തൃശൂർ: പരീക്ഷ ചൂടിലാണ് നാട്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ തുടങ്ങി. കേരള സിലബസ് എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായ മോഡൽ പരീക്ഷയും കഴിയാറായി. പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷകളും ഒപ്പമുണ്ട്. ഈമാസം ഒമ്പതിനാണ് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നത്. കൂടെ ഹയർ സെക്കൻഡറി പരീക്ഷകളുമുണ്ടാവും. പിന്നാലെ സ്കൂളിൽ വാർഷിക പരീക്ഷകളും എത്തും.
സ്കൂളുകളിൽ സായാഹ്ന ക്ലാസുകളും രാത്രിക്ലാസുകളുമൊക്കെ പൊടിപൊടിച്ചിരുന്നു. കുട്ടികൾക്ക് ഭക്ഷണം അടക്കം നൽകി അവരെ പഠിപ്പിക്കാൻ പി.ടി.എയും ചില തദ്ദേശസ്ഥാപനങ്ങളും മുന്നിലുണ്ടായിരുന്നു. വൻതോതിലാണ് കുട്ടികൾ ചേർന്ന ട്യൂഷൻ ക്ലാസുകളിലെ ക്രാഷ് കോഴ്സുകളും അവസാനഘട്ടത്തിലാണ്. ഓരോ പാഠഭാഗങ്ങളിൽ നിന്നും പ്രധാനമായവ പഠിപ്പിക്കുകയും തുടർച്ചയായ അഞ്ചുവർഷത്തെ ചോദ്യപേപ്പറുകൾ ചികഞ്ഞ് അത് വിശകലനം ചെയ്തും പരീക്ഷ എഴുതാൻ അവരെ പൂർണ സജ്ജരാക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കളിൽ പലരും പരീക്ഷ ദിവസങ്ങൾക്കായി അവധിയിൽ പ്രവേശിച്ചിട്ടുമുണ്ട്.
കാര്യങ്ങൾ ഇങ്ങനെ മുന്നേറുമ്പോൾ കുട്ടികൾ വല്ലാത്ത സമ്മർദത്തിലാണ്. കോവിഡ് മഹാമാരിക്ക് പിന്നാലെ പഴയപടി നടക്കുന്ന പരീക്ഷ എത്രമാത്രം അനുകൂലമാവുമെന്ന ആകുലതയാണവർക്ക്. പക്ഷേ, വിട്ടുകൊടുക്കാനവർ തയാറുമല്ല.
കോവിഡ് കാലം ഒരുക്കിയ ഓൺലൈൻ പഠനരീതിയോട് കൂടുതൽ കുട്ടികൾ അടുക്കുന്നുണ്ട്. വിഡിയോയുടെ സഹായത്തോടെ ക്ലാസുകൾ കണ്ട് കേട്ടുപഠിക്കുന്ന കുട്ടികൾ കൂടിവരുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും ഇത്തരത്തിൽ ക്രാഷ് കോഴ്സുകൾ വരെ ഇപ്പോൾ ലഭ്യമാണ്. അതിനൊപ്പം കേട്ടുപഠിക്കുന്നവരും ഏറെയാണ്. ഓഡിയോയുടെ സഹായത്തോടെയാണ് ഈ പഠനം. കൂടാതെ വൈറ്റ്ബോർഡ് ഉപയോഗിച്ച് ചിത്രീകരണത്തോടെ പഠനവും തകൃതിയായുണ്ട്. ഇതൊക്കെ പ്രചാരം നേടുമ്പോഴും അധ്യാപകരുടെ ക്യാപ്സൂൾ ശൈലി അടക്കം രീതികൾക്ക് തന്നെയാണ് പ്രാമുഖ്യം. കൂട്ടായ പഠനവും തകൃതിയാണ്. ചില വിഷയങ്ങളിലെ അറിയാത്ത ഭാഗങ്ങൾ മറ്റുള്ളവരിൽനിന്നും പഠിക്കാനും അറിയുന്നവ ബാക്കിയുള്ളവർക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കും. ഇതിനായി കുട്ടികൾ തന്നെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പഠിക്കുന്നുമുണ്ട്.
മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന സ്ഥലം പഠനത്തിനായി തെരഞ്ഞെടുക്കുക. പഠനത്തിനുള്ള ടൈംടേബിൾ ഒരുക്കുന്നതിനും ഫ്ലാഷ് കാർഡുകൾ തയാറാക്കുന്നതിനും ആപ്പുകൾ ലഭ്യമാണ്. ഇവ ഉപയോഗിച്ചാൽ പഠനം കൂടുതൽ ലളിതമാവും. ടി.വിയുടെ അടക്കം ശബ്ദമില്ലാത്ത ഇതര ശല്യങ്ങളില്ലാത്ത മേഖലകൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഹാഡ് വര്‍ക്കല്ല സ്മാര്‍ട്ട് വര്‍ക്കാണ് ആവശ്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പാഠഭാഗങ്ങള്‍ എങ്ങനെ പഠിച്ചെടുക്കാമെന്നാണ് ചിന്തിക്കേണ്ടത്. വിജയത്തിന് കുറുക്കു വഴികളില്ലെങ്കിലും പഠനത്തില്‍ എളുപ്പവഴികളുണ്ട്.
തുടർച്ചയായ പഠനം കുട്ടികളെ സമ്മർദത്തിലാക്കും. വിഷയങ്ങൾക്ക് അനുസരിച്ച് സമയം നൽകി വിശ്രമത്തിന് കൂടി പ്രാമുഖ്യം നൽകിയാണവം പഠിക്കേണ്ടത്. ഇടവേളകളിൽ ബ്രേക്ക് എടുക്കുക തന്നെ വേണം. ഈ സമയങ്ങളിൽ മൊബൈൽ എടുക്കാതെ കണ്ണിന് അടക്കം വ്യായാമം നൽകേണ്ടതുണ്ട്. വേനൽചൂടിനെ പ്രതിരോധിക്കാൻ ജ്യൂസ് അടക്കം പാനീയങ്ങളുമാവാം.
പഠിക്കാൻ വെല്ലുവിളിയുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകുകയാണ് വേണ്ടത്. വിഷമമുള്ള വിഷയം പഠിക്കാൻ മാറ്റിവെക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. അതിനുപകരം കൂടുതൽ സമയവും ശ്രദ്ധയും വേണ്ട വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകേണ്ടതുണ്ട്.
സ്റ്റഡി ലീവിലും പരീക്ഷ സമയവും നന്നായി ഉറങ്ങുക തന്നെ വേണം. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം അനുവാര്യമാണ്. തലച്ചോറിന്റെ നൈസർഗികമായ പ്രവർത്തനത്തിനും ഉത്തേജനത്തിനും ഇത് അനിവര്യമാണ്. വലിച്ചുവാരിയുള്ള ഭക്ഷണം പഠന സമയത്ത് ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൊറിക്കുന്നതും നല്ലതല്ല.
പഠിച്ച പാഠഭാഗങ്ങൾ കുട്ടികൾ തന്നെ പരീക്ഷിച്ചുനോക്കണം. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പർ ഉപയോഗിച്ച് കൃത്യമായ സമയം പാലിച്ചുകൊണ്ട് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന അതേ ഗൗരവത്തിൽ ഉത്തരം എഴുതി നോക്കുക. പഠിച്ച കാര്യങ്ങൾ എത്ര കണ്ട് മനസ്സിലാക്കാനായെന്ന് തിരിച്ചറിയാൻ ഇതിലൂടെ കഴിയും.
പരീക്ഷസമയത്ത് കുറച്ച് സമ്മർദം നല്ലതാണ്. പരീക്ഷയിലേക്ക് കേന്ദ്രീകരിക്കാനും കൂടുതൽ ആന്തരിക പ്രേരണക്കും അത് സഹായകമാവും. അതേസമയം, അമിത സമ്മർദം കാര്യങ്ങൾ കുഴക്കും. അത് പരീക്ഷയെ തകിടം മറിക്കും. വേനൽചൂടിനൊപ്പം അകവും പൊള്ളിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. സമയബന്ധിതമായ ഇടവേളകളും മാനസിക ഉല്ലാസങ്ങളും അതേസമയം പുലർച്ച അടക്കം സുന്ദരനിമിഷങ്ങളിലെ പഠനവും കൃത്യവും ശാസ്ത്രീയവുമായി വിന്യസിക്കണം. അമിത പ്രതീക്ഷ വേണ്ട. എന്നാൽ, കഴിവിനെ നിസാരമായി കാണുകയും അരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.