തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ 29 വരെയും ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് പത്തു മുതൽ 30 വരെയുമായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ പരീക്ഷയും രാവിലെ ഒമ്പതര മുതലായിരിക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ മാതൃക പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും.
പരീക്ഷകൾക്കിടയിൽ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ഇടവേള ലഭിക്കുന്ന രീതിയിൽ ടൈംടേബിൾ ക്രമീകരിക്കും. മാർച്ച് 13 മുതൽ ഹയർസെക്കൻഡറി രാവിലെയും എസ്.എസ്.എൽ.സി ഉച്ചക്കുശേഷവുമായി നടത്താനായിരുന്നു ക്യു.ഐ.പി യോഗം ശിപാർശ ചെയ്തിരുന്നത്. എന്നാൽ, റമദാൻ വ്രതസമയത്ത് ഉച്ചക്കുശേഷം എസ്.എസ്.എൽ.സി പരീക്ഷ നടത്തരുതെന്ന് ആവശ്യമുയർന്നിരുന്നു. കോവിഡിനുശേഷം ആദ്യമായാണ് പൊതുപരീക്ഷകൾ മാർച്ച് ആദ്യം മുതൽ നടത്തുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പുസ്തകങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ വെട്ടിക്കുറക്കൽ പരിശോധിച്ച് എസ്.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളില്ലാതെയായിരിക്കും ചോദ്യപേപ്പർ തയാറാക്കുക.
എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങും. പരീക്ഷഫലം മേയ് പത്തിനകം പ്രസിദ്ധീകരിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി പരീക്ഷഫലം മേയ് 25 നകം പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.