ഐസർ അഭിരുചി പരീക്ഷ


രാജ്യത്തെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസറുകൾ) 2024-25 വർഷം നടത്തുന്ന പഞ്ചവത്സര ബി.എസ്-എം.എസ് (ഡ്യൂവൽ ഡിഗ്രി), നാലുവർഷത്തെ ബി.എസ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനായി മേയ് 13 വരെ അപേക്ഷിക്കാം.

ജൂൺ ഒമ്പതിന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (ഐ.എ.ടി-2024) അടിസ്ഥാനത്തിൽ മാത്രമാണ് പ്രവേശനം. തിരുവനന്തപുരം (വിതുര), തിരുപ്പതി, പുണെ, മൊഹാളി, ബർഹാംപൂർ, ഭോപാൽ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഐസറുകൾ ഉള്ളത്.

ശാസ്ത്രവിഷയങ്ങളിൽ ഹയർ​ സെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 60 ശതമാനം (എസ്.സി/ എസ്.ടി/ പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മതി) മാർക്കിൽ കുറയാതെ 2022,2023 വർഷം വിജയിച്ചവർക്കും 2024ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1000 രൂപ മതി. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iiseradmission.inൽ ലഭിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.

നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) പ്രോഗ്രാം ഐസർ ഭോപാലിൽ മാത്രമാണുള്ളത്. എൻജിനീയറിങ് സയൻസസിലും ഇക്കണോമിക് സയൻസസിലുമാണ് പഠനാവസരം.

ഗവേഷണ ഇന്റേൺഷിപ്പുകളും വർഷത്തോളം നീളുന്ന എം.എസ് റിസർച്ച് പ്രോജക്ടുകളും ഇന്റർ ഡിസിപ്ലിനറി ഗവേഷണപഠനങ്ങളും ലോകോത്തര ലബോറട്ടറി സൗകര്യങ്ങളുമെല്ലാം ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതകളാണ്. പ്രവേശനം ലഭിക്കുന്നവർ കാമ്പസിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. ഇൻസ്​പെയർ സ്കോളർഷിപ്, ചികിത്സ സൗകര്യങ്ങളുമുണ്ടാവും. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ.

Tags:    
News Summary - Iser Aptitude Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.