തിരുവനന്തപുരം: കണ്ണുനിറച്ചുള്ള വിടപറച്ചിലിനും സ്നേഹ പ്രകടനങ്ങൾക്കും ഇത്തവണ പള്ളിക്കൂടമുറ്റത്ത് ഇടമില്ല. കർശന സുരക്ഷാ മാനദണ്ഡങ്ങളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ പുനരാരംഭിക്കുേമ്പാൾ നോവുന്ന മനസ്സുമായാണ് വിദ്യാർഥികൾ എത്തുന്നത്. വർഷങ്ങളോളം സഹപാഠികളായവർക്ക് യാത്ര പറയുംമുമ്പ് ഒന്ന് സ്പർശിക്കാൻ പോലും അനുമതിയില്ല. അകന്നുനിന്ന് പാതിമറച്ച മുഖങ്ങളിൽ നോക്കി അവർക്ക് വിടചൊല്ലേണ്ടിവരും.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളോടെ വിദ്യാർഥികൾ അതുവരെ പഠിച്ച വിദ്യാലയങ്ങളിൽനിന്ന് വഴിപിരിയും. എസ്.എസ്.എൽ.സി പരീക്ഷ 28നും ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ പരീക്ഷ 30നും പൂർത്തിയാകുേമ്പാൾ സ്കൂൾ അങ്കണങ്ങൾ ഇതുവരെ കാണാത്ത യാത്ര പറച്ചിലിനായിരിക്കും സാക്ഷ്യം വഹിക്കുക. സഹപാഠിയുടെ വസ്ത്രത്തിൽ മഷി കുടഞ്ഞും പേന കൊണ്ട് എഴുതിയും വർണങ്ങൾ പൂശിയുമുള്ള യാത്രപറച്ചിലിനെല്ലാം ഇത്തവണ വിലക്ക്.
വാക്കിലും നോക്കിലും ഒതുക്കി അവർക്ക് കളിക്കൂട്ടുകാരോട് യാത്ര പറഞ്ഞിറങ്ങേണ്ടിവരും. വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ വീട്ടിൽ എത്തിച്ച മാർഗനിർദേശങ്ങളിൽ പോലും ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
സ്കൂളിൽ എത്തിയാൽ കൂട്ടംകൂടാൻ പാടില്ല. ഹസ്തദാനം ഉൾപ്പെടെയുള്ള സ്നേഹ പ്രകടനങ്ങൾ പാടില്ല. അവസാന ദിവസം നടക്കുന്ന പ്രത്യേക തരം കൂട്ടംകൂടൽ പാടില്ല.
മുഖാവരണം ധരിച്ച് വാഹനത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് പരിശോധനയും കൈ അണുമുക്തമാക്കലും പൂർത്തിയാക്കി നേരെ പരീക്ഷ ഹാളിൽ കയറണം. അതിനിടെ സൗഹൃദം പുതുക്കാനുള്ള അവസരമില്ല.
പരീക്ഷക്ക് മുമ്പുള്ള അവസാനവട്ട സംശയം തീർക്കലും അനുവദനീയമല്ല. പരീക്ഷ ഹാളിൽ ഒന്നര മീറ്റർ അകലത്തിൽ ഇരുത്തം. ഒരു പേന പോലും പങ്കിടാൻ പാടില്ല. ഒാരോ ക്ലാസ് മുറിയിൽ നിന്നുമുള്ള കുട്ടികൾ ഗേറ്റിന് പുറത്തിറങ്ങുന്ന മുറക്ക് അടുത്ത ക്ലാസിൽ നിന്നുള്ളവർ പുറത്തിറങ്ങും. തമ്മിൽ കാണാനും കൂട്ടം ചേരാനുമുള്ള അവസരങ്ങളെല്ലാം ഒഴിവാക്കും. സുരക്ഷയുടെ വേലിെക്കട്ടിനകത്തുനിന്ന് യാത്ര പറയുേമ്പാഴും കളിക്കൂട്ടുകാരെ വാരിപ്പുണരാൻ കഴിയുന്ന നാളേക്കുവേണ്ടിയാണീ കരുതലെന്ന ആശ്വാസം അവരിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.