തിരുവനന്തപുരം: വിദ്യാർഥികളുടെ ഭാഗത്ത് നിന്നടക്കം വ്യാപക എതിർപ്പുയരുന്നതിനിടെ സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും സർവകലാശാല പരീക്ഷകളും ഇന്ന് ആരംഭിക്കും. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് കോവിഡ് കാലത്ത് പരീക്ഷകൾ നടത്തുക. കോവിഡിൽ കാര്യമായ കുറവ് വരാതിരിക്കുകയും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാറ്റണമെന്ന ആവശ്യം തള്ളിയാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പരീക്ഷ തുടങ്ങുന്നത്.
പരീക്ഷക്ക് പുറപ്പെടുന്ന വിദ്യാർഥികളെ തടയില്ല. ഹാൾ ടിക്കറ്റ് കാണിക്കുന്ന വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം വർധിക്കുന്ന സമയത്ത് ഓഫ് ലൈനായി പരീക്ഷ നടത്തുമെന്നതിനെതിരെ പലകോണിൽ നിന്നായി വിദ്യാർഥികളും പ്രതിപക്ഷ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പെടുക്കാൻ സാധിച്ചിട്ടില്ലെന്ന കാര്യവും വിദ്യാർഥികൾ ഉയർത്തിക്കാട്ടുന്നു. എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുകയെന്നാണ് സർക്കാർ പറയുന്നത്. പരീക്ഷ മാറ്റി വെക്കുന്നത് അക്കാദമിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് സർവകലാശാലളുടെ നിലപാട്.
കോവിഡ് ആയതിനാൽ കൂടുതൽ ക്രമീകരണം നടത്തിയാണ് സർവകലാശാലകൾ പരീക്ഷ നടത്തുന്നത്. പരീക്ഷകൾക്കായി കൂടുതൽ പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രോഗബാധിതരായവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്താനാണ് തീരുമാനം. വിദ്യാർഥികൾക്ക് ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കിയാണ് ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷ നടത്തുന്നത്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കില്ല. പരീക്ഷാ സമയവും പ്രാക്ടിക്കൽ വിഷയങ്ങളും വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുന്നത്.
കണ്ണൂർ സർവകലാശാലയിൽ െറഗുലർ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ ബിരുദപരീക്ഷ 30നും വിദൂര വിഭാഗത്തിലേത് 29നുമാണ് ആരംഭിക്കുന്നത്. മറ്റ് മൂന്ന് സർവകലാശാലകളിലും തിങ്കളാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്. പൊതുഗതാഗതം ആരംഭിക്കാതെ എങ്ങനെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുമെന്നതാണ് വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്ക. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച നിയന്ത്രണത്തിലാണ് സർവിസ്. പല സ്വകാര്യ ബസുകളും സർവിസ് നടത്തുന്നുമില്ല.
ചില സർവകലാശാലകൾ വീടിനടുത്ത കോളജുകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒേട്ടറെ വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചിട്ടില്ല. കോവിഡ് ബാധിതർക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല. ഇവർക്ക് പിന്നീട് നടത്താനാണ് തീരുമാനം. ക്വാറൻറീനിൽ കഴിയുന്നവർക്ക് രേഖ ഹാജരാക്കിയാൽ പിന്നീട് നടത്തുന്ന പരീക്ഷ എഴുതാം. ഹോസ്റ്റൽ വിദ്യാർഥികൾക്കും പരീക്ഷക്ക് ഹാജരാകുന്നത് വെല്ലുവിളിയാണ്. ഒരു ഡോസ് വാക്സിൻ പോലും എടുക്കാൻ കഴിയാതെയാണ് മിക്ക വിദ്യാർഥികളും പരീക്ഷക്ക് ഹാജരാകേണ്ടിവരുന്നത്.
പരീക്ഷനടത്തിപ്പിന് സർക്കാറും സർവകലാശാലകളും മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷ ഹാളിൽ വിദ്യാർഥികൾക്കിടയിൽ ഒന്നര മീറ്റർ അകലം ഉറപ്പാക്കി പരമാവധി 20 പേരെയേ അനുവദിക്കാൻ പാടുള്ളൂ. വിദ്യാർഥികൾ ഹാജർ ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ട. മറ്റ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.