മുംബൈ: ഐ.ഐ.ടി വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമായി ബോംബെ ഐ.ഐ.ടി. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 100 വിദ്യാർഥികളിൽ 93 പേരും തുടർപഠനത്തിന് ആഗ്രഹിക്കുന്നത് ബോംബെ ഐ.ഐ.ടിയിലാണ്. ആറുപേർ ഡൽഹി ഐ.ഐ.ടിയും ഒരാൾ മദ്രാസ് ഐ.ഐ.ടിയുമാണ് തെരഞ്ഞെടുത്തത്. ആദ്യ അലോട്മെന്റ് കഴിഞ്ഞപ്പോൾ ആദ്യ 100 പേരിൽ 69 പേർ ബോംബെ ഐ.ഐ.ടിയിൽ സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു. 28 പേർ ഡൽഹി ഐ.ഐ.ടിയിലും മൂന്നുപേർ മദ്രാസ് ഐ.ഐ.ടിയിലും സീറ്റ് നേടി.
കഴിഞ്ഞവർഷം ആദ്യ 100 പേരിൽ 62 പേരാണ് ബോംബെ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. 2020ൽ 58 വിദ്യാർഥികളാണ് ഇവിടെ പ്രവേശനം നേടിയത്. ആദ്യ 100 പേരിൽ കമ്പ്യൂട്ടർ സയൻസാണ് തെരഞ്ഞെടുത്തത്. ഐ.ഐ.ടി ബോംബെയിൽ സീറ്റുറപ്പിച്ച 69 പേരിൽ ഒരാൾ മാത്രമാണ് എൻജിനീയറിങ് ഫിസിക്സ് തെരഞ്ഞെടുത്തത്. ആറ് ഘട്ടങ്ങളുള്ള ഐ.ഐ.ടി പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് ലിസ്റ്റ് വെള്ളിയാഴ്ചയാണ് ജോസ(ദ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി)പുറത്തുവിട്ടത്.
1,55,538 വിദ്യാർഥികളാണ് ആഗസ്റ്റിൽ നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. 40,712 പേർ യോഗ്യത നേടി. അതിൽ 6,516 പേർ പെൺകുട്ടികളാണ്. സെപ്റ്റംബർ 11നാണ് ഫലം പ്രഖ്യാപിച്ചത്. കമ്പ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞാൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനും മെക്കാനിക്കൽ എൻജിനീയറിങ്ങിനുമാണ് ആവശ്യക്കാർ കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.