കാസർകോട്: കേരള പി.എസ്.സി നടത്തുന്ന യു.പി സ്കൂൾ -എൽ.പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷകളുടെ അവസാന തീയതി അടുത്തിരിക്കെ പരീക്ഷഭവനിൽ പ്രതീക്ഷയർപ്പിച്ച് കെ-ടെറ്റ് പരീക്ഷ എഴുതിയവർ. 2023 ഡിസംബർ 29, 30 തീയതികളിലാണ് വിവിധ ജില്ലകളിൽ കെ-ടെറ്റ് പരീക്ഷ നടന്നത്. ഈ വർഷത്തോടെ പ്രായപരിധി കഴിയുന്ന ഉദ്യോഗാർഥികളാണ് ആശങ്കയിലുള്ളത്. സംവരണമില്ലാത്ത മുന്നാക്കവിഭാഗത്തിൽ കെ-ടെറ്റ് കടന്നുകൂടണമെങ്കിൽ കുറഞ്ഞത് 90 മാർക്ക് വേണം; 60 ശതമാനം മാർക്ക്.
ഈ മാനദണ്ഡം കാരണം മുന്നാക്കക്കാരിലെ ഉദ്യോഗാർഥികളിൽ പലരും പല പ്രാവശ്യം പരീക്ഷ എഴുതേണ്ട അവസ്ഥയാണ്. നന്നായി പഠിച്ച് പരീക്ഷയെഴുതിയാലും സംവരണവിഭാഗങ്ങൾ കടന്നുകൂടുകയും മറ്റുള്ളവർ മികച്ച മാർക്ക് വാങ്ങിയാലും പടിക്ക് പുറത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.
കെ-ടെറ്റ് പരീക്ഷ കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം. മൂല്യനിർണയം കരാർപ്രകാരം കേരളത്തിന് പുറത്തുള്ള കമ്പനിയാണ് നടത്തുന്നത്. ഉത്തരസൂചിക സൈറ്റിൽ ഇട്ടതിനുശേഷം 15 ദിവസത്തിനുള്ളിൽ ആക്ഷേപമോ പരാതിയോ സമർപ്പിക്കാനുള്ള സമയമാണ്. പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ച് വീണ്ടും സൈറ്റിൽ ഉത്തരസൂചിക ഇട്ടതിനുശേഷമാണ് ഫലം ആത്യന്തികമായി പ്രസിദ്ധീകരിക്കുക.
ജനുവരി 31നുള്ളിൽ കെ-ടെറ്റ് ഫലം വന്നില്ലെങ്കിൽ പ്രായപരിധി കഴിയുന്നവരുടെ അവസരം നഷ്ടമാവും.
കെ-ടെറ്റ് വർഷത്തിൽ രണ്ടു തവണയുണ്ടാകുമെങ്കിലും യു.പി -എൽ.പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷകൾ മൂന്നുവർഷത്തെ ഇടവേളകളിലാണ് നടക്കാറുള്ളത്. യു.പി.എസ്.എ റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരുവർഷവും പരമാവധി മൂന്നു വർഷവുമാണ് കാലാവധി. 2023ൽ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് 2025ലായിരിക്കും. ഇതോടെ പ്രായപരിധി കഴിയുന്നവരുടെ അവസരം അനിശ്ചിതത്വത്തിലാകും.
517/2019 വിജ്ഞാപനപ്രകാരം വിവിധ ജില്ലകളിൽ പരീക്ഷ എഴുതിയത് 1,06,755 പേരാണ്. ഇപ്രാവശ്യം അതിലും കൂടാനാണ് സാധ്യതയെന്ന് അധികൃതർ പറയുന്നു. ജനുവരി 31നുള്ളിൽ കെ-ടെറ്റ് ഫലം പ്രഖ്യാപിക്കുകയാണെങ്കിൽ ഇവരുടെ കാര്യത്തിൽ പ്രതീക്ഷ വാനോളമാണ്.
ജനുവരി 31നുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പരീക്ഷഭവനിലെ കെ-ടെറ്റ് വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.