തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശിനി തനിഷ്ക ഒന്നാം റാങ്ക് നേടി. ഡൽഹി സ്വദേശി വത്സ ആഷിഷ് ബട്ര രണ്ടും കർണാടക സ്വദേശി ഋഷികേശ് നാഗ്ഭൂഷൺ ഗാംഗുലി മൂന്നും റാങ്കുകൾ നേടി. ദേശീയതലത്തിൽ 47ാം റാങ്ക് നേടിയ പി. നന്ദിത (99.9972 പെർസൻറയിൽ സ്കോർ) കേരളത്തിൽനിന്ന് പരീക്ഷയെഴുതിയവരിൽ ഒന്നാം സ്ഥാനത്തെത്തി.
സംസ്ഥാനത്ത് പരീക്ഷയെഴുതിയ 1,16,395 പേരിൽ 64,034 പേർ യോഗ്യത നേടി. ദേശീയതലത്തിൽ 17,64,571 പേർ പരീക്ഷയെഴുതിയതിൽ 9,93,069 പേർ യോഗ്യത നേടി. നീറ്റ് പരീക്ഷയിൽ യോഗ്യത നേടുകയും പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തവരെ ഉൾപ്പെടുത്തി കേരള റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമീഷണർ തയാറാക്കും.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റ് ഒഴികെയുള്ള മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കും കേരള റാങ്ക് പട്ടികയിൽനിന്ന് പ്രവേശന പരീക്ഷ കമീഷണറാണ് അലോട്ട്മെൻറ് നടത്തുക. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് ദേശീയതലത്തിൽ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയാണ് പ്രവേശന നടപടികൾ നടത്തുക. ഫലം അറിയാൻ neet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.