തിരുവനന്തപുരം: യാത്ര സാധ്യമായ അധ്യാപകരെ ഉപയോഗിച്ച് 85 ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയ ക്യാമ്പുകൾ ബുധനാഴ്ച ആരംഭിക്കും. മൊത്തം 92 ക്യാമ്പുകളാണ് നിശ്ചയിച്ചതെങ്കിലും ചില സ്കൂളുകളിൽ കോവിഡ് പ്രതിരോധ ഭാഗമായി തെരുവിൽ കഴിയുന്ന അഗതികളെ പാർപ്പിച്ചിരിക്കുകയാണ്.
ഇവിടങ്ങളിലെ അന്തേവാസികളെ മാറ്റാൻ കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാറ്റുന്നതിനനുസരിച്ച് ഇവിടെയും ക്യാമ്പ് ആരംഭിക്കും.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഇത്തരം ക്യാമ്പുകൾ കൂടുതൽ. പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ സ്വന്തം സൗകര്യം ഉപയോഗിച്ചാണ് അധ്യാപകർ എത്തേണ്ടത്.
മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും മൂല്യനിർണയമുണ്ടാകും. ചില ജില്ലകളിൽ ഹയർ സെക്കൻഡറി അധ്യാപകരെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരെ വിട്ടുനൽകാൻ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനസൗകര്യമില്ലാത്തതിെൻറ പേരിൽ ക്യാമ്പിൽ എത്താത്തവർക്കെതിരെ നടപടിയുണ്ടാകില്ല.
ഇവർ വാഹന സൗകര്യമൊരുങ്ങുന്ന മുറക്ക് എത്തണം. അധ്യാപകരിൽ ഭൂരിഭാഗവും വനിതകൾ ആയതിനാൽ വരുന്നവർ കുറയുമെന്നാണ് സൂചന. ദിവസവും എത്തുന്നവരുടെ എണ്ണം ഹയർ സെക്കൻഡറി പരീക്ഷവിഭാഗം ശേഖരിക്കും.
അതേസമയം, മേയ് 21 മുതൽ 29 വരെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താനുള്ള ശ്രമത്തിെൻറ ഭാഗമായി വിദ്യാഭ്യാസവകുപ്പ് കുട്ടികളുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷക്ക് സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികളുടെ എണ്ണമാണ് പ്രധാനമായും എടുക്കുന്നത്. ഇവർക്ക് സാധ്യമായ കേന്ദ്രത്തിൽ പരീക്ഷാസൗകര്യം ഒരുക്കാനാണിത്.
ജില്ലക്ക് പുറത്ത് പരീക്ഷ ഡ്യൂട്ടിയുള്ള 850ഒാളം അധ്യാപകരുടെ വിവരം ഹയർ സെക്കൻഡറി വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് പരീക്ഷസമയം വാഹനസൗകര്യമില്ലെങ്കിൽ വിദ്യാഭ്യാസവകുപ്പ് ഒരുക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.