കുസാറ്റ് ‘കാറ്റ്’ മേയിൽ

കൊച്ചി ശാസ്ത്ര സാ​ങ്കേതിക സർവകലാശാലയുടെ 2024-25 വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷ (കുസാറ്റ് കാറ്റ് 2024) ദേശീയതലത്തിൽ മേയ് 10, 11, 12 തീയതികളിൽ നടത്തും. ഇതിന്റെ രജിസ്ട്രേഷൻ ജനുവരി 27ന് തുടങ്ങി. ഫെബ്രുവരി 26 വരെ https://admission.cusat.ac.inൽ ഓൺലൈനായി ചെയ്യാം.

കോഴ്സ്, സീറ്റ്, യോഗ്യതാ മാനദണ്ഡം, പ്രവേശന പരീക്ഷ വിവരങ്ങളടങ്ങിയ ‘കുസാറ്റ് 2024’ പ്രോസ്​പെക്ടസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. നാലുവർഷത്തെ റഗുലർ ബി.ടെക്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി, അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ബി.ബി.എ, ബി.കോം/ബി.എസ്.സി, എൽഎൽ.ബി (ഓണേഴ്സ്), ത്രിവത്സര ബി.വോക്, ദ്വിവത്സര എം.എസ്.സി അടക്കമുള്ള കോഴ്സുകളിലേക്കാണ് ‘കുസാറ്റ് കാറ്റ്’ നടത്തുന്നത്. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലും ചെന്നൈ, കോയമ്പത്തൂർ, ബംഗളൂരു, ഡൽഹി മുതലായ നഗരങ്ങളിലും പരീക്ഷകേന്ദ്രങ്ങളുണ്ടാകും.

അപേക്ഷ ഫീസ് 1200 രൂപ. കേരളത്തിലെ എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 600 രൂപ മതി. ടെസ്റ്റ് കോഡുകളുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. പരമാവധി രണ്ട് ടെസ്റ്റ് കോഡുകൾക്ക് ഈ തുക മതി. എന്നാൽ, ഓരോ അധിക ടെസ്റ്റ് കോഡിനും 500 രൂപ വീതം (എസ്.സി/എസ്.ടി വിഭാഗങ്ങൾ 250 രൂപ) നൽകേണ്ടതുണ്ട്. പ്രോസ്​പെക്ടസിലെ നിർദേശങ്ങൾ വായിച്ചശേഷം രജിസ്റ്റർ ചെയ്യുക.

എം.ടെക് ഒഴികെ എല്ലാ പി.ജി പ്രോഗ്രാമുകളിലും 50 ശതമാനം ജനറൽ കാറ്റഗറി സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിലായതിനാൽ കേരളീയർക്കും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും പ്രവേശനത്തിന് അർഹതയുണ്ട്.

ഡിപ്ലോമക്കാർക്കുള്ള മൂന്നാം സെമസ്റ്റർ ബി.ടെക് പ്രവേശനം ലാറ്ററൽ എൻട്രി ടെസ്റ്റിലൂടെയും എം.ടെക്, പിഎച്ച്.ഡി മുതലായ ​പ്രോഗ്രാമുകളിൽ ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് വഴിയുമാണ്. ഗേറ്റ് സ്കോർ ഉള്ളവർക്ക് എം.ടെകിനും ഐ.ഐ.എം കാറ്റ്/സിമാറ്റ്/​കെമാറ്റ് സ്കോർ ഉള്ളവർക്ക് എം.ബി.എക്കും നേരിട്ട് പ്രവേശനം നേടാം. എം.ടെക് മറൈൻ ബയോടെക്നോളജി പ്രവേശനം ഗാട്ട് ബി ദേശീയ ബയോടെക്നോളജി എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടുകാർക്കുള്ള റഗുലർ ബി.ടെക് പ്രോഗ്രാമിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇ.സി, ഐ.ടി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർട്ടിടെക്ചറൽ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ബ്രാഞ്ചുകളിലാണ് പ്രവേശനം. ബി.ടെക് മറൈൻ എൻജിനീയറിങ്ങിന് പ്രവേശനം ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ 2024-25 വർഷത്തെ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

എം.എസ്.സി പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ ഫോട്ടോണിക്സ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ ആൻഡ് ഡാറ്റാ സയൻസ്), ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് എൽ.എൽ.ബി ഓണേഴ്സ് കോഴ്സുകളിലും പ്ലസ്ടുകാർക്കാണ് അവസരം. ത്രിവത്സര ബിവോക് ബിസിനസ് പ്രോസസ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് കോഴ്സിലും പ്ലസ്ടുകാർക്ക് അപേക്ഷിക്കാം.

ശാസ്ത്ര ബിരുദക്കാർക്ക് ദ്വിവത്സര റഗുലർ എം.എസ്.സി കോഴ്സിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ സയൻസ് സ്​പെഷലൈസേഷൻ), ഫോറൻസിക് സയൻസ്, ഇലക്ട്രോണിക് സയൻസ്, ഹൈഡ്രോ കെമിസ്ട്രി,​ ഓഷ്യാനോഗ്രാഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്സ്, മെറ്റിയോറോളജി, എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിൽ, ബയോ ടെക്നോളജി, മൈക്രോ ബയോളജി, മറൈൻ ജനോമിക്സ്, മറൈൻ ബയോളജി ഇൻഡസ്ട്രിയൽ ഫിഷറീസ്, ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി, സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ് വിഷയങ്ങളിൽ പ്രവേശനമുണ്ട്.

സോഫ്റ്റ്​വെയർ ആപ്ലിക്കേഷൻ ഡവലപ്മെന്റിലും കൺസൾട്ടൻസി മാനേജ്മെന്റിലും എം വോക് പ്രവേശനം നേടാം.അപ്ലൈഡ് ഇക്കണോമിക്സ്, ഹിന്ദി വിഷയങ്ങളിൽ എം.എ, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, എൽഎൽ.എം, എം.ടെക്, എം.സി.എ മുതാലയ പ്രോഗ്രാമുകളിലും പഠനാവസരമുണ്ട്. പ്രവേശനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രോസ്​പെക്ടസിലും കുസാറ്റ് വെബ്സൈറ്റിലും ലഭിക്കും. അന്വേഷണങ്ങൾക്ക് admission@cusat.ac.in എന്ന ഇ മെയിലിലും 0484 2577159, 2577100 എന്നീ ഫോൺനമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - Cat-Exam-Cusat-May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.