ജെ.ഇ.ഇ മെയിൻ 2025: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ജനുവരിയിൽ നടക്കുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷന്റെ ജെ.ഇ.ഇ മെയിൻ) ആദ്യ പേപ്പറിന്റെ ടൈംടേബിൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. ഇന്ത്യക്കകത്തുള്ള വിവിധ കേന്ദ്രങ്ങളിലും ഇന്ത്യക്കു പുറത്തുള്ള 15 നഗരങ്ങളിലുമായാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുക. ഒന്നാം പേപ്പറിന്റെ ടൈംടേബിളും തീയതിയുമാണ് ഇപ്പോൾ പുറത്തുവിട്ടത്.

ജനുവരി 22,23, 24, 28, 29 തീയതികളിലായാണ് പരീക്ഷ നടക്കുക. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് പരീക്ഷയുടെ ആദ്യ ഘട്ടം. ഉച്ചക്കു ശേഷം മൂന്നു മുതൽ 6.30 വരെയാണ് അടുത്ത ഘട്ടം. രണ്ടാം പേപ്പർ ജനുവരി 30ന് നടക്കും. ഉച്ചക്കു ശേഷം മൂന്നു മുതൽ 6.30 വരെയാണ് പരീക്ഷ സമയം. കൂടുതൽ വിവരങ്ങൾക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റ് nta.ac.in സന്ദർശിക്കുക.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകളാണ് പരീക്ഷക്ക് ഉണ്ടാകുക. പേപ്പർ -1ൽ (ബി.ഇ./ബി.ടെക്.), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്ന്‌ (തുല്യ വെയിറ്റേജോടെ) രണ്ടുഭാഗങ്ങളിലായി 25 ചോദ്യങ്ങൾവീതമുണ്ടാകും. ഓരോ വിഷയത്തിലും സെക്‌ഷൻ എ-യിൽ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്‌ഷൻ ബിയിൽ അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ന്യൂമറിക്കൽ വാല്യു ആയിരിക്കും) ചോദ്യങ്ങളുമുണ്ടാകും. എല്ലാം നിർബന്ധമാണ്.

രണ്ടാം പേപ്പർ ആർക്കിടെക്ചർ, പ്ലാനിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനത്തിനാണ്. ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.) പ്രവേശനപരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക്, ഓരോന്നിനും മൂന്നുഭാഗമുണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട്‌ I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട്‌ II) എന്നിവ രണ്ടിനുമുണ്ടാകും. മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരംനൽകണം. പാർട്ട്‌ ll-ൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. എല്ലാത്തിനും ഉത്തരംനൽകണം. മൂന്നാംഭാഗം 2 എയിൽ ഡ്രോയിങ് ടെസ്റ്റും 2 ബിയിൽ പ്ലാനിങ് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2 എയിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും. ഡ്രോയിങ് ടെസ്റ്റ് ഓഫ് ലൈൻ ആയിരിക്കും. 50 മാർക്കുവീതമുള്ള രണ്ടുചോദ്യങ്ങളുണ്ടാകും. രണ്ട് വിഭാഗങ്ങളിലും നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ ജി.എഫ്.ടി.ഐ), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനീയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി.യിലെ ബി.ടെക്., ബി.ആർക്., കോട്ടയം ഐ.ഐ.ഐ.ടി.യിലെ ബി.ടെക്. പ്രവേശനങ്ങൾ ഈ പരീക്ഷകൾ വഴിയാണ്.

Tags:    
News Summary - JEE Main 2025: Admission schedule for Paper 1 released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.