മൂന്നാറിെൻറ കുളിർ കാറ്റിൽ, രാജമലയുടെ മടിത്തട്ടിൽ വരയാടുകളുടെ വിസ്മയകാഴ്ചകൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾ ഏറെയാണ്. വർഷത്തിൽ ആറ് മാസക്കാലമാണ് ഇരവികുളം ദേശീയ പാർക്ക് സ്ഥിതിചെയ്യുന്ന വരയാട് സങ്കേതത്തിലേക്ക് സഞ്ചാരികൾ ഒഴുകുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് പോലും അവധിക്കാലവും ഹണിമൂൺ ആസ്വാദിക്കാനും വിശേഷദിവസങ്ങളിലും രാജമലയിലെ മടിത്തട്ടിലെത്തുന്നത് നിരവധിപേരാണ്. ഇരവികുളം പാർക്കിലേക്കുള്ള 90 രൂപ പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പും വേറിട്ട കാഴ്ച തന്നെയാണ്. രാവിലെ ഏഴ് മുതൽ വൈകീട്ട് വരെയാണ് സമയം. ടിക്കറ്റെടുത്തവർക്ക് വനം വകുപ്പിെൻറ ഏഴ് മിനി ബസുകൾ പ്രവേശന കവാടത്തിന് സമീപം സഞ്ചാരികളെയും കാത്തിരിക്കും. മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ല. കാടിെൻറ ഇരുണ്ട പച്ചപ്പിൽ കോടമഞ്ഞിെൻറ കുളിർമയിൽ തേയിലത്തോട്ടങ്ങളുടെ ചാരുതയും ആസ്വദിച്ചുള്ള യാത്ര അരമണിക്കൂർ നീളും. ദേശീയ പാർക്കിന് സമീപം ബസുകളിലെ സഞ്ചാരികളെയിറക്കിവിട്ട് നേരത്തെയുള്ളവരെ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് വീണ്ടും ഒരോ ബസുകളും മടങ്ങും. പാർക്കിെൻറ ഗേറ്റിൽവെച്ച് സഞ്ചാരികളുടെ ബാഗുകൾ പരിശോധിച്ചാണ് കടത്തിവിടുന്നത്. വരയാടുകളുടെ സവിശേഷതകൾ വിവരിക്കുന്ന ബോർഡുകൾ വായിക്കാം. പാർക്കിലെ റോഡുകളിലൂടെ പച്ചപ്പിെൻറ പുൽമേടുകൾക്കിടയിൽ ഒറ്റയായോ കൂട്ടമായോ വരയാടുകളെ കാണാം. പരിഭ്രമമോ ഭീതിയോ പ്രകടിപ്പിക്കാതെ കുറ്റിക്കാടുകളിലെ ഇലകളും പുല്ലും തിന്ന് ചുറ്റിനടക്കുന്നു അവ. സഞ്ചാരികളെ കണ്ട് പരിചയമായിരിക്കും. കൊച്ചു കുട്ടികൾക്ക് പോലും തൊട്ട് തലോടാം. കാമറക്ക് ‘പോസ്’ ചെയ്യാൻപോലും അവർ ശീലിച്ചുകഴിഞ്ഞു. രാജമലയുടെ മുകളിലേക്ക് വളഞ്ഞും തിരിഞ്ഞും ചെങ്കുത്തായ വഴികളും താണ്ടി ഒന്നര കിലോമീറ്റർ മുകളിലേക്ക് എത്തിയാൽ പാറമടക്കുകളിൽ വിഹരിക്കുന്ന വരയാടിൻക്കൂട്ടങ്ങളെ കാണാം. ചാറൽ മഴയും കോടമഞ്ഞും വന്നെത്തിയാൽ എല്ലാവരും ഉത്സാഹത്തോടെ പാറമടക്കുകളിൽനിന്ന് തുള്ളിച്ചാട്ടവും ചെങ്കുത്തായ പാറകൾക്ക് മുകളിലൂടെ കയറ്റവും ഇറക്കവും മനോഹര കാഴ്ചയാണ്. 900ത്തോളം വരയാടുകൾ രാജമലയിലുണ്ടെന്നാണ് കണക്ക്. ജൈവവൈവിധ്യങ്ങളുടെ കലവറയായ രാജമല സമുദ്രനിരപ്പിൽനിന്ന് 2695 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
രാജമല, പന്തുമല, ചിന്ന പന്തിമല എന്നീ മേഖലകളിൽ വരയാടുകളുണ്ട്. പക്ഷേ, രാജമലയിലേക്ക് മാത്രമേ വിനോദസഞ്ചാരികൾക്ക് പ്രവേശനമുള്ളൂ. ഇക്കാരണത്താൽ കോർ ഏരിയ, ബഫർ ഏരിയ, ടൂറിസം ഏരീയ ഏന്നീ മേഖലയായി തരംതിരിച്ചിട്ടുണ്ട്. ഇന്ത്യൻ വന്യജീവി സംരക്ഷണനിയമത്തിെൻറ ഒന്നാം വകുപ്പിൽപ്പെടുന്നതാണ് വരയാടുകൾ. ഇക്കാരണത്താൽ അതീവ ശ്രദ്ധയും വരയാടിന് നൽകിവരുന്നു. 40 മുതൽ 100 കിലോ തൂക്കമുള്ള വരയാടുകൾ രാജമലയിലുണ്ട്. വളഞ്ഞ പിന്നോട്ടേക്ക് വളരുന്ന കൊമ്പുകളും കൊമ്പുകളിൽ മോതിരവളയവുമുണ്ടാവും, അറ്റം കൂർത്തതായിരിക്കും. തിളങ്ങുന്ന കണ്ണുകളും തവിട്ട്, കറുപ്പ്, മഞ്ഞ കലർന്ന ശരീരവും. ചെറിയ വരയാടുകൾക്ക് ഇളംതവിട്ട് നിറമോ ചാരനിറമോ ആണ്.
ചെറിയ വാലുകൾ കാണാം. ചെങ്കുത്തായ പാറകൾക്കിടയിലൂടെ കുത്തിപിടിച്ച് താഴോട്ടും മേലോട്ടും സഞ്ചരിക്കാനുള്ള കുളമ്പും വരയാടിെൻറ സവിശേഷതയിൽ ഒന്നാണ്. ശത്രു ആക്രമണത്തിൽനിന്ന് പാറകളിലേക്ക് ഓടിമറിഞ്ഞ് രക്ഷപ്പെടാൻ ഇൗ കുളമ്പുകൾ അവയെ സഹായിക്കും. വേനൽകാലത്തുണ്ടാവുന്ന പെടുന്നനെയുള്ള കാട്ടുതീയും തീറ്റതേടി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളും വരയാടുകൾക്ക് വംശനാശഭീഷണിയായി മാറാറുണ്ട്. വരയാടുകളുടെ പ്രജനന സീസണായതിനാൽ ഇരവികുളം ദേശീയ പാർക്ക് മാർച്ച് അവസാനം വരെ അടച്ചിട്ടിരുന്നു. ഏപ്രിലിൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.