 മാര്‍ക്ക് (40 ശതമാനം) എന്നിങ്ങനെ നേടേണ്ടതുണ്ട്. സബ്ജക്ട് അടിസ്ഥാനത്തിലും കാറ്റഗറി അടിസ്ഥാനത്തിലും മെറിറ്റ് ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തും. മെറിറ്റ് ലിസ്റ്റില്‍ ഉയര്‍ന്ന 15 ശതമാനം പേരെ അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് നെറ്റ് യോഗ്യത നേടിയവരായി പ്രഖ്യാപിക്കും. ജെ.ആര്‍.എഫിന് പ്രത്യേക മെറിറ്റ് ലിസ്റ്റ് തയാറാക്കും.
നെറ്റ് വിഷയങ്ങള്‍: യു.ജി.സി-നെറ്റ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 83 വിഷയങ്ങളില്‍ ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി, ആന്ദ്രോപ്പോളജി, കോമേഴ്സ്, എജുക്കേഷന്‍, സോഷ്യല്‍ വര്‍ക്ക് ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഹോം സയന്‍സ്, പബ്ളിക് അഡ്മിനിസ്ട്രേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, മാനേജ്മെന്‍റ്, ഫിസിക്കല്‍ എജുക്കേഷന്‍, ഇന്ത്യന്‍ കള്‍ചര്‍, ലേബര്‍ വെല്‍ഫെയര്‍/പേഴ്സനല്‍ മാനേജ്മെന്‍റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍, ആര്‍ക്കിയോളജി, ക്രിമിനോളജി, വിമന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്സ്, ജ്യോഗ്രഫി, ഇന്‍റര്‍നാഷനല്‍ ആന്‍ഡ് ഏരിയ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്‍റ്, കര്‍ണാട്ടിക് മ്യൂസിക്, ഡ്രാമ/തിയറ്റര്‍ എന്നിവ അടങ്ങിയിരിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ ടെസ്റ്റ് സെന്‍ററുകളായിരിക്കും. 2016 ഒക്ടോബര്‍ 15ഓടെ പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലെ നിര്‍ദേശപ്രകാരം ജനുവരി 22ന് നടത്തുന്ന യു.ജി.സി-നെറ്റിന് അപേക്ഷിക്കാവുന്നതാണ് (www.cbsenet.nic.in).
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.