തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പ്രാഥമിക പരീക്ഷ മൂല്യനിർണയത്തിൽ കൈപൊള്ളി പി.എസ്.സി. 9,000ഒാളം ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ മെഷീൻ വഴി മൂല്യനിർണയം നടത്താനായില്ല. കുറഞ്ഞ തുകക്ക് വാങ്ങിയ ഷീറ്റുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ സ്കാൻ ചെയ്യാനാകാതെ മെഷീനുകൾ പുറന്തള്ളി. ജൂൺ അവസാനത്തോടെയെങ്കിലും ആദ്യഘട്ട മൂല്യനിർണയം പൂർത്തിയാക്കേണ്ടതിനാൽ ഈ ഉത്തരക്കടലാസുകൾ പി.എസ്.സി ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് കമീഷൻ തീരുമാനം. ഇതിനായി പി.എസ്.സി ആസ്ഥാനത്തെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലേക്ക് 15ഓളം ഉദ്യോഗസ്ഥരെ അടിയന്തരമായി പുനർവിന്യസിച്ചു.
പി.എസ്.സി ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പരീക്ഷക്ക് ഇത്രയും ഉത്തരക്കടലാസുകൾ മാന്വലായി മൂല്യനിർണയം നടത്തേണ്ടിവരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയിൽനിന്നാണ് ഷീറ്റുകൾ വാങ്ങിയത്. ഒ.എം.ആർ മെഷീനിൽ സെറ്റ് ചെയ്ത പ്രത്യേകതകൾ ഷീറ്റിനുണ്ടെങ്കിലേ പരിശോധിക്കാൻ മെഷീന് സാധിക്കൂ. ഷീറ്റിെൻറ ഭാരം, വീതി, നീളം, മഷി, രണ്ട് ഷീറ്റുകൾക്കിടയിെല അകലം തുടങ്ങി നിരവധി ഘടകങ്ങൾ പ്രധാനമാണ്. ഒരു മെഷീൻ പരിശോധിക്കുന്ന ഉത്തരക്കടലാസ് മറ്റൊരു മെഷീനിൽ കൂടി സ്കാൻ ചെയ്യും.
മൂന്ന് മാർക്ക് വ്യത്യാസം രേഖപ്പെടുത്തിയാല്‍ ആ ഉത്തരക്കടലാസ് മാന്വലായി വീണ്ടും പരിശോധിച്ച് യഥാര്‍ഥ മാര്‍ക്ക് ഉറപ്പാക്കുകയാണ് പതിവ്.
മുൻകാലങ്ങളിൽ മെഷീൻ വാങ്ങിയ കമ്പനിയിൽ നിന്നുതന്നെയാണ് ഒ.എം.ആർ ഷീറ്റുകളും വാങ്ങിയിരുന്നത്. ആറുമാസം മുമ്പ് ഇൗ കമ്പനിയെ ഒഴിവാക്കി ടെൻഡറിലൂടെ ഹൈദരാബാദ് കമ്പനിയിൽനിന്ന് ഷീറ്റുകൾ വാങ്ങുകയായിരുന്നു. മൂന്നരലക്ഷത്തോളം പേരാണ് കെ.എ.എസ് എഴുതിയത്. മൂല്യനിർണയം പകുതി പിന്നിട്ടപ്പോഴാണ് ഇത്രയും ഷീറ്റുകൾ മാർക്ക് രേഖപ്പെടുത്താതെ പുറത്തെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഷീറ്റുകൾ മെഷീനിന് സ്കാൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മൂല്യനിർണയം ജൂണിൽ പൂർത്തിയാക്കാൻ കഴിയില്ല.
മാന്വൽ പരിശോധനയും ‘വെല്ലുവിളി’
ഒ.എം.ആർ ഷീറ്റിലെ ബബിളിൽ ഉദ്യോഗാർഥി പാതി കറുപ്പിച്ചാലും മഷി പുറത്തേക്ക് പോയാലും അവയൊക്കെ മെഷീൻ റീഡ് ചെയ്യും. എന്നാൽ, മാന്വലാകുമ്പോൾ ആ ഉത്തരമെല്ലാം തെറ്റായി കണക്കാക്കും. മെഷീൻ പരിശോധനയുടെ കൃത്യതയും ഉദ്യോഗസ്ഥ പരിശോധനയിലുണ്ടാകില്ല. 9,000 ഉത്തരക്കടലാസുകൾ നോക്കേണ്ടതിനാൽ ഒരു തവണ പരിശോധിച്ചാൽ മതിയെന്നാണ് നിർദേശം. ഒരുമാർക്ക് ‘കൈപ്പിഴ’പോലും ഉദ്യോഗാർഥിയുടെ സാധ്യതയെ ബാധിക്കുമെന്നതിനാൽ നിർദേശം പുനഃപരിശോധിക്കണമെന്ന് കമീഷൻ അംഗങ്ങൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.