പയ്യന്നൂർ: സഞ്ജയ് ചെറുപ്പം മുതൽ പഠനത്തിൽ മുന്നിലായിരുന്നു. നല്ലൊരു എൻജിനീയറാവണമെന്ന മോഹത്തെയും കൂടെ കൂട്ടി. അങ്ങനെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ എൻജിനീയറിങ് പരീക്ഷയിലെ കടിച്ചാൽ പൊട്ടാത്ത ഗണിതവും ശാസ്ത്രവും വിനീതവിധേയമായി കീഴടങ്ങി.
സഞ്ജയ് എൻജിനീയറിങ്ങിലെ കേരളത്തിലെ ഒന്നാം റാങ്ക് കൈപ്പിടിയിലൊതുക്കിയപ്പോൾ പയ്യന്നൂരിലെ ഡോക്ടർ കുടുംബത്തിൽ ആനന്ദത്തിന്റെ പൂത്തിരി തെളിച്ചം. പയ്യന്നൂർ മുകുന്ദ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രവീൺ ഗോപിനാഥിന്റെയും കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ഡോ. വീണ പ്രവീണിന്റെയും സീമന്തപുത്രനാണ് സഞ്ജയ് പി. മല്ലർ. എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സഞ്ജയിന് 99 ശതമാനത്തിനു മേൽ മാർക്കുണ്ടായിരുന്നതായി ഡോ. പ്രവീൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേരാനാണ് സഞ്ജയിന് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ വാർത്ത വരുമ്പോൾ സഞ്ജയ് ഇപ്പോൾ ബംഗളൂരുവിലാണുള്ളത്. ഒന്നു മുതൽ 10 വരെ പയ്യന്നൂർ ചിന്മയ വിദ്യാലയത്തിലായിരുന്നു പഠനം.
ഹയർ സെക്കൻഡറിക്ക് തൃശ്ശൂർ ദേവമാതാ സ്കൂളിലും. ഏഴാം തരം വിദ്യാർഥി ഏക സഹോദരനാണ്. പയ്യന്നൂരിലെ പ്രശസ്ത ഡോക്ടറും മുകുന്ദ ഹോസ്പിറ്റൽ സ്ഥാപകനും സാമൂഹിക ആധ്യാത്മികരംഗത്തെ നിറസാന്നിധ്യവുമായ ഡോ. ഗോപിനാഥിന്റെ മകനാണ് ഡോ. പ്രവീൺ ഗോപിനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.