ന്യൂഡൽഹി: വിവിധ മേഖലകളിലെ അറിയപ്പെടുന്ന വ്യക്തികളെ അക്കാദമിക യോഗ്യതകൾ പരിഗണിക്കാതെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹ്രസ്വകാലത്തേക്ക് അധ്യാപകരാക്കാൻ യു.ജി.സി ഒരുങ്ങുന്നു. 'പ്രഫസേഴ്സ് ഓഫ് പ്രാക്ടീസ്' എന്ന പേരിലുള്ള പദ്ധതിയുടെ വിജ്ഞാപനം സെപ്റ്റംബറിൽ പുറപ്പെടുവിക്കും. എൻജിനീയറിങ്, ശാസ്ത്രം, മാധ്യമപ്രവർത്തനം, സാഹിത്യം, വ്യവസായ സംരംഭകത്വം, സാമൂഹികശാസ്ത്രം, കല, സിവിൽ സർവിസ്, പ്രതിരോധം തുടങ്ങിയ മേഖലകളിലെ 15 വർഷം പരിചയമുള്ള പ്രശസ്ത വ്യക്തികൾക്ക് പ്രാക്ടീസ് പ്രഫസറായി ക്ലാസെടുക്കാം. പതിവ് യോഗ്യതകളും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതടക്കമുള്ള പരിചയവും നിർബന്ധമില്ല. അതേസമയം, അധ്യാപകരാകാൻ പ്രായോഗികമായി കഴിവുള്ളവരും ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നവരുമായിരിക്കണമെന്ന് യു.ജി.സിയുടെ കരട് മാർഗരേഖ വ്യക്തമാക്കുന്നു. അടുത്ത അക്കാദമിക വർഷം മുതൽ പ്രാക്ടീസ് പ്രഫസർമാരെ നിയോഗിച്ചേക്കും.
സർവകലാശാലകളിലും കോളജുകളിലും നിലവിലുള്ള തസ്തികകളുടെ 10 ശതമാനം വരെ പ്രാക്ടീസ് പ്രഫസർമാരെ നിയമിക്കാം. തുടക്കത്തിൽ ഒരുവർഷം പഠിപ്പിക്കാൻ അവസരം നൽകും. സേവനം നീട്ടുന്നത് അതത് സ്ഥാപനങ്ങൾ വിലയിരുത്തി തീരുമാനിക്കും. മൂന്നുവർഷം വരെ നീട്ടാം. അത്യപൂർവ സന്ദർഭങ്ങളിൽ നാലാം വർഷത്തിലും പഠിപ്പിക്കാമെന്ന് യു.ജി.സിയുടെ കരട് മാർഗരേഖ പറയുന്നു. നാലുവർഷത്തിൽ കൂടുതൽ അവസരം നൽകില്ലെന്നും യു.ജി.സി വ്യക്തമാക്കുന്നു.
അധ്യാപകരുടെ സ്ഥിരനിയമനത്തെ പദ്ധതി ബാധിക്കില്ല. ജോലിയിലുള്ളതും വിരമിച്ചതുമായ അധ്യാപകരെ പരിഗണിക്കുകയുമില്ല. മൂന്ന് വിഭാഗമായായിരിക്കും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾക്ക് പഠിപ്പിക്കാൻ അവസരം ലഭിക്കുക. സർവകലാശാലയും തെരഞ്ഞെടുക്കപ്പെടുന്നവരും പരസ്പരധാരണയോടെ പ്രതിഫലം തീരുമാനിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയും സർവകലാശാലകളുടെ സ്വന്തം ഫണ്ടുപയോഗിച്ചും പ്രതിഫലം നൽകാതെ അംഗീകാരമെന്ന നിലയിലും പ്രാക്ടീസ് പ്രഫസർമാരെ നിയോഗിക്കും.
അധ്യാപനത്തിനൊപ്പം കോഴ്സുകളും കരിക്കുലവും തയാറാക്കലും നിലവിലുള്ളത് വിപുലപ്പെടുത്തലുമാണ് പ്രാക്ടീസ് പ്രഫസർമാരുടെ പ്രധാന ചുമതലകൾ. പുതിയ കോഴ്സുകൾ പരിചയപ്പെടുത്തുകയും നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കും നിർദേശം നൽകുന്നതും ചുമതലയിൽപെടും.
വ്യവസായ ലോകവും അക്കാദമിക സമൂഹവുമായി യോജിച്ചുള്ള പ്രവർത്തനം, സ്ഥിരം അധ്യാപകരുമായി ചേർന്ന് സെമിനാറുകളും ശിൽപശാലകളും പരിശീലന പ്രവർത്തനങ്ങളും സംഘടിപ്പിക്കൽ എന്നിവയും ഇവരുടെ കടമയാണ്.
വിവിധ മേഖലകളിലെ പ്രശസ്തരെ പ്രാക്ടീസ് പ്രഫസർ പദവിയിലേക്ക് നാമനിർദേശം ചെയ്യാം. സ്വയം നാമനിർദേശത്തിനും അവസരമുണ്ട്. നാമനിർദേശങ്ങൾ സർവകലാശാലയിലെ രണ്ട് മുതിർന്ന പ്രഫസർമാരും പുറത്തുനിന്നുള്ള വിദഗ്ധനും പരിശോധിച്ച് അക്കാദമിക് കൗൺസിലിനും സിൻഡിക്കേറ്റിനും ശിപാർശ ചെയ്യും. സിൻഡിക്കേറ്റാകും അന്തിമതീരുമാനമെടുക്കുക. നേരത്തേ, രാജ്യത്തെ ചില സർവകലാശാലയിൽ പ്രമുഖർക്ക് ക്ലാസെടുക്കാൻ അവസരം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.