ന്യൂഡൽഹി: അടിക്കടിയുണ്ടാകുന്ന വിവാദങ്ങൾക്കിടെ പരീക്ഷ സമ്പ്രദായം അടിമുടി പരിഷ്‍കരിക്കാനൊരുങ്ങി യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി). നീറ്റ്-യു.ജി, പൂജ ഖേദ്കർ വിവാദങ്ങൾക്കിടെയാണ് യു.പി.എസ്.സി പുതിയ പരിഷ്‍കാരം നടപ്പാക്കൊരുങ്ങുന്നത്.
ട്രെയിനി ഐ.എ.സ് ഓഫിസർ പൂജ ഖേദ്കർ സിവിൽ സർവിസ് പരീക്ഷയിൽ പങ്കെടുക്കാൻ അനർഹമായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും രാജ്യ വ്യാപകമായി നീറ്റ് -യു.ജി.സി പരീക്ഷയിൽ കൃത്രിമം നടന്നുവെന്നും അടുത്തകാലത്ത് ഉയർന്ന ആരോപണങ്ങൾക്കിടെയാണ് യു.പി.എസ്.സിയുടെ പുതിയ പരിഷ്‍കാരം.
ആധാർ ബന്ധപ്പെടുത്തിയ വിരലടയാള സുരക്ഷ, ഉദ്യോഗാർത്ഥികളുടെ മുഖം തിരിച്ചറിയൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ സി.സി.ടി.വി നിരീക്ഷണം എന്നിവ നൽകുന്നതിന് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് യു.പി.എസ്.സി അധികൃതർ അപേക്ഷ ക്ഷണിച്ചു. ഇതു വഴി വഞ്ചന, അന്യായ മാർഗങ്ങൾ, ആൾമാറാട്ടം എന്നിവ തടയാനാണ് യു.പി.എസ്.സിയുടെ ശ്രമം. ഇതനുസരിച്ച് ആവശ്യമായ സേവനങ്ങളടങ്ങിയ പട്ടിക യു.പി.എസ്.സി അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
ഇ-അഡ്മിറ്റ് കാർഡുകളുടെ ക്യു.ആർ കോഡ് സ്കാനിങ്, പരീക്ഷാ ഷെഡ്യൂൾ, പരീക്ഷാ വേദികളുടെ വിശദമായ പട്ടിക, ഓരോ വേദിയിലെയും ഉദ്യോഗാർത്ഥികളുടെ എണ്ണം എന്നിവ പരീക്ഷയ്ക്ക് രണ്ടോ മൂന്നോ ആഴ്‌ചക്കു മുമ്പ് സാങ്കേതിക സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് നൽകും. പരീക്ഷയുടെ പ്രാരംഭ ഘട്ടത്തിൽ നൽകുന്ന വിവരത്തിൽ നിന്ന് ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി സേവന ദാതാവ് പരിശോധിക്കണമെന്നും യു.പി.എസ്.സി നിഷ്‍കർഷിക്കുന്നു. സിവിൽ സർവിസ് അടക്കം ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളും ഇന്റർവ്യൂകളും സഹിതം യു.പി.എസ്.സി ഒരു വർഷത്തിൽ നിരവധി പരീക്ഷകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.