ജെ.ഇ.ഇ മെയിന്‍ –2017 ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടികള്‍) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ടികള്‍) കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള പുതുവര്‍ഷത്തെ ദേശീയതല ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സമയമായി.  2017 ജനുവരി രണ്ടു വരെ അപേക്ഷകള്‍ സ്വീകരിക്കും. www.jeemain.nic.in എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പരീക്ഷയെപ്പറ്റിയുള്ള സമഗ്ര വിവരങ്ങളും ലഭ്യമാണ്. ഐ.ഐ.ടികളിലെ എന്‍ജിനീയറിങ് അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കും യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ പങ്കെടുക്കുന്നതിനും ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടണം. അപേക്ഷാ സമര്‍പ്പണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ജെ.ഇ.ഇ മെയിന്‍ 2017 ഓഫ്ലൈന്‍ പരീക്ഷ ഏപ്രില്‍ രണ്ടിനും ഓണ്‍ലൈന്‍ പരീക്ഷകള്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിലും നടക്കും. രണ്ട് പേപ്പറാണ് പരീക്ഷയിലുള്ളത്. പേപ്പര്‍ ഒന്ന് ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ളതാണ്. ഇത് ഓഫ്ലൈനായും ഓണ്‍ലൈനായും നടത്തുന്ന ഏതെങ്കിലുമൊരു പരീക്ഷയില്‍ പങ്കെടുക്കാം. എന്നാല്‍, പേപ്പര്‍ രണ്ട് ബി.ആര്‍ക്/ബി. പ്ളാനിങ് കോഴ്സ് പ്രവേശനത്തിനുള്ളതാണ്. ഇത് ഏപ്രില്‍ രണ്ടിന് ഓഫ്ലൈനായി മാത്രം നടത്തും. ഇക്കുറി ജെ.ഇ.ഇ മെയിന്‍ റാങ്കിങ്ങിന് പ്ളസ് ടു/ തുല്യ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല.
സി.ബി.എസ്.ഇ ആണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുക. റാങ്ക് പരിഗണിച്ച് 31 എന്‍.ഐ.ടികളിലും 20 ഐ.ഐ.ടികളിലും 19 മറ്റ് സാങ്കേതിക സ്ഥാപനങ്ങളിലുമാണ് പ്രവേശനം ലഭിക്കുക.
ഇന്ത്യയില്‍ പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്ന ജനറല്‍/ഒ.ബി.സി വിഭാഗത്തില്‍പെടുന്ന ആണ്‍കുട്ടികള്‍ക്ക് പേപ്പര്‍ ഒന്ന് അല്ളെങ്കില്‍ രണ്ടിന് 1000 രൂപയും പെണ്‍കുട്ടികള്‍ക്ക് 500 രൂപയുമാണ് പരീക്ഷാ ഫീസ്. രണ്ടു പേപ്പറുകള്‍ക്കും കൂടി യഥാക്രമം 1800 രൂപ, 900 രൂപ എന്നിങ്ങനെ പരീക്ഷാ ഫീസായി നല്‍കിയാല്‍ മതി.
പട്ടികജാതി /വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്  (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) പേപ്പര്‍ ഒന്നിന് അല്ളെങ്കില്‍ രണ്ടിന് 500 രൂപ വീതം മതി. ഈ ഫീസ് നിരക്കുകള്‍ പെന്‍, പേപ്പര്‍ ഉപയോഗപ്പെടുത്തുന്ന ഓഫ്ലൈന്‍ പരീക്ഷക്കുള്ളതാണ്.എന്നാല്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്ക് പേപ്പര്‍ ഒന്നിന്/രണ്ടിന് ജനറല്‍/ഒ.ബി.സി വിഭാഗത്തില്‍പെടുന്ന ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 250 രൂപയും മതി. പട്ടികജാതി വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും 250 രൂപ വീതം മതി. എന്നാല്‍, രണ്ട് പേപ്പറുകള്‍ക്കും കൂടി ജനറല്‍/ഒ.ബി.സി വിഭാഗത്തില്‍പെടുന്ന ആണ്‍കുട്ടികള്‍ക്ക് 1300 രൂപയും പെണ്‍കുട്ടികള്‍ക്ക് 650 രൂപയും മതി. പട്ടികജാതിവര്‍ഗം/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പെടുന്ന ആണ്‍/പെണ്‍കുട്ടികള്‍ക്ക് 650 രൂപ വീതം പരീക്ഷാഫീസ് നല്‍കിയാല്‍മതി.
യോഗ്യത: അപേക്ഷകര്‍ 1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ളാസ്/തുല്യ പരീക്ഷ 2015 അല്ളെങ്കില്‍ 2016 വര്‍ഷത്തില്‍ വിജയിച്ചവരായിരിക്കണം.
2017ല്‍ പ്ളസ് ടു/തുല്യബോര്‍ഡ് പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അഞ്ചു വിഷയത്തിലെങ്കിലും യോഗ്യതാപരീക്ഷക്ക് പഠിച്ചിരിക്കണം. ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ളോമക്കാര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലുള്ള പേപ്പര്‍ ഒന്ന് (ബി.ഇ/ബി.ടെക്) പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. പെന്‍ ആന്‍ഡ് പേപ്പര്‍ അല്ളെങ്കില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതം എന്നിങ്ങനെ രണ്ടുതരത്തിലും പേപ്പര്‍ ഒന്ന് പരീക്ഷയുണ്ടാവും. പേപ്പര്‍ രണ്ട് ബി.ആര്‍ക്/ ബി.പ്ളാനിങ് പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള മാത്തമാറ്റിക്സ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റുകള്‍ക്ക് പുറമെ ഡ്രോയിങ് ടെസ്റ്റുമുണ്ടാകും. മൂന്ന് മണിക്കൂറാണ് അനുവദിക്കുക. വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റിലുണ്ട്. പരമാവധി മൂന്നു തവണ മാത്രമേ ജെ.ഇ.ഇ ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളാണ്. ലക്ഷദ്വീപില്‍ കവരത്തിയാണ് കേന്ദ്രം. കര്‍ണാടകത്തില്‍ മാംഗ്ളൂര്‍, ഹുബ്ബള്ളി, ബംഗളൂരു എന്നിവയും തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, മധുര, ചെന്നൈ എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിലെ  ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ദുബൈ, മസ്കത്ത്, റിയാദ്, ഷാര്‍ജ, കൊളംബോ, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.