രാജ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ എം.ബി.എ ഉൾപ്പെടെ മാനേജ്മെന്റ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്-2024) മേയിൽ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ ചുമതല. വിശദവിവരങ്ങൾ https://exams.nta.ac.in/CMATൽ ലഭിക്കും.
ഓൺലൈനായി ഏപ്രിൽ 18 വരെ അപേക്ഷിക്കാം. ഫീസ് 2000 രൂപ. വനിതകൾ/ഭിന്നലിംഗക്കാർ/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ഏപ്രിൽ 19-21 വരെ സൗകര്യമുണ്ടാവും.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റിവ് ടെക്നിക് ആൻഡ് ഡേറ്റ ഇന്റർപ്രട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം, ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് എന്നിവയിലായി 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 400 മാർക്കിനാണ് പരീക്ഷ. നെഗറ്റിവ് മാർക്കുണ്ടാകും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
അപേക്ഷിക്കുമ്പോൾതന്നെ സൗകര്യപ്രദമായ നാല് നഗരങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുത്ത് രേഖപ്പെടുത്താം. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കും. ഇന്ത്യയൊട്ടാകെ 110 നഗരങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ടാവും.
സിമാറ്റ്-2024 പരീക്ഷ തീയതി പിന്നീട് അറിയിക്കും. പരീക്ഷയുടെ വിശദാംശങ്ങളും മാനേജ്മെന്റ്-പി.ജി പ്രവേശന നടപടികളും അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.