ന്യൂഡൽഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ആദ്യം ടേം പരീക്ഷ ടൈംടേബിൾ ഒക്ടോബർ 18ന് പുറത്തുവിടും. ഓഫ്ലൈനായി നവംബർ -ഡിസംബർ മാസങ്ങളിലാകും പരീക്ഷ നടക്കുക. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷകളാകും നടത്തുക. രാവിലെ 11.30 പരീക്ഷ ആരംഭിക്കും.
കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ 10, 12 ബോർഡ് പരീക്ഷകൾ രണ്ടു ടേമുകളിലായി നടത്താൻ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. അകാദമിക് സെഷൻ വിഭജിച്ച് സിലബസ് യുക്തിസഹമാക്കുകയാണ് സി.ബി.എസ്.ഇയുടെ ലക്ഷ്യം.
ആദ്യഘട്ട പരീക്ഷ നടത്തിയതിന് ശേഷം പരീക്ഷഫലം പുറത്തുവിടും. രണ്ടാം ഘട്ട പരീക്ഷക്ക് ശേഷമാകും അവസാന ഫലം പുറത്തുവിടുക -സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭരത്വാജ് അറിയിച്ചു.
ആദ്യഘട്ട പരീക്ഷ തീരുന്നതിന് മുമ്പുതന്നെ സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷകളും ഇേന്റണൽ അസസ്മെന്റും പൂർത്തിയാക്കും. സി.ബി.എസ്.ഇ 12ാം ക്ലാസിന് 114 വിഷയങ്ങളും പത്താംക്ലാസിന് 10 വിഷയങ്ങളും ഉൾപ്പെടും.
'ആകെ 189 വിഷയങ്ങൾക്കുള്ള പരീക്ഷകൾ സി.ബി.എസ്.ഇ നടത്തണം. എല്ലാ വിഷയങ്ങളുടെയും പരീക്ഷകൾ നടത്തുന്നതിന് 45 ദിവസത്തോളം ആവശ്യമായിവരും. അതിനാൽ വിദ്യാർഥികളുടെ പഠനനഷ്ടം ഒഴിവാക്കാൻ വിഷയങ്ങെള 'മേജർ', 'മൈനർ' എന്നിങ്ങനെ തിരിച്ചാകും പരീക്ഷ നടത്തുക' -സി.ബി.എസ്.ഇ അറിയിച്ചു.
മേജർ വിഷയങ്ങളിലെ പരീക്ഷകൾ അതത് സ്കൂളുകളിൽ നടക്കും. മൈനർ വിഷയങ്ങളിൽ വിദ്യാർഥികൾ കുറവായതിനാൽ വിവിധ സ്കൂളുകളെ ചേർത്ത് ഒരിടത്ത് പരീക്ഷ നടത്താനാണ് തീരുമാനം.
ഹിന്ദി, സയൻസ്, കണക്ക്, ഇംഗ്ലീഷ് തുടങ്ങിയവ മേജർ വിഷയങ്ങളിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം എന്നിവ മൈനർ വിഭാഗത്തിലും ഉൾപ്പെടും.
2022 മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് രണ്ടാംഘട്ട പരീക്ഷ. ഒബ്ജക്ടീവാണോ സബ്ജക്ടീവാണോ പരീക്ഷയെന്ന് രാജ്യത്തെ കോവിഡ് സാഹചര്യം അനുസരിച്ചിരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.