ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കേന്ദ്ര സര്‍വകലാശാലകളാണ് ഭാഷാ പഠനത്തിന് ഏറെ പ്രാധാന്യമുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ് യൂനിവേഴ്സിറ്റി അഥവാ ഇഫ്ലുവും സയന്‍സ് വിഷയങ്ങളിലെ പഠനഗവേഷണങ്ങള്‍ക്ക് പേരുേകട്ട ഹൈദരാബാദ് സർവകലാശാലയും.
ഭാഷാപഠനത്തിന് ഡല്‍ഹി സർവകലാശാലക്കും ജെ.എന്‍.യുവിനും ഹൈദരാബാദ് സർവകലാശാലക്കുംശേഷം തീര്‍ച്ചയായും ഇഫ്ലു പരിഗണിക്കാം. 1958ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ് സ്ഥാപനം തുടങ്ങുന്നത്. 2006ല്‍ കേന്ദ്ര സര്‍വകലാശാല പദവി നേടിയെടുത്തു. ഹൈദരാബാദിലാണ് പ്രധാന കാമ്പസ്. ഇതിനു പുറമെ യു.പിയിലെ ലഖ്നോയിലും മേഘാലയയില്‍ ഷില്ലോങ്ങിലും കാമ്പസ് ഉണ്ട്. എന്‍.ഐ.ആര്.എഫ് റാങ്കിങ്ങില്‍ രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ 151 സ്ഥാനത്താണ് ഇഫ്ലു ഉള്ളത്.
ഹൈദരാബാദ് കാമ്പസില്‍ ബിരുദതലത്തില്‍ 11 ഭാഷാ കോഴ്സുകളുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ്, ജര്‍മന്‍, ജാപ്പനീസ്, കൊറിയന്‍, പേര്‍ഷ്യന്‍ റഷ്യന്‍ സ്പാനിഷ്, ഇറ്റാലിയന്‍ എന്നിവയാണ് കോഴ്സുകള്‍. പെര്‍ഫോമന്‍സ് ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ എന്നിവയിലും ബിരുദ കോഴ്സുകള്‍ ഉണ്ട്. ഷില്ലോങ് കാമ്പസില്‍ ബി.എ ഇംഗ്ലീഷ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്സുകളും, ലഖ്നോ കാമ്പസില്‍ ബി.എ ഇംഗ്ലീഷ് കോഴ്സുമാണുള്ളത്.
സി.യു.ഇ.ടി -യു.ജി വഴിയാണ് തെരഞ്ഞെടുപ്പ്. ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ഇംഗ്ലീഷ്, പെർഫോമിങ് ആര്‍ട്സ് ഹ്യൂമാനിറ്റീസ്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ എന്നിവക്ക് ഇംഗ്ലീഷ്, ജനറല്‍ ടെസ്റ്റ് എന്നിവയാണ് ടെസ്റ്റ് പേപ്പറുകള്‍. ബാക്കി കോഴ്സുകള്‍ക്ക് ഏതെങ്കിലും ഒരു ഭാഷയും ജനറല്‍ ടെസ്റ്റും.
ഹൈദരാബാദ് കാമ്പസില്‍ പി.ജി തലത്തില്‍ എം.എ ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിറ്ററേച്ചര്‍ ഇന്‍ ഇംഗ്ലീഷ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്, ലിറ്റററി ആന്‍ഡ് കള്‍ചറല്‍ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ്, കമ്പ്യൂട്ടെഷനല് ലിംഗ്വിസ്റ്റിക്സ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ മീഡിയ ആന്‍ഡ് കള്‍ച്ചര്‍, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നിവക്ക് പുറമേ എട്ടു ഭാഷകളില്‍ പി.ജി കോഴ്സുകളും ഉണ്ട്.
ഷില്ലോങ് കാമ്പസില്‍ എം.എ ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ലഖ്നോയില്‍ എം.എ ഇംഗ്ലീഷ്, ലിംഗ്വിസ്റ്റിക്സ് എന്നീ കോഴ്സുകളുമാണുള്ളത്. പ്രവേശനം സി.യു.ഇ.ടി-പി.ജി വഴിയാണ്. സി.യു.ഇ.ടി പരീക്ഷ എഴുതുകയും ഇഫ്ലുവില്‍ പ്രത്യേകം അപേക്ഷ നല്കി, സി.യു.ഇ.ടി പരീക്ഷഫലം വന്നതിനുശേഷം മാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുക.
പിഎച്.ഡിയും ഡിപ്ലോമ കോഴ്സുകളും ഇവിടെ നല്‍കിവരുന്നുണ്ട്. ചില കോഴ്സുകള്‍ സാമാന്യം മോശമല്ലാത്ത പ്ലേസ്മെന്റുകളും നടക്കുന്നുണ്ട് ഇവിടെ, പ്രത്യേകിച്ച് എം.എ ഇംഗ്ലീഷ് കോഴ്സില്‍.
ഹൈദരാബാദ് സർവകലാശാലയില്‍ പി.ജി ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയ മഞ്ചേരിക്കാരി ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞത്; നാല് പ്ലേസ്മെന്റ് ഓഫറുകള്‍ വന്നിട്ടുണ്ട്, ഏതെടുക്കണമെന്ന് ആശയക്കുഴപ്പമാണെന്നാണ്. അവസാനം ബാംഗ്ലൂരിലെ ഐ.ടി കമ്പനിയില്‍ അവര്‍ കണ്ടന്റ് റൈറ്റര്‍ ആയി ജോലിക്ക് കയറി. ഈ സർവകലാശാലയുടെ പ്രത്യേകതയാണ്, ഭാഷാ-സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ പോലും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്നവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കുന്നു എന്നത്.
ഇന്ത്യയില്‍ സയന്‍സ് ഡിഗ്രി, പി.ജി, ഗവേഷണ പഠനങ്ങള്‍ എന്നിവക്ക് ഏറ്റവും നല്ല കേന്ദ്ര സര്‍വകലാശാല ഏതെന്ന് ചോദിച്ചാല്‍ ഡല്‍ഹി , അലീഗഢ്, ജെ.എന്‍.യു എന്നിവക്കൊപ്പം ഹൈദരാബാദ് സർവകലാശാലയെയും നമുക്ക് പരിഗണിക്കാം. ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണിത്.
ഇക്കണോമിക്സ്, എം.എ കമ്യൂണിക്കേഷന്‍ എന്നിവ ഇവിടത്തെ ഏറ്റവും മികച്ച കോഴ്സുകളാണ്.
എന്‍.ഐ.ആര്.എഫ് റാങ്കിങ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച പത്താമത്തെ സര്‍വകലാശാല. 1974ല്‍ സ്ഥാപിതമായ വാഴ്സിറ്റി ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ 2300 ഏക്കര്‍ ഭൂമിയില്‍ പടര്‍ന്നുപന്തലിച്ച് കിടക്കുന്നു. രാജ്യത്തെ ആദ്യ ഓട്ടോമേറ്റഡ് ലൈബ്രറിയാണ് ഇവിടത്തേത്. നാല് ലക്ഷത്തിലധികം ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്.
കാമ്പസിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്നോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ്, സി.ആര്. റാവു അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്, എന്നിവ സര്‍വകലാശാലയെ കൂടുതല്‍ പ്രശസ്തമാക്കുന്നു.
ഒട്ടേറെ വിദ്യാര്‍ഥികള്‍ ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കി ഗവേഷണാനന്തര പഠനങ്ങള്‍ക്കായി വിദേശത്തെ പ്രശസ്ത സർവകലാശാലകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇവിടത്തെ പല അധ്യാപകരും അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധനേടിയ സയന്റിസ്റ്റുകളാണ്. 39 േപറ്റന്റുകൾ സര്‍വകലാശാല സ്വന്തമാക്കിയിട്ടുണ്ട്.
പന്ത്രണ്ടോളം സ്കൂളുകളിലായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പ്ലസ് ടുകാര്ക്കായി 16 ഇന്റഗ്രേറ്റഡ് 5-6 വര്‍ഷ കോഴ്സുകള്‍ ഇവിടെയുണ്ട്. സയന്‍സില്‍ മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്സ്, കെമിക്കല്‍ സയന്‍സ്, ബയോളജി, അപ്ലൈഡ് ജിയോളജി, ഹെല്‍ത്ത് സൈക്കോളജി എന്നീ പഞ്ചവൽസര ഇന്റഗ്രേറ്റഡ് കോഴ്സുകളും ആറു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഒപ്ടോമെട്രി കോഴ്സുമാണുള്ളത്.
ഹ്യൂമാനിറ്റീസ്/ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പഞ്ചവൽസര ഇന്റഗ്രേറ്റഡ് എം.എ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രപ്പോളജി കോഴ്സുകളുമുണ്ട്. പ്ലസ് ടുകാര്‍ക്ക് പഞ്ചവൽസര കോഴ്സുകളേയുള്ളൂ. 3 -4 വര്‍ഷ ഡിഗ്രി കോഴ്സുകള്‍ ലഭ്യമല്ല. എല്ലാറ്റിലും പ്രവേശനം സി.യൂ.ഇ.ടി - യു.ജി അടിസ്ഥാനത്തിലാണ്.
പി.ജി കോഴ്സുകള്‍ 40ലധികമുണ്ട്. എം.എ ഇക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, ആന്ത്രപോളജി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, കംപാരറ്റിവ് ലിറ്ററേച്ചര്‍, കമ്യൂണിക്കേഷന്‍, മീഡിയ പ്രാക്ടിസ്, എം.എസ്സി ന്യൂറല്‍ ആന്‍ഡ് കൊഗ്നിറ്റിവ് സയന്‍സ്, ഹെല്‍ത്ത് സൈക്കോളജി, കെമിസ്ട്രി, പ്ലാന്റ് ബയോളജി ആന്‍ഡ് ബയോടെക്നോളജി, അനിമല്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി, മോളിക്യൂലര്‍ മൈക്രോബയോളജി, എം.ബി.എ, എം.എഡ്, എം.പി.എച്ച്, എം.പി.എ തുടങ്ങിയവ ചിലത്. സി.യു.ഇ.ടി -പി.ജി വഴിയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.