തിരുവനന്തപുരം: രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ പിഴവ് വരുത്തിയത് വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ്. ചോദ്യേപപ്പർ പാക്കറ്റിൽ തെറ്റായ കോഡ് രേഖപ്പെടുത്തിയാണ് ഡയറക്ടറേറ്റിൽനിന്ന് അയച്ചതെന്നാണ് സൂചന. കഴിഞ്ഞ 13ന് നടന്ന പരീക്ഷക്ക് നൽകേണ്ട ചോദ്യങ്ങൾ എന്നനിലയിൽ അയച്ചുനൽകിയത് 26ന് നടക്കേണ്ട ലൈവ്സ്റ്റോക്ക് മാനേജ്മെൻറ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങളുടെ ചോദ്യങ്ങളായിരുന്നു. ചോദ്യപേപ്പറുകൾ പുറത്തായതോടെ സംഭവം നടന്ന രണ്ടു സ്കൂളുകളിലെയും പ്രിൻസിപ്പൽമാർ ഉൾപ്പെടെ അഞ്ച് അധ്യാപകരെ വി.എച്ച്.എസ്.ഇ ഡയറക്ടർ പ്രഫ. ഫാറൂഖ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാലക്കാട് അഗളി ജി.വി.എച്ച്.എസ്.എസ്, വയനാട് മുട്ടിൽ വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ചോദ്യപേപ്പർ ചോർന്നത്. ചോദ്യങ്ങൾ പിന്നീട് വാട്സ്ആപിൽ പ്രചരിച്ചതോടെയാണ് ചോർന്ന വിവരം ബന്ധപ്പെട്ടവർ അറിയുന്നത്.
അഗളി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. ശാന്തി, മുട്ടിൽ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിനുമോൾ ജോസ്, ഡെപ്യൂട്ടി ചീഫുമാരായിരുന്ന എം.എ. അനിൽകുമാർ (കൽപറ്റ ജി.വി.എച്ച്.എസ്.എസ്), സ്മിത (അട്ടപ്പാടി പുത്തൂർ ജി.ടി.വി.എച്ച്.എസ്.എസ്), സഞ്ജീവ്കുമാർ (ചെറുവണ്ണൂർ വി.എച്ച്.എസ്.എസ്) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചോദ്യം ചോർന്ന വിവരം രഹസ്യമാക്കിവെച്ച വിദ്യാഭ്യാസ വകുപ്പ് പകരം ചോദ്യേപപ്പർ എത്തിച്ച് 26നു തന്നെ പരീക്ഷ നടത്തിയെടുക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.