നോവലെഴുത്ത് വളരെ ബുദ്ധിമുട്ടുള്ളതും വേദനയുണ്ടാക്കുന്നതുമായ പ്രവർത്തിയാണ്. വളരെപ്പെട്ടെന്ന് തന്നെ അത് എഴുത്തുകാരനെ അവൻെറ പരിമിതികൾ നേരിൽ ബോദ്ധ്യപ്പെടുത്തും. തൻറെ ഭാഷയുടെ കുറവുകളെക്കുറിച്ചും അകംലോകത്തെ വിഭവശോഷണത്തെക്കുറിച്ചും ചിന്തയിലെ പുതുമയില്ലായ്മയെപ്പറ്റിയും നിരന്തരം ഓർമ്മിപ്പിക്കും. തന്നെത്തന്നെ അനുകരിക്കുന്നുണ്ടോയെന്ന് ആശങ്കപ്പെടുത്തും. നോവലെഴുതാനിരിക്കുമ്പോൾ അതുവരെ ലഭിച്ച അവാർഡുകളും പ്രശംസാവചനങ്ങളും അർത്ഥമില്ലാത്തതായി നമുക്ക് തോന്നും. കാരണം ആ സമയത്ത് അതൊന്നും അല്പവും സഹായം ചെയ്യില്ല. മറിച്ച് ബാദ്ധ്യതയാകാൻ ഇടയുണ്ട് താനും.
നോവലെഴുതുമ്പോൾ എഴുത്തുകാരൻ ബാല്യത്തിൻറേയും കൌമാരത്തിൻറേയും ഇടയ്ക്ക് നിൽക്കുന്ന പതിമൂന്നുവയസ്സുകാരൻ കുട്ടിയെപ്പോലെ നിസ്സഹായനാണ്. അയാളുടെ മുന്നിൽ എഴുതി നിറയ്ക്കാനുള്ള ശൂന്യമായ പേജ് മാത്രമേയുള്ളൂ. അയാൾ തികച്ചും ഒറ്റയ്ക്കാണ്. നീന്തലറിയാതെ നടുക്കടലിൽ പെട്ടുപോയവൻറെ അവസ്ഥയാണ് അയാൾക്ക്. ഒരാശ്രയവുമില്ലാതെ തനിയേ എങ്ങിനെയെങ്കിലും കരപറ്റണം. ഓരോ നിമിഷവും പരാജയം ഉണ്ടായിക്കഴിഞ്ഞതായും ഇനി മുന്നോട്ട് പോകാനാവില്ലെന്നും തോന്നിക്കും. അതിനിടയിലെപ്പോഴെങ്കിലും പെട്ടെന്ന് തീർന്നുപോകാവുന്ന ആശ്വാസങ്ങൾ അനുഭവപ്പെട്ടാലായി.
അതുകൊണ്ടുതന്നെ ഓരോ നോവലെഴുത്തും നമ്മളെ മാറ്റിത്തീർക്കുന്നുണ്ട്. വലിയ കാലയളവിലെ അനുഭവങ്ങൾ താണ്ടിക്കഴിയുമ്പോൾ എഴുത്തുകാരൻ വേറൊരാളായിരിക്കും. അയാൾ പുതുക്കപ്പെട്ടയാളും തൻറെ എഴുത്തിനെക്കുറിച്ച് കൂടുതൽ വിനയാന്വിതനുമായിത്തീരും. അക്കാരണത്താൽ മീശയേയും ആഗസ്റ്റ് 17 നേയും പോലെ പട്ടുനൂൽപ്പുഴുവിൻറെ എഴുത്തും എൻറെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ട്. നീന്തിക്കയറിയതിൻറെ ആശ്വാസത്തിലാണ് ഇപ്പോൾ ഞാൻ. പിറകോട്ടു തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവുമുണ്ട്. കാരണം എന്നെക്കൊണ്ടത് സാധിച്ചു എന്ന ചിന്ത തന്നെ. അല്പം കഴിഞ്ഞ് ഇനിയും നടുക്കടലിൽ ചാടാൻ ഞാൻ തയ്യാറാണ്.
പട്ടുനൂൽപ്പുഴു ഞാൻ ആദ്യം എഴുതാനിരുന്ന നോവലാണ്. പക്ഷേ നമ്മൾ തീർച്ചപ്പെടുത്തുന്ന പോലെയല്ലല്ലോ പലപ്പോഴും കാര്യങ്ങൾ നടപ്പിൽ വരിക. ഇപ്പോൾ ആലോചിക്കുമ്പോൾ ഈ നോവൽ എഴുതേണ്ടിയിരുന്ന ശരിയായ സമയം ഇതുതന്നെയാണെന്ന് തോന്നുന്നു. കാരണം കുറച്ചുവർഷം മുൻപായിരുന്നെങ്കിൽ ഇത് വേറൊരു പുസ്തകമായേനെ. കാരണം ഈ കാലയളവ് എനിക്ക് വേറെ രണ്ട് നോവലുകൾ പൂർത്തിയാക്കിയതിൻറെ അനുഭവങ്ങൾ തന്നു. കൂടുതൽ നല്ല പുസ്തകങ്ങൾ വായിച്ചത് എഴുത്തിനോടുള്ള സമീപനത്തെ മാറ്റി. കണ്ടുമുട്ടിയ പുതിയ മനുഷ്യർ ജീവിതം കൂടുതൽ പഠിപ്പിച്ചുതന്നു. ഓരോ പുസ്തകവും അതാത് കാലത്തേയും സ്ഥലത്തേയും നിർമ്മിതിയാണ്. പട്ടുനൂൽപ്പുഴു ഇപ്പോഴത്തെ ഞാൻ എഴുതിയതാണ്. അതുകൊണ്ട് ഇപ്പോളെനിക്ക് പ്രിയപ്പെട്ട പുസ്തകവും ഇതുതന്നെയാണ്.
എഴുത്തിലെ മാറ്റങ്ങൾ വായനക്കാരാണ് ചൂണ്ടിക്കാണിക്കേണ്ടത്. എങ്കിലും മീശയേയും ആഗസ്റ്റ് 17 നേയും അപേക്ഷിച്ച് ഏറെ വ്യത്യാസപ്പെട്ട നോവലാണ് പട്ടുനൂൽപ്പുഴുവെന്ന് ഞാൻ കരുതുന്നു. ആദ്യത്തേത് രണ്ടും കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞ എഴുത്തുകളായിരുന്നു. പക്ഷേ ഇത് വളരെക്കുറച്ച് കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മീശയിൽ കുട്ടനാട്ടിലെ ജീവലോകവും ലാബ്രിന്ത് പോലുള്ള സ്ഥലവും നിറഞ്ഞ് നിൽക്കുന്നു. ആഗസ്റ്റ് 17 ലാകട്ടെ ചരിത്രസംഭവങ്ങളുടെ കുഴമറിച്ചിലാണ്. വ്യക്തമായി രാഷ്ട്രീയം സംസാരിക്കുന്നതും ശബ്ദം മുഴക്കത്തോടെ കേൾപ്പിക്കുന്നതുമാണ് ആ നോവലുകൾ. എന്നാൽ പട്ടുനൂൽപ്പുഴു അങ്ങനെയല്ല.
ഓരോ എഴുത്തുകാരനും കുറച്ചുനാൾ കൊണ്ട് ആർജ്ജിച്ചെടുത്ത സുഖകരവും സുരക്ഷിതവുമായ ഒരു എഴുത്തുരീതിയുണ്ട്. കഥകളിലൂടെയും രണ്ട് നോവലുകളിലൂടെയും തുടർന്നുവന്ന സമ്പ്രദായങ്ങൾ ഇതിൽ ഉപേക്ഷിക്കേണ്ടിവരുമെന്ന് എഴുതിത്തുടങ്ങും മുൻപേ ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. കാരണം പട്ടുനൂൽപ്പുഴു വേറൊന്നാണ് ആവശ്യപ്പെടുന്നത്. മീശയ്ക്കും ആഗസ്റ്റ് 17നും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രത്യേകതകൊണ്ട് കുറച്ചധികം പഠനങ്ങളും യാത്രകളും വേണ്ടിവന്നിരുന്നു. പട്ടുനൂൽപ്പുഴുവിൻറെ എഴുത്തിനുവേണ്ടിയും ഞാൻ യാത്രചെയ്തു. പക്ഷേ അത് ഉള്ളിലേക്കാണെന്ന് മാത്രം. കാരണം ഇതിലെ പ്രധാന കഥാപാത്രങ്ങൾ തങ്ങൾക്കുള്ളിലേക്ക് നിരന്തരം സഞ്ചരിക്കുന്നവരാണ്.
സിനിമയിൽ വൈഡ് ഷോട്ടുകളും ക്ലോസ് ഷോട്ടുകളുമുണ്ട്. ദൂരെനിന്നുള്ള ചിത്രീകരണം അതിമനോഹരമാക്കാൻ നമുക്ക് പറ്റും. അതോടൊപ്പം ആഖ്യാതാവ് കാര്യങ്ങളെ മാറിനിന്ന് നോക്കുകയാണെന്ന പ്രതീതിയും ഉണ്ടാക്കാം. ഹ്യൂമർ ഫലപ്രദമായി അവിടെ പ്രയോഗിക്കാനും പറ്റും. കാരണം ദൂരെക്കാണുന്ന കഥാപാത്രങ്ങളോട് നമുക്ക് അധികം അടുപ്പം ഉണ്ടാകില്ല. ഒരാളിലേക്ക് അടുക്കും തോറും നമുക്ക് അയാളെക്കണ്ട് ചിരിക്കാൻ തോന്നില്ല. മാറിനിന്ന് അയാളെ വീക്ഷിക്കുമ്പോൾ ചിരി വരികയും ചെയ്യും. കഥാപാത്രങ്ങളോട് അടുപ്പവും വൈകാരികാഭിമുഖ്യവും ഉണ്ടാകണമെങ്കിൽ ക്ലോസ് ഷോട്ടുകളാണ് നല്ലത്. അവർ തങ്ങളായിത്തീരുന്നതുപോലെ കാണികൾക്ക് തോന്നും. മീശ ഏറെക്കുറെ പൂർണ്ണമായും അകന്നുനിന്നുള്ള കാഴ്ചയായിരുന്നു. ആഗസ്റ്റ് 17ഉം ഭാഗികമായി അങ്ങനെയാണ്. എന്നാൽ പട്ടുനൂൽപ്പുഴുവിലാകട്ടെ പൂർണ്ണമായും അടുത്തുനിന്നുള്ള കാഴ്ചയ്ക്കാണ് എഴുത്തുകാരനെന്ന നിലയിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്.
ഈ നോവലിൽ ചില വലിയ എഴുത്തുകാരുടെ കഥാപാത്രങ്ങളുടെ പേരുകൾ ഉപയോഗിച്ചിട്ടുണ്ട്. പരേതരായ അവർ ക്ഷമിക്കട്ടെ. ഇത് അവർക്കുള്ള ആദരവ് കൂടിയാണ്. മീശയെക്കുറിച്ച് ഇ പി രാജഗോപാൽ മാഷ് പറഞ്ഞകാര്യം ഇപ്പോൾ ഓർക്കുന്നു. ‘മീശയിൽ പലതുമുണ്ട്. ഏകാന്തത ഇല്ല.’ പക്ഷേ പട്ടുനൂൽപ്പുഴുവിലാകട്ടെ ഏകാന്തത മാത്രമേ ഉള്ളൂ. ദുരിതങ്ങളുടെ കൊക്കൂണിൽ ഒറ്റയ്ക്കാണ് ഇതിലെ കഥാപാത്രങ്ങൾ. എൻറെ മുൻ എഴുത്തുകളെ സ്നേഹിച്ച വായനക്കാർ പട്ടുനൂൽപ്പുഴുവിനേയും സ്വീകരിക്കുമെന്ന് കരുതുന്നു.
ഈ നോവലിൻറെ ആദ്യഘട്ട എഡിറ്റിംഗിന് സഹായിച്ച ജയചന്ദ്രൻ ആർ, കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട അഭിപ്രായങ്ങൾ പറഞ്ഞ അഷ്ടമൂർത്തി ദേശമംഗലം, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, ഇ സന്തോഷ് കുമാർ, മനോഹരമായി കവർ ഡിസൈൻ ചെയ്ത സുഹൃത്ത് അഭിലാഷ് ചാക്കോ എന്നിവർക്ക് നന്ദി പറയുന്നു. എപ്പോഴും ഒപ്പം നിൽക്കുന്ന കുടുംബാംഗങ്ങൾക്കും ഡിസി ബുക്സിനും കൂടി നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.