തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി ബജറ്റിൽ തുക വകയിരുത്തി വരുമാനപരിധി ബാധകമാക്കാതെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. വാർഷിക വരുമാനം 2.5 ലക്ഷത്തിന് മുകളിലുള്ള പട്ടികജാതി വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ സ്കോളർഷിപ്പ് അനുവദിക്കുന്നില്ല.
എന്നാൽ വാർഷിക വരുമാനം 2.5 ലക്ഷത്തിന് മുകളിലുള്ള പട്ടികജാതി വിദ്യാർഥികൾക്കും സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് നൽകും. 2021- 22 അധ്യയന വർഷം മുതൽ പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. അതിൻറെ അടിസ്ഥാനത്തിൽ നിലവിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി.
നിലവിൽ 2021- 22 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷകളിൽ സംസ്ഥാന വിഹിതം പൂർണമായും വിതരണം ചെയ്തു. 2022- 23 അധ്യയന വർഷം മുതൽ സ്കോളർഷിപ്പ് വിതരണത്തിനായി കേന്ദ്രസർക്കാർ പുതുക്കിയ സാങ്കേതിക നിബന്ധനകൾ കൊണ്ടുവന്നു. അതിൻറെ അടിസ്ഥാനത്തിൽ നിബന്ധനകൾ പൂർത്തീകരിക്കുന്നതിന് സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭിക്കുന്നതിന് കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും കാലതാമസം നേരിട്ടു.
അതിനാൽ, സംസ്ഥാനത്തെ സ്കോളർഷിപ്പ് വിതരണത്തിൽ തടസം നേരിട്ടുവെങ്കിലും സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടലിലൂടെ 2022 ഒക്ടോബർ മാസത്തോടുകൂടി അപേക്ഷ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിച്ചു. നവംബറിൽ സ്കോളർഷിപ്പ് പോർട്ടൽ തുറന്നു കൊടുത്തു. പുതിയ സാങ്കേതികവിദ്യ ക്രമീകരണങ്ങൾ പൂർത്തിയാക്കി 2022- 23 അധ്യയന വർഷത്തെ സ്കോളർഷിപ്പ് വിതരണം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പി.ടി.എ റഹീം, പി.പി സുമോദ്, കെ.എം സച്ചിൻ ദേവ്, എം. രാജ നിയമസഭയിൽ എന്നിവർക്ക് മറുപടി നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.