ആലുവ: എറണാകുളം ജില്ലയിലെ എൽ.പി അധ്യാപക ഒഴിവുകളിൽ 2016 ൽ അവസാനിച്ച റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. 33 ഒഴിവുകളിലേക്കുള്ള റാങ്ക് ലിസ്റ്റാണ് 2016 ഒക്ടോബർ 20ന് കാലാവധി അവസാനിച്ചത്. ഇൗ ലിസ്റ്റിൽ ഉണ്ടായിരുന്ന ഏതാനും ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണൽ ഉത്തരവ്.
മെയിൻ ലിസ്റ്റിൽ 352ഉം സപ്ലിമെൻററിയിൽ 311ഉം പേരുണ്ടായിരുന്ന റാങ്ക് ലിസ്റ്റിൽനിന്ന് 255 പേരെയാണ് നിയമിച്ചത്. റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടായിരുന്ന സമയങ്ങളിൽ ഒഴിവ് ഉണ്ടായിട്ടും നിയമനം നൽകിയില്ലെന്ന് കാണിച്ചാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്.
എല്ലാ അധ്യയന വർഷാരംഭവും സ്റ്റാഫ് ഫിക്സേഷൻ നടത്താറുണ്ടെങ്കിലും 2016 - 2017ൽ നടത്തിയിരുന്നില്ല. 2016-17 ലെ സ്റ്റാഫ് ഫിക്സേഷൻ നടത്തിയതാകട്ടെ കോടതി ഉത്തരവ് പ്രകാരം 2017 - 18 ലാണ്. 2016 വരെ അധ്യാപക വിദ്യാർഥി അനുപാതം 1:35 ആയിരുന്നത് കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1:30 ആക്കിയിരുന്നു. 2017 - 18 ൽ റീഫിക്സേഷൻ നടത്തിയപ്പോൾ നിരവധി ഒഴിവുണ്ടായി.
2016-17ൽ സ്റ്റാഫ് ഫിക്സേഷൻ നടത്താത്തതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം റീഫിക്സേഷൻ നടത്തിയപ്പോൾ കിട്ടിയ ഒഴിവുകൾ തങ്ങൾക്കുള്ളതാണെന്നും 2016 - 17ൽ സ്റ്റാഫ് ഫിക്സേഷൻ നടത്താത്തത് മൂലമാണ് തങ്ങൾക്ക് നിയമനം ലഭിക്കാതിരുന്നതെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ഇതിെൻറ അടിസ്ഥാനത്തിലാണ് 33 ഒഴിവുകളിൽ റദ്ദായ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ ഉത്തരവായത്.
രണ്ടു മാസത്തിനകം നടപടി പൂർത്തീകരിക്കണമെന്ന് വിധിയിൽ പറയുന്നു. പുതിയ എൽ.പി.എസ്.എ തസ്തികയുടെ ചുരുക്കപ്പട്ടിക ആയെങ്കിലും റാങ്ക് ലിസ്റ്റിെൻറ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതേയുള്ളു. അതുകൊണ്ട് തന്നെ നിരവധി ഒഴിവുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.