നടുവണ്ണൂർ: ബി.എഡ് അവസാന വർഷ പരീക്ഷ വൈകുന്നതിനാൽ 2021, ജൂൺ രണ്ടിന് അപേക്ഷ ക്ഷണിച്ച പി.എസ്.സി, എച്ച്.എസ്.എ സോഷ്യൽ സയൻസ് (203/2021) തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയാതെ ആയിരക്കണക്കിന് അധ്യാപക വിദ്യാർഥികൾ.
സാധാരണ മാർച്ച് മാസം പരീക്ഷ നടക്കുകയും ജൂണിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യാറുള്ളത് ഇത്തവണ കോവിഡ് കാരണം കണ്ണൂർ യൂനിവേഴ്സിറ്റി ഒഴികെ മറ്റൊരിടത്തും അവസാന വർഷ പരീക്ഷ നടന്നിട്ടില്ല. രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചിട്ടുമില്ല.
എഴ്, എട്ട് വർഷങ്ങൾ കൂടുമ്പോഴാണ് ഒരു എച്ച്.എസ്.എ വിജ്ഞാപനം ഉണ്ടാവുന്നത്. 2021ന് മുമ്പ് എച്ച്.എസ്.എ സോഷ്യൽ സയൻസ് വിജ്ഞാപനം വന്നത് 2012 അവസാനത്തോടെ ആയിരുന്നു. പരീക്ഷ നടന്നത് 2016ലും. റാങ്ക് ലിസ്റ്റ് വന്നത് 2018ലും. ആയതിനാൽതന്നെ ഇന്ന് അവസരം നിഷേധിക്കപ്പെടാൻ പോകുന്ന യോഗ്യരായ വിദ്യാർഥികൾക്ക് നഷ്ടമാവുക ഗവൺമെൻറ് ജോലി എന്ന സ്വപ്നമാണ്.
ബി.എഡ് പരീക്ഷ റദാക്കുകയോ അല്ലെങ്കിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം വേഗത്തിലാക്കുകയും വഴി എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സാവകാശം നൽകണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. പ്രസ്തുത ആവശ്യം ഉന്നയിച്ചു വിദ്യാർഥികൾ മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ മന്ത്രിമാർക്കും എം.എൽ.എ മാർക്കും വിദ്യാഭ്യാസ വകുപ്പിനും പി.എസ്.സി ബോർഡിനും സർവകലാശാലകൾക്കും ഇതിനകം നിരവധി പരാതികൾ അയച്ചിട്ടുണ്ട്.
പിജിയും നെറ്റും കെടെറ്റും പാസായവർക്ക് ബിഎഡ് പരീക്ഷയും ഫലപ്രഖ്യപനവും വൈകുന്നത് കൊണ്ട് മാത്രം അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.