മാനസിക സമ്മർദ്ദമകറ്റലാണ് ഏറ്റവും പ്രധാനം -നീറ്റ് ടോപ്പർമാർ വിജയ രഹസ്യം പറയുന്നു

രാജസ്ഥാനിൽ നിന്നുള്ള തനിഷ്കയാണ് ദേശീയ തലത്തിൽ ഇത്തവണത്തെ നീറ്റ് ടോപ്പർ. 720ൽ 715 മാർക്ക് നേടിയാണ് ഈ മിടുക്കി ഒന്നാമതെത്തിയത്. ഡൽഹിയിലെ ആശിഷ് ബത്രയാണ് രണ്ടാമത്(), കർണാടകയിലെ ഹൃഷികേശ് നാഗ്ഭൂഷൺ ഗാംഗുലി ആണ് മൂന്നാമത്. കർണാടകയിലെ രുച പവാഷെ ആണ് നാലാംസ്ഥാനത്ത്. എല്ലാവർക്കും ലഭിച്ചത് 715മാർക്ക് ആണ്. എന്നാൽ ജനനതീയതി കൂടി കണക്കിലെടുത്തപ്പോഴാണ് തനിഷ്കക്ക് ഒന്നാമയായത്. ഇവരുടെയെല്ലാം വിജയ രഹസ്യങ്ങളെ കുറിച്ച് അറിയാം.

തനിഷ്ക

ഹരിയാനയിലാണ് യഥാർഥത്തിൽ തനിഷ്ട ജനിച്ചത്. രാജസ്ഥാനിലെ കോടയിലാണ് താമസം. രണ്ടു വർഷം വീട്ടിൽ നിന്ന് മാറിനിന്നാണ് തനിഷ്ക നീറ്റിനായി തയാറെടുത്തത്. ഫലമറിഞ്ഞയുടൻ അമ്മ സന്തോഷം കൊണ്ട് വിങ്ങിക്കരഞ്ഞു. തന്റെ പിതാവിനെ ഒരിക്കൽ പോലും ഇങ്ങനെ വികാരാധീനനായി കണ്ടിട്ടില്ലെന്നും തനിഷ്ക പറയുന്നു. ഡൽഹി എയിംസിൽ ​പഠനം നടത്താനാണ് കനിഷ്കയുടെ തീരുമാനം. അതിനു മുമ്പുള്ള കുറച്ചു കാലം സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ചു കഴിയണമെന്നും ഈ മിടുക്കി ആഗ്രഹിക്കുന്നു.

വത്സ ആശിഷ് ബത്ര

പരീക്ഷയുടെ സമ്മർദ്ദം അതിജീവിക്കാൻ വളരെയധികം പരിശീലനം ആവശ്യമാണെന്നാണ് ഡൽഹി സ്വദേശിയായ വത്സ ആശിഷ് ബത്ര പറയുന്നത്. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ടാകും. എന്നാൽ ഒന്നും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കില്ല. അതുപോലെ ആത്മവിശ്വാസം കൂടിപ്പോയാലും അപകടമാണ്. ധ്യാനത്തിലൂടെ മനസിനെ നിയന്ത്രണത്തിൽ നിർത്താൻ സാധിച്ചു എന്നതാണ് തന്റെ വിജയമന്ത്രമെന്നും ആശിഷ് പറയുന്നു. അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ രണ്ടാം റാങ്കാണ് ആശിഷിന് ലഭിച്ചത്.

സാഹിർ ബജാജ്

മഹാരാഷ്ട്ര സ്വദേശിയാണ് സാഹിർ ബജാജ്. ദേശീയ തലത്തിൽ 20 ാം റാങ്ക് സംസ്ഥാന തലത്തിൽ രണ്ടാം റാങ്കുമാണ് ലഭിച്ചത്. രണ്ടുവർഷമായി നീറ്റ് പരീക്ഷക്ക് തയാറെടുപ്പ് നടത്തുകയാണ്. എല്ലാവരെയും പോലെ കടുത്ത സമ്മർദ്ദത്തിലാണ് പരീക്ഷയെഴുതിയതെന്നും സാഹിർ പറയുന്നു. മാനസിക സമ്മർദ്ദം അതിജീവിക്കാൻ സ്​പോർട്സ് ഐറ്റങ്ങളോ വ്യായാമമോ അനിവാര്യമാണ്. പഠനത്തിന്റെ ചെറിയ ഇടവേളകളിൽ കണ്ണുകളടച്ച് അൽപനേരം ഇരുന്ന് ദീർഘമായി ശ്വാസമെടുക്കാറുണ്ടായിരുന്നു. അത് ഒരുപാട് സഹായിച്ചു. നീറ്റിന് തയാറെടുക്കുന്നവർ മാനസിക സമ്മർദ്ദമകറ്റാൻ സമാന രീതികളെന്തെങ്കിലും പരീക്ഷിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ മിടുക്കന്റെ ഉപദേശം.

വൈദേഹി ഝാ

മഹാരാഷ്ട്രയിലെ പെൺകുട്ടികളിൽ നീറ്റ് ടോപ്പറായ വൈദേഹിക്ക് അഖിലേന്ത്യ തലത്തിൽ 21ാം റാങ്കാണ് ലഭിച്ചത്. ഡൽഹി എയിംസിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം കടുത്ത മാനസിക സമ്മർദ്ദമാണ് നേരിട്ടത്. അത് അതിജീവിക്കാൻ തന്റെ ഹോബികളിലേക്ക് തിരിയുകയായിരുന്നു. അങ്ങനെ സമ്മർദ്ദമകറ്റിയെന്ന് വൈദേഹി പറയുന്നു. 2022ലെ നീറ്റ് പരീക്ഷക്ക് 18,72,343പേരാണ് രജിസ്റ്റർ ചെയ്തത്. 17,64,571 പേർ പരീക്ഷയെഴുതി. 9,93,069 വിദ്യാർഥികളാണ് നീറ്റ് യോഗ്യത നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടിയത് ഉത്തർപ്രദേശിൽ നിന്നാണ്. മഹാരാഷ്ട്രയാണ് തൊട്ടുപിറകിൽ.

Tags:    
News Summary - neet toppers across India describe their journey to success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.