തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ ഫൈനൽ ബി.ടെക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പ്രധാന ബ്രാഞ്ചുകളിൽ വിജയം കുറവ് മെക്കാനിക്കലിൽ.
മുൻകാലങ്ങളിൽ ഡിമാന്റേറെയായിരുന്ന മെക്കാനിക്കലിൽ ഇത്തവണ 39.72 ശതമാനമാണ് വിജയം. 4708 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1870 പേർക്കാണ് വിജയിക്കാനായത്. കഴിഞ്ഞവർഷം 43.34 ശതമാനമായിരുന്നു വിജയം. മറ്റ് പ്രധാന ബ്രാഞ്ചുകളിലും വിജയത്തിൽ കുറവുവന്നിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ കമ്പ്യൂട്ടർ സയൻസിൽ 7.02 ശതമാനം വിജയം കുറഞ്ഞു. 7781 പേർ പരീക്ഷയെഴുതിയതിൽ 4455 പേരാണ് (57.25 ശതമാനം) വിജയിച്ചത്. കഴിഞ്ഞവർഷം 64.27 ശതമാനമായിരുന്നു. സിവിൽ എൻജിനീയറിങ്ങിൽ കഴിഞ്ഞ വർഷം 59.33 ശതമാനമുണ്ടായിരുന്ന വിജയം ഇത്തവണ 51.51 ശതമാനമായി .
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 52.18 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 53.68 ശതമാനമായിരുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിലും വിജയം ഇടിഞ്ഞു. ഇത്തവണ 46.49 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 51.07 ശതമാനമായിരുന്നു വിജയം.
ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ തന്നെയാണ് ഇത്തവണയും ഉയർന്ന വിജയം; 84.51 ശതമാനം (കഴിഞ്ഞ വർഷം 84.84). ഫുഡ് ടെക്നോളജിയിൽ കഴിഞ്ഞ വർഷം 81.53 ശതമാനം വിജയമുണ്ടായിരുന്നത് ഇത്തവണ 66.24ആയി. പ്രധാന ബ്രാഞ്ചുകളിലെല്ലാം വിജയശതമാനത്തിൽ ഇടിവുണ്ടായത് സാങ്കേതിക സർവകലാശാലയുടെ മൊത്തം വിജയശതമാനത്തെയും പിറകോട്ടടിപ്പിച്ചു. കഴിഞ്ഞ വർഷം 55.6 ശതമാനമായിരുന്ന ബി.ടെക് വിജയം ഇത്തവണ 53.03 ശതമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.