പരീക്ഷ മൂല്യനിർണയത്തിൽ പിഴവ്: വിദ്യാർഥിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ശ്രീനഗർ: ബിരുദ പരീക്ഷ മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്ന പരാതിയിൽ വിദ്യാർഥിക്ക് കശ്മീർ സർവകലാശാല ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജമ്മു കശ്മീർ ഹൈകോടതി. 2017-18 വർഷം അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് പരീക്ഷ മൂല്യനിർണയത്തിൽ നിയമവിരുദ്ധമായും ഏകപക്ഷീയമായും തീരുമാനമെടുത്ത് വിദ്യാർഥിയെ പരാജയപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നൽകാൻ ഹൈകോടതി ഉത്തരവിട്ടത്.

പരാതിക്കാരനായ വിദ്യാർഥിക്ക് ജനറൽ ഇംഗ്ലീഷ് പേപ്പറിൽ 27 മാർക്കാണ് ലഭിച്ചത്. വിജയിക്കാൻ ആവശ്യമായ 38 മാർക്ക് കിട്ടാത്തതിനാൽ പരാജയപ്പെട്ടതായി വിദ്യാർഥിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങി പരിശോധിച്ചപ്പോൾ ഒരു ചോദ്യം മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചപ്പോൾ 40 മാർക്ക് ലഭിച്ചു. എന്നാൽ, പുനർമൂല്യനിർണയ ചട്ടപ്രകാരം ഇത്ര മാർക്ക് നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 34 ആയി കുറച്ചു. ഇതോടെ വീണ്ടും പരാജയപ്പെട്ടു.

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട 10ാം ചട്ടം അനുസരിച്ചാണ് 40 മാർക്ക് 34 ആയിക്കുറ​ച്ചതെന്ന് സർവകലാശാല അറിയിച്ചു. എന്നാൽ, ഹരജിക്കാരന്റെ കാര്യത്തിൽ ഈ ചട്ടം ഒരു തരത്തിലും ബാധകമല്ലെന്നും സർവകലാശാല ഏകപക്ഷീയമായും നിയമവിരുദ്ധമായുമാണ് ചട്ടം പ്രയോഗിച്ചതെന്നും ജസ്റ്റിസ് ജാവേദ് ഇഖ്ബാൽ വാനി അഭിപ്രായപ്പെട്ടു. ഇതുമൂലം വിദ്യാർഥി പരീക്ഷക്ക് വീണ്ടും ഹാജരാകാൻ നിർബന്ധിതനായെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. 

Tags:    
News Summary - ‘Wrong evaluation’: HC asks Kashmir University to pay 1 Lakh fine to student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.