സോഷ്യൽ മീഡിയ കരിയറിൽ വില്ലനാകുന്നത് എപ്പോൾ?

സൈബർ ഇടങ്ങളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ നമ്മുടെ ഇടപെടലുകളെയും സോഷ്യൽമീഡിയയുടെ അറ്റമില്ലാത്ത സാധ്യതകളെയും സംബന്ധിച്ച ചർച്ചകൾ എന്നും നിറഞ്ഞു നിൽക്കും. കാരണം, മനുഷ്യരുടെ ഇടങ്ങളാണ് അവ... മനുഷ്യർ ഇടപെടുന്ന ഇടങ്ങൾ, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇടങ്ങൾ.

നമ്മുടെ മുറിയിൽ, നമുക്കിഷ്ടപ്പെട്ട മൂലയിൽ ഇരുന്ന് ഫേസ്ബുക്കിൽ എന്തെങ്കിലും പോസ്റ്റ് ചെയ്ത് സ്വസ്ഥമായി ഉറങ്ങാൻ പോകുമ്പോൾ എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ; നമ്മൾ പങ്കുവച്ച വാക്കുകൾ, ഫോട്ടോകൾ, എന്തുമാകട്ടെ, അത് എത്രകണ്ട് മനുഷ്യരിലേക്ക്, എത്ര ദൂരം താണ്ടി എത്തിച്ചേർന്നിട്ടുണ്ടാകും എന്ന്. സോഷ്യൽമീഡിയ ഒരു തുറന്ന മുറിയാണ്. അവസാനമില്ലാത്ത, മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന, പ്രവചനാതീതമായ ഒരു മുറി. ഒരേസമയം പേടിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യേണ്ട ഒന്ന്.

 

എല്ലാത്തിനും നല്ല വശവും ചീത്തവശവും ഉണ്ടെന്ന് പറയുന്നത് പോലെ തന്നെ സോഷ്യൽ മീഡിയ നമ്മുടെ കരിയറിനെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കുന്നുണ്ട്. ഇവിടെ നമ്മളാണ് ഡിസിഷൻ മേക്കർ; നമ്മൾ മാത്രം.

സോഷ്യൽ മീഡിയ കരിയറിൽ വില്ലനാകുന്നത് എപ്പോൾ?

നമുക്ക് Recruitment Failure, Job Loss എന്നിവയിൽ നിന്ന് തുടങ്ങാം. അടുത്തിടെ ഉണ്ടായ ഒരു സംഭവം; സിവിൽ സപ്ലൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ കേരള സർക്കാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു. രാജ്യത്തിന്‍റെ സുരക്ഷയും അഭിമാനവുമായ സൈന്യത്തെ ഒന്നടങ്കം അവഹേളിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതാണ് അയാൾക്ക്‌ വിനയായത്.

ഇങ്ങിനെ നിരവധി വാർത്തകൾ വർത്താമാധ്യമങ്ങളിലൂടെ, സോഷ്യൽ മീഡിയയിലൂടെ തന്നെ കാണാറുണ്ട്. 34 ശതമാനം employers ജീവനക്കാരുടെ മോശം പെരുമാറ്റവും ഉള്ളടക്കവും സൈബറിടങ്ങളിൽ കണ്ടെത്തുകയും തുടർന്ന് അവരെ പിരിച്ചു വിടുകയും ചെയ്തതായി ഒരു സർവ്വേ റിസൾട്ട് സൂചിപ്പിക്കുന്നു.

 

ഈയിടെ നടന്ന ഒരു കരിയർ ബിൽഡർ സർവ്വേ പ്രകാരം 70 ശതമാനം റിക്രൂട്ടേഴ്‌സും ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതായി മനസ്സിലായിരിക്കുന്നു! ഇത് വർഷങ്ങൾക്ക് മുൻപേ ആരംഭിച്ചിട്ടുണ്ട് എന്നതാണ് സത്യം. വ്യക്തികളുടെ ഇടപെടലുകൾ, അവരുടെ താല്പര്യങ്ങൾ, പെരുമാറ്റം, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്‌ മനസ്സിലാക്കാൻ സമൂഹമാധ്യമങ്ങൾ ഒരു പരിധി വരെ സഹായിക്കുന്നു.

ഒരാളുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ കുറിച്ച് അന്വേഷിച്ചു വിവരം നൽകുന്ന ഏജൻസികൾ വരെ ഉണ്ട്. Back-end വെരിഫിക്കേഷൻ എന്ന രീതി കാര്യക്ഷമമായി ഒട്ടുമിക്ക കമ്പനികളും ശ്രദ്ധിക്കുന്ന ഒന്നാണ്.

ബാധകമല്ലത്ത യോഗ്യതകൾ, വിവരങ്ങൾ എന്നിവ കൃത്രിമമായി ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്നതും, വർഗീയവും ലിംഗപരവും രാഷ്ട്രീയപരവുമായ മോശം ഉള്ളടക്കങ്ങൾ, കമന്‍റുകൾ, വ്യക്തിഹത്യ, അശ്ലീലച്ചുവയുള്ള കമന്റുകൾ, ഇവയെല്ലാം സോഷ്യൽ മീഡിയയിലൂടെ പരസ്യമായി നൽകുന്നതും തൊഴിൽ നഷ്ടത്തിന് കാരണമാകാറുണ്ട്. ഇനി അവയെല്ലാം ഡിലീറ്റ് ചെയ്താൽ തന്നെ, കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല എന്ന് അറിയാമല്ലോ...

എപ്പോഴെങ്കിലും സ്വന്തം പേര് ഒന്ന് ഗൂഗിൾ ചെയ്തു തിരഞ്ഞു നോക്കിയിട്ടുണ്ടോ? ചിലപ്പോൾ വർഷങ്ങൾക്ക് മുൻപ് ഏതെങ്കിലും ബ്ലോഗിൽ, ഫേസ്ബുക്കിൽ നമ്മൾ നടത്തിയ ഒരു അഭിപ്രായം, പങ്കുവച്ച ചിത്രം ഒക്കെ ഓരോന്നായി കാണാം.. നമ്മുടെ ഒരോ ഇടപെടലും ഒരോ അടയാളങ്ങൾ ആണ്, ഡിജിറ്റൽ ഫൂട്ട്പ്രിന്‍റ്സ്. അതങ്ങിനെ തന്നെ എല്ലാക്കാലവും അവിടെ ഉണ്ടാകും.

 

എല്ലാം എന്‍റെ വ്യക്തിപരമായ കാര്യങ്ങളല്ലേ, എന്ന് ഒരു വാദം തോന്നിയാൽ, തീർത്തും വ്യക്തിപരമായ കാര്യങ്ങൾ തന്നെയാണ്. പക്ഷെ അതിന്‍റെ ഉത്തരവാദിത്തം കൂടി നമുക്കുണ്ട് എന്ന് മാത്രം കൂട്ടിച്ചേർക്കുന്നു. തൊഴിൽദാതാക്കൾ നമ്മുടെ skillset, യോഗ്യത എന്നിവയോടൊപ്പം തന്നെ, കമ്പനിയുടെ കൾച്ചറിന് ചേരുന്ന ആളാണോ, ചേർന്നുപോകാൻ കഴിയുന്ന ആളാണോ എന്നെല്ലാം വിലയിരുത്തുന്നത് സ്വാഭാവികമാണ്.

ഈയിടെ, ഒരു കമ്പനി work from home കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കണ്ടെത്തുകയും, തുടർന്ന് ഒരു യുവതിയുടെ ജോലി നഷ്ടപ്പെടുകയും, വലിയ തുക നഷ്ടപരിഹാരമായി കമ്പനി ഈടാക്കുകയും ചെയ്തതായി വായിക്കുകയുണ്ടായി.

സമൂഹമാധ്യമങ്ങളിൽ ക്രമാതീതമായി സമയം ചിലവഴിച്ച് ഉത്തരവാദിത്തങ്ങൾ മറന്ന് സ്വന്തം ജോലികളിൽ വീഴ്ച വരുത്തുന്നതിലൂടെ തൊഴിൽ നഷ്ടപെടുത്തിയ അനുഭവങ്ങളും ധാരാളം കേട്ടിട്ടുണ്ട്.

 

അതോടൊപ്പം ചേർത്ത് പറയേണ്ട ഒന്നാണ് നമ്മുടെ ഇമേജ് ബിൽഡിങ്. സോഷ്യൽമീഡിയയിലൂടെ ആളുകളെ അളക്കുന്ന കാലമാണ്. ആ അളവുകോലിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്നു, പക്ഷേ ഇന്ന് മനുഷ്യർ അവിടെയാണ്; അവർ നിരന്തരം ഇത്തരം സൈബർ ഇടങ്ങളിൽ ഇടപഴകുന്നവരാണ്. സ്വാഭാവികമായും ആളുകളെ കുറിച്ച് ഒരു സാമാന്യ ധാരണ അവിടെ നിന്ന് രൂപപ്പെടും. നിങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുവാൻ അവസരം നൽകുന്ന ഇത്തരം ഇടങ്ങളെ ഭംഗിയായി, കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം..

ലോകം വളരുകയാണ്.. അതോടൊപ്പം വളരുക.. നിങ്ങളുടെ കരിയറിന് സോഷ്യൽ മീഡിയ ഒരു വില്ലനായി തീരാതെ ഇരിക്കട്ടെ. ഇത്ര കുഴപ്പം പിടിച്ച ഒന്നാണെന്ന് കരുതി ഉപേക്ഷിക്കാൻ ആർക്കെങ്കിലും തോന്നിയാൽ, മുൻപ് സൂചിപ്പിച്ചത് ആവർത്തിക്കട്ടെ. നമ്മളാണ് ഡിസിഷൻ മേക്കർ. നമ്മളെ സോഷ്യലൈസ് ചെയ്യാൻ സഹായിക്കുന്ന സോഷ്യൽ മീഡിയയെ, നമുക്ക് ഉപയോഗപ്രദമായ രീതിയിൽ ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ ശ്രമിക്കാമല്ലോ...

Sreeja Mukundan
Chief Learning Officer
The Evolvers Project 

Tags:    
News Summary - When does social media become a villain in ones career?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.