തൃശൂർ: ഏറ്റവുമധികം അപേക്ഷകരും പരീക്ഷകേന്ദ്രവും മികച്ച പഠനകേന്ദ്രവുമുള്ള കേരളത്തിലെ അപേക്ഷകരെ പുതിയ അധ്യയന വർഷ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷക്കു മുമ്പ് ‘പുറത്താക്കി’ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). സയൻസ് അനുബന്ധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി കഴിഞ്ഞവരിൽ വലിയൊരു വിഭാഗം ആഗ്രഹിക്കുന്ന കോഴ്സുകളുള്ള ഐസറിന്റെ ഇത്തവണത്തെ അഭിരുചി പരീക്ഷക്ക് കേരളത്തിൽനിന്ന് അപേക്ഷിച്ച പലർക്കും തമിഴ്നാട്ടിൽ ഏറെ ദൂരെയുള്ള സ്ഥലങ്ങളിലാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ജൂൺ ഒമ്പതിനാണ് പരീക്ഷ.
രാജ്യത്ത് ഏഴ് ഐസറുകളിലേക്കായി 35,000ത്തോളം പേരാണ് അഭിരുചി പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളത്. വിവിധ കോഴ്സുകൾക്ക് 2000ത്തിൽ താഴെ സീറ്റാണുള്ളത്. കേരളത്തിൽ എല്ലാ ജില്ലയിലും അഭിരുചി പരീക്ഷകേന്ദ്രമുണ്ട്. കേരളത്തിലാണ് ഏറ്റവുമധികം പരീക്ഷകേന്ദ്രമുള്ളതും. എന്നാൽ, ഐസർ ഇല്ലാത്ത തമിഴ്നാട്ടിലെ തഞ്ചാവൂർ അടക്കമുള്ള സ്ഥലങ്ങളാണ് കേരളത്തിൽനിന്നുള്ള അപേക്ഷകരിൽ അധികം പേർക്കും അഭിരുചി പരീക്ഷക്ക് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും അഭിരുചി പരീക്ഷ എഴുതാൻ പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
കേരളത്തിൽ എൻജിനീയറിങ് -മെഡിക്കൽ പ്രവേശന പരീക്ഷയായ ‘കീം’ നടക്കുന്ന ദിവസങ്ങളിലൊന്നിൽതന്നെയാണ് ഐസർ അഭിരുചി പരീക്ഷ എന്നതാണ് മറ്റൊരു പ്രശ്നം. ജൂൺ അഞ്ച് മുതൽ ഒമ്പത് വരെയാണ് കീം പരീക്ഷ. കീമിന് അപേക്ഷിച്ചവരോട് മറ്റേതെങ്കിലും പ്രവേശന -അഭിരുചി പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അറിയിക്കാൻ പ്രവേശന പരീക്ഷ കമീഷണർ ആവശ്യപ്പെട്ടിരുന്നു. വിവരം നൽകിയവർക്ക് അതനുസരിച്ച ക്രമീകരണം ഏർപ്പെടുത്തി. എന്നാൽ, ഐസർ അഭിരുചി പരീക്ഷ ഒറ്റ ദിവസം മാത്രമായതിനാൽ രണ്ടും എഴുതേണ്ടവർക്ക് ഒന്ന് ഉപേക്ഷിക്കണം. കീം എഴുതുന്നവരിൽ പലർക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകളിലാണ് ഐസർ അഭിരുചി പരീക്ഷകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.