കവർ ലെറ്റർ എഴുതാം....റിക്രൂട്ടറെ ഇംപ്രസ് ചെയ്യാം

കവറിങ് ലെറ്ററിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ഞങ്ങൾ ദിവസവും നേരിടുന്നുണ്ട്. എങ്ങനെ എഴുതണം എന്ന് തുടങ്ങി എഴുതിയാൽ ആരെങ്കിലും വായിക്കുമോ എന്ന് വരെയാണ് ചോദ്യങ്ങൾ. കവർ ലെറ്ററിന്റെ അവശ്യമേ ഇല്ല എന്ന് ചിന്തിക്കുന്നവരും ഒരുപാടുണ്ട്.

റെസ്യുമെ അയക്കുന്ന ഇമെയിലിന്റെ ഭാഗമായി തന്നെ ഈ ലെറ്റർ ഉൾപ്പെടുത്താം. കവർ ലെറ്റർ കൂടി വേണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിൽ മൈക്രോസോഫ്റ്റ് വേർഡിലോ ഗൂഗിൾ ഡോക്കിലോ തയാറാക്കി പി.ഡി.എഫ് ആയി അറ്റാച്ച് ചെയ്യാം. പ്രത്യേകം ചോദിച്ചില്ലെങ്കിൽ കൂടി ഇമെയിൽ കണ്ടന്റ് ആയി ഇത് ഉൾപ്പെടുത്തുന്നത് നന്നാവും; ജോബ് ആപ്ലിക്കേഷനിൽ റെസ്യുമെ അറ്റാച്ച് ചെയ്ത് അതിനപ്പുറം ഒരു വരി പോലും എഴുതാതെ മെയിൽ അയയ്ക്കുന്ന ഭൂരിഭാഗം ആളുകളുള്ള സമയത്ത് ഇതൊരു പോസിറ്റീവ് ഇംപ്രഷൻ നൽകും.

നല്ല കവർ ലെറ്റർ എങ്ങനെ എഴുതാം

ഒരു റിക്രൂട്ടറെ സംബന്ധിച്ച് അയാൾ നോക്കുന്ന ഏറ്റവും പ്രധാന കാര്യം നിങ്ങൾ എത്രത്തോളം മികച്ചയാൾ ആണെന്നതല്ല, പകരം അയാളുടെ സ്ഥാപനത്തിലേക്ക് ജോലി ചെയ്യാൻ പറ്റിയ ആളാണോ എന്നാണ്. അതിനാൽ നമ്മളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവർക്ക് ആവശ്യമുള്ള തരത്തിലുള്ള ഒരാളാണ് ബോധ്യപ്പെടുത്തലും. ജോബ് ഡിസ്ക്രിപ്ഷൻ വ്യക്തമായി നോക്കുക എന്നതാണ് അതിനുള്ള പ്രധാന മാർഗം. അതിൽ അവർ പ്രതീക്ഷിക്കുന്ന സ്കിൽസ്, ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ്, തുടങ്ങി എല്ലാം ഉണ്ടാവും. അതിനനുസരിച്ച് വേണം പ്രൊഫൈൽ അവതരിപ്പിക്കാൻ.

ജോബ് ഡിസ്ക്രിപ്ഷനിലുള്ള കീവേഡുകൾ നമ്മുടെ റെസ്യൂമെയിലുണ്ടെന്ന് ഉറപ്പു വരുത്തണം. അതേസമയം, അതിനേക്കാൾ വ്യക്തമായി 'നിങ്ങൾക്ക് ആവശ്യമുള്ള ആളാണ് ഞാൻ' - എന്ന് പറയാൻ സാധിക്കുന്നത് ഒരു കവർ ലെറ്ററിലൂടെയാണ്. റെസ്യുമെ കുറേകൂടി ടെക്നിക്കലായ ഡോക്യുമെന്റ് ആണെങ്കിൽ കവർ ലെറ്റർ കുറച്ച് കൂടി പേഴ്സണൽ ഡോക്യുമെന്റ് ആണ്. നിങ്ങൾ ആരാണ്, നിങ്ങളുടെ ക്വാളിഫിക്കേഷൻ എന്താണ്? എന്തുകൊണ്ട് ഈ റോളിലേക്ക് അനുയോജ്യനാകുന്നു എന്നിങ്ങനെ പേഴ്സണൽ ടോണിലുള്ള എഴുത്താണ് ഇവിടെ വേണ്ടത്.

ഒരു അഭിസംബോധനയിൽ കവർ ലെറ്റർ ആരംഭിക്കാം. നിങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചെറു വിവരണത്തിനു ശേഷം ഇന്നയിടത്ത്, ഇന്ന ദിവസം ഒരു ജോബ് വേക്കൻസി കണ്ടത് പ്രകാരം അയക്കുന്ന അപ്ലിക്കേഷൻ ആണെന്ന് പറഞ്ഞുകൊണ്ട് ആദ്യ പാരഗ്രാഫ് പൂർത്തിയാക്കാം.

രണ്ടാമത്തെ ഭാഗത്ത് എന്തുകൊണ്ട് ഈ റോളിലേക്ക് താൽപര്യം തോന്നിയെന്നും എങ്ങനെ നിങ്ങളുടെ സ്കിൽസ്, എക്സ്പീരിയൻസ്, അതിൽ ചെയ്ത കാര്യങ്ങൾ തുടങ്ങിയവയൊക്കെ ഈ റോളിലേക്ക് അനുയോജ്യമാകുന്നു എന്നും വിവരിക്കുക. ജോബ് ഡിസ്ക്രിപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ അവ ആദ്യം തന്നെ ഉൾപ്പെടുത്തി എഴുതുക. തങ്ങൾ പ്രതീക്ഷിക്കുന്ന ഒരാളുടെ റെസ്യൂമേയാണ് കാണാൻ പോകുന്നത് എന്ന തോന്നലുണ്ടാക്കുന്ന തരത്തിലാവണം എഴുതേണ്ടത്.

കരിയർ ബ്രേക്ക് ഉണ്ടെങ്കിൽ, ഫീൽഡോ ഇൻഡസ്ട്രിയോ മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവയെല്ലാം റെസ്യൂമെയിൽ ഒരു പരിധി വരെ വ്യക്തമാക്കുവാൻ സാധിക്കുകയുള്ളൂ. കവർ ലെറ്റെറിൽ കുറെ കൂടി വ്യക്തമായി സൂചിപ്പിക്കാം.

കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകൾ, വെബ്സൈറ്റ് എന്നിവയൊക്കെ പരിശോധിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾക്ക് താൽപര്യം തോന്നിയ കാര്യങ്ങൾ സൂചിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് റെസ്യുമെ അറ്റാച്ച് ചെയ്യുന്നുണ്ട്. പോസിറ്റീവ് ആയൊരു മറുപടി പ്രതീക്ഷിക്കുന്നു എന്ന തരത്തിൽ എഴുതി അവസാനിപ്പിക്കാം.

കവർ ലെറ്ററിലും ചിലതുണ്ട് 

  • ഒന്ന്: ഈ ജോലിയോടുള്ള നിങ്ങളുടെ താൽപര്യം
  • രണ്ട്: നിങ്ങളുടെ ഭാഷയും എഴുതുന്നതിലുള്ള കഴിവും
  • മൂന്ന്: നിങ്ങളുടെ സ്കിൽസ്

നിങ്ങളെ പ്രതിനിധീകരിച്ച് ആദ്യം റിക്രൂട്ടറുടെ മുന്നിലെത്തുന്ന രണ്ട് ഡോക്യൂമെന്റുകൾ ആണ് റെസ്യുമെയും കവർ ലെറ്ററും. അവ മികച്ചതാക്കുക.

Sreeja Mukundan
Chief Learning Officer
The Evolvers Project
+91 8714044046

Tags:    
News Summary - How to write a cover letter​?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.